ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ്

Posted on: June 28, 2013 6:00 am | Last updated: June 28, 2013 at 12:39 am
SHARE

siraj copyകാലവര്‍ഷം അതിശക്തമായി തുടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, വയനാട്, കോഴിക്കോട്, ഇടുക്കി, കോട്ടയം ജില്ലകളില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുള്ളതായി ദുരന്ത സാധ്യതാ അപഗ്രഥന സെല്‍ (എച്ച് വി ആര്‍ ഐ) മുന്നറിയിപ്പ് നല്‍കിയിരിക്കയാണ.് ഇപ്പോഴത്തെ മഴയുടെ ശക്തി കുറഞ്ഞാല്‍ തന്നെയും ഉരുള്‍ പൊട്ടലിനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ ഗവേഷണ വിഭാഗമായ എച്ച് വി ആര്‍ ഐ മേധാവി ഡോ. ശേഖര്‍ എല്‍ കുര്യാക്കോസ് റവന്യൂ വകുപ്പിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 
കാലങ്ങളായി കേരളീയര്‍ കണ്ടും കേട്ടും അനുഭവിച്ചും വരുന്നതാണ് ഉരുള്‍പൊട്ടല്‍. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ എല്ലാ വര്‍ഷവും ഇതാവര്‍ത്തിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇടുക്കിയിലും കണ്ണൂരിലെ ഇരിട്ടിയിലും കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലിലും ഉരുള്‍പൊട്ടലുണ്ടായി. മഴക്കാലം സംസ്ഥാനത്തെ മലയോര നിവാസികളുടെ ഉറക്കമില്ലാ നാളുകളാണ്. പ്രകൃതി ദുരന്തങ്ങളെ തടുക്കാന്‍ മനുഷ്യനാകില്ല. എന്നാല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചാല്‍ അത് സൃഷ്ടിക്കുന്ന നാശനഷ്ടങ്ങള്‍ കുറക്കാനാകും. എന്നാല്‍ വര്‍ഷാന്തം ഉരുള്‍പൊട്ടലുണ്ടാകുമ്പോള്‍ ദുരന്തനിവാരണങ്ങള്‍ക്കുള്ള പദ്ധതിപ്രഖ്യാപനങ്ങള്‍ ആവര്‍ത്തിക്കുകയല്ലാതെ സമയബന്ധിതമായി അവ നടപ്പിലാക്കുന്നില്ല.
വലിയൊരളവോളം ദുരന്തങ്ങള്‍ക്ക് കാരണം മനുഷ്യപ്രവര്‍ത്തനങ്ങള്‍ തന്നെയാണ്. പ്രകൃതിക്കെതിരെ മനുഷ്യന്‍ കയ്യോങ്ങുമ്പോള്‍ ദുരന്തങ്ങളുടെ രൂപത്തില്‍ അവ തിരിച്ചടിക്കുകയാണെന്ന് പരിസ്ഥിതി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പ്രകൃതിയുടെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുന്നതില്‍ മരങ്ങള്‍ക്ക് മികച്ച പങ്കുണ്ട്. മഴ കനക്കുമ്പോള്‍ ഉയര്‍ന്ന പ്രദേശങ്ങളിലെ മണ്ണുകളെ താങ്ങിനിര്‍ത്തുന്നത് മരങ്ങളുടെ വേരുകളാണ്. മരങ്ങള്‍ വെട്ടിമാറ്റി കാടുകള്‍ വെളുപ്പിക്കുമ്പോള്‍ സംരക്ഷണത്തിന് സംവിധാനമില്ലാതെ മലകളില്‍ ഉരുള്‍പൊട്ടുകയും മണ്ണും കല്ലുകളും കുത്തിയൊലിച്ചു താഴേക്ക് പതിക്കുകയും ചെയ്യുന്നു. പ്രകൃതി കൈയേറ്റങ്ങള്‍ തടയാന്‍ നിയമങ്ങളുണ്ടെങ്കിലും നടപ്പാക്കുന്നതില്‍ ഭരണകൂടങ്ങള്‍ കടുത്ത അനാസ്ഥയാണ് കാണിക്കുന്നത്. ഏതെങ്കിലും ഉദ്യോഗസ്ഥര്‍ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ കൈയേറ്റ മാഫിയ അധികൃതരെ സ്വാധീനിച്ച് അയാളെ മൂലക്കിരുത്തുകയും ചെയ്യും. മൂന്നാറിലെ കൈയേറ്റക്കാരെ ഒഴിപ്പിക്കാന്‍ നടപടി സ്വീകരിച്ചപ്പോഴുണ്ടായ പുകിലുകള്‍ കേരളീയര്‍ കണ്ടതാണ്.
മഴക്കെടുതിയും ഉരുള്‍പൊട്ടലും ഉള്‍പ്പെടെയുള്ള ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്ത് ക്രൈസിസ് മാനെജ്‌മെന്റ് പ്ലാനും ദുരന്തപ്രതിരോധ സംഘവും രൂപവത്കൃതമായിട്ടുണ്ടെങ്കിലും പൂര്‍ണ തോതില്‍ പ്രവര്‍ത്തനക്ഷമമല്ല ഇപ്പോഴും. ഇന്ത്യയില്‍ ക്രൈസിസ് മാനേജ്‌മെന്റ് പ്ലാന്‍ ആദ്യമായി തയ്യാറാക്കിയത് കേരളത്തിലാണ് . വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു രക്ഷാപ്രവര്‍ത്തനം ഫലപ്രദമായ രീതിയില്‍ നടത്തുകയാണ് പദ്ധതി വിഭാവനം ചെയ്യുന്നതെങ്കിലും ശരിയായ തോതിലുള്ള ഏകോപനം ഉണ്ടായിട്ടില്ല.
മഴക്കാല കെടുതികള്‍ക്കുള്ള പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കേണ്ടത് കാലവര്‍ഷത്തിന് മുമ്പാണ്. ഭൂചലനവും സുനാമിയും പോലെ അപ്രതീക്ഷിതമായി ഉണ്ടാകുന്നതല്ല കാലവര്‍ഷവും അനുബന്ധ ദുരന്തങ്ങളും. ഏത് സമയത്താണ് മഴ ആരംഭിക്കുന്നതെന്ന് വ്യക്തയായ ധാരണ നമുക്കുണ്ട്. എന്നിട്ടും മഴക്കാലം തുടങ്ങി ദുരന്തങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോഴാണ് അധികൃതര്‍ കണ്ണ് തുറക്കുന്നത്. എച്ച് വി ആര്‍ ഐ ഇപ്പോള്‍ ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് നല്‍കിയ പ്രദേശങ്ങള്‍ മുമ്പ് പലപ്പോഴും ദുരന്തങ്ങള്‍ക്കിരയായതാണ്. പക്ഷേ, അനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാനുള്ള വിവേകവും കാര്യക്ഷമതയും ബന്ധപ്പെട്ടവര്‍ കാണിക്കാറില്ലല്ലോ. ദുരന്ത സാധ്യതാ അപഗ്രഥന സെല്ലിന്റെ മുന്നറിയിപ്പ് കണക്കിലെടുത്തെങ്കിലും സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്. മലയോര പാതകളിലും ആഴമേറിയ നദികള്‍ക്ക് സമീപവും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുക, ഏതെങ്കിലും ഭാഗത്ത് നീരൊഴുക്കിന് തടസ്സമുണ്ടെങ്കില്‍ അത് നീക്കുക, കൃഷിഭൂമികളോട് ചേര്‍ന്നുള്ള നദികളുടെയും ചാലുകളുടെയും കരകളില്‍ വേരുകള്‍ ആഴ്ന്നിറങ്ങുന്ന ഇഞ്ചിപ്പുല്ല്, രാമച്ചം പോലുള്ള ചെടികളും മരങ്ങളും വെച്ചുപിടിപ്പിക്കുക തുടങ്ങിയ പദ്ധതികള്‍ സെല്‍ റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നുണ്ട്. ദുരന്തങ്ങളില്‍ അകപ്പെടുന്നവര്‍ക്കു യഥാസമയം ചികിത്സയും സഹായവും ലഭ്യമാക്കുന്നതിനും അവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുമുള്ള സംവിധാനങ്ങളും മുന്‍കൂട്ടി സജ്ജീകരിക്കേണ്ടതുണ്ട്.