Connect with us

Articles

പ്രളയ ദുരിതത്തിലും മോഡി മാജിക്ക്‌

Published

|

Last Updated

കാമോത്തേജക ന്യൂസ് അവറുകളാല്‍ കേരളം രോമാഞ്ചപുളകിതമായിക്കൊണ്ടിരുന്നപ്പോള്‍, ഇന്ത്യയുടെ വടക്കു വടക്കേ അറ്റത്ത് ഹിമാലയം പൊട്ടിയൊലിക്കുകയായിരുന്നു. “ഹിമാലയന്‍ സുനാമി” എന്നൊക്കെയാണ് മാധ്യമങ്ങള്‍ അതിനെ വിശേഷിപ്പിച്ചത്. നൂറു കണക്കിനാളുകള്‍ മരണപ്പെട്ടു. ആയിരങ്ങള്‍ എവിടെയൊക്കെയോ ഒറ്റപ്പെട്ടു. മലകളും കുന്നിന്‍ ചരുവുകളും ഗ്രാമങ്ങളും നഗരങ്ങളും മനുഷ്യരും കന്നുകാലികളും കൃഷിസ്ഥലങ്ങളും ജലസേചനത്തോടുകളും വീട്ടുകിണറുകളും അണക്കെട്ടുകളും റോഡുകളും പാലങ്ങളും കെട്ടിടങ്ങളും എന്നു വേണ്ട പ്രകൃതിയിലുള്ളതും മനുഷ്യര്‍ നിര്‍മിച്ചതുമായ എല്ലാം വെള്ളപ്പൊക്കത്തില്‍ ഒലിച്ചു പോയി. ഇന്റര്‍ ഗവണ്മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച്(കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള സര്‍ക്കാറുകള്‍ക്കിടയിലെ അന്താരാഷ്ട്ര പാനല്‍), ആഗോള താപനത്തെ തുടര്‍ന്ന് ഇത്തരത്തിലുള്ള പ്രകൃതിദുരന്തങ്ങള്‍ ഇനിയുള്ള കാലത്ത് എപ്പോഴും ഉണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. പരിസ്ഥിതി ദുര്‍ബലപ്രദേശമായ ഹിമാലയന്‍ മലനിരകളിലും മലയോരങ്ങളിലും അടിവാരങ്ങളിലും വികസനവും വിനോദസഞ്ചാരവും തീര്‍ഥാടനങ്ങളും ആസൂത്രണം ചെയ്യുമ്പോള്‍ ഇക്കാര്യങ്ങളൊക്കെ കണക്കിലെടുക്കണമെന്ന് ആരെങ്കിലും അഭിപ്രായപ്പെട്ടാല്‍ അവരെ പരിസ്ഥിതി മൗലികവാദികള്‍ എന്ന് പരിഹസിച്ച് ആര്‍ത്തട്ടഹസിക്കാനാണ് പലരും മുന്‍കാലങ്ങളില്‍ തുനിഞ്ഞത്. 1970കളില്‍ തന്നെ ചിപ്‌കോ പ്രസ്ഥാനവുമായി പരിസ്ഥിതി/പ്രകൃതി സംരക്ഷണത്തിനായി മുന്നിട്ടിറങ്ങിയ സുന്ദര്‍ലാല്‍ ബഹുഗുണയെപ്പോലുള്ളവര്‍ ഇത്തരം ദുരന്തങ്ങളെക്കുറിച്ച് ഓര്‍മപ്പെടുത്തിക്കൊണ്ടേയിരുന്നെങ്കിലും അദ്ദേഹത്തെ വാഴ്ത്തുകയും ഇകഴ്ത്തുകയും മാത്രം ചെയ്തുകൊണ്ട് നാം ലാഭങ്ങളുടെ വഴിയെ മുന്നേറി!
ഹിന്ദുക്കളുടെ പുണ്യകേന്ദ്രമെന്നറിയപ്പെടുന്ന ചാര്‍ ധാം അമ്പലങ്ങള്‍ ഉത്തരാഖണ്ഡിലാണ് സ്ഥിതി ചെയ്യുന്നത്. യമുനോത്രി, ഗംഗോത്രി, കേദാര്‍നാഥ്, ബദ്രിനാഥ് എന്നിവയാണീ ക്ഷേത്രങ്ങള്‍. പതിനായിരക്കണക്കിന് തീര്‍ഥാടകര്‍ ഇന്ത്യക്കകത്തുനിന്നും പുറത്തുനിന്നുമായി ഇവിടേക്ക് ഒഴുകുക പതിവാണ്. ഈ ക്ഷേത്രങ്ങളെ മുന്‍നിര്‍ത്തിയുള്ള തീര്‍ഥാടന വ്യവസായമാണ് ഉത്തരാഖണ്ഡിന്റെ പ്രധാന വരുമാന സ്രോതസ്സെന്നും പറയാം. പതിമൂന്ന് വര്‍ഷം മുമ്പാണ് ഈ സംസ്ഥാനം രൂപവത്കരിക്കപ്പെട്ടത്. സത്യത്തില്‍, നൂതനവും പരിസ്ഥിതി സൗഹൃദപരവും തീര്‍ഥാടനത്തെ തടയാത്തതുമായ സമഗ്രമായ ഒരു വികസനാസൂത്രണമായിരുന്നു ഇവിടെ നടപ്പാക്കേണ്ടിയിരുന്നത്. എന്നാലവിടെയും പരമ്പരാഗതമായ വികസന സങ്കല്‍പ്പം തന്നെയാണ് യാഥാര്‍ഥ്യമായത്. റോഡുകള്‍, അണക്കെട്ടുകള്‍, തുരങ്കങ്ങള്‍, പാലങ്ങള്‍, പിന്നെയെവിടെയും കെട്ടിടങ്ങള്‍ എന്നിങ്ങനെത്തന്നെയായിരുന്നു ആ വികസനം. ജലവൈദ്യുത പദ്ധതികളും ഹോട്ടലുകളും ഭൂമാഫിയയും റിയല്‍ എസ്റ്റേറ്റുകാരും എല്ലാം ചേര്‍ന്ന് ഹിമാലയത്തെ ഹിമാലയന്‍ കൊള്ളക്ക് വിധേയമാക്കുകയായിരുന്നു, വികസനമെന്ന ഓമനപ്പേരിലൂടെ. അതെല്ലാം ഒറ്റയടിക്ക് തകര്‍ന്നടിഞ്ഞിരിക്കുന്നു.
ഇപ്പോള്‍ ദുരന്തമാണ്. അപ്പോഴെന്തു ചെയ്യണം? ദുരന്ത നിവാരണം. അതിനുള്ള വല്ല പദ്ധതിയോ പ്രാഗത്ഭ്യമോ നമുക്കുണ്ടോ? അവിടെയും കൊള്ളയും പിടിച്ചുപറിയും ആളാകലും വി ഐപി സ്‌ഫോടനങ്ങളും തന്നെയാണ് നമ്മുടെ അശ്ലീലരീതികള്‍. പതിനായിരക്കണക്കിന് തീര്‍ഥാടകരെ രക്ഷിക്കുന്നു എന്നാണ് വാര്‍ത്തകള്‍ കാണിക്കുന്നത്. ഇതിനകം ഒരു ലക്ഷത്തോളം തീര്‍ഥാടകരെയും വിനോദ സഞ്ചാരികളെയും ഹെലികോപ്ടര്‍ വഴിയും വിമാനം വഴിയും മറ്റ് വാഹനങ്ങള്‍ വഴിയും അവരവരുടെ നാടുകളിലേക്കെത്തിക്കാനായി എന്നാണ് അവകാശവാദങ്ങള്‍. ഇക്കാര്യത്തില്‍, ഇന്ത്യന്‍ സൈനിക വിഭാഗങ്ങളും അര്‍ധ സൈനിക ട്രൂപ്പുകളും ചെയ്ത നിസ്തുലമായ സേവനങ്ങളെ വിലമതിക്കുക തന്നെ വേണം. എന്നാല്‍, ഇതിനിടയില്‍ വിസ്മരിക്കപ്പെട്ടു പോകുന്ന ചില യാഥാര്‍ഥ്യങ്ങളുണ്ട്. തീര്‍ത്ഥാടക സീസണില്‍, ഗൗരി കുണ്ഡ് മുതല്‍ കേദാര്‍നാഥ് വരെയുള്ള പതിനാല് കിലോമീറ്റര്‍ ട്രക്കിംഗ് വീഥിയില്‍ റെയിന്‍ കോട്ടുകളും കുടകളും പാത്രങ്ങളും കാനുകളും ഊന്നു വടികളും ശീതളപാനീയങ്ങളും കുടിവെള്ളക്കുപ്പികളും ചില്ലറ പലഹാരങ്ങളും വില്‍ക്കുന്നവര്‍, വഴിയോര ധാബകളില്‍ പണിയെടുക്കുന്നവര്‍, കുട്ടികളെയും മുതിര്‍ന്നവരെയും കെല്‍പില്ലാത്തവരെയും മുതുകത്തേറ്റി മല കയറുന്നവര്‍, കുതിര വണ്ടിക്കാര്‍ എന്നിങ്ങനെ ആയിരങ്ങളാണ് സംസ്ഥാനത്തു നിന്നും പുറത്തു നിന്നുമായി പണിയെടുക്കാനായി ഇവിടങ്ങളിലെത്തുന്നത്. അവരെവിടെപ്പോയി? അവരെ ആര് സംരക്ഷിക്കും? അവര്‍ക്ക് കണക്കുകളൊന്നുമില്ല. ചിലപ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പോലുമുണ്ടാകില്ല. ഹിമാലയം പൊട്ടിയൊലിച്ചപ്പോള്‍ അവരെല്ലാം അതിനടിയില്‍ പെട്ടു പോയെന്നോ? മന്ദാകിനി താഴ്‌വരയിലെ മിക്ക ഗ്രാമത്തില്‍ നിന്നും ഇത്തരം പണിക്കാര്‍ തീര്‍ഥാടനകാലത്ത് അവിടേക്ക് പോയിട്ടുണ്ട്. അവരൊന്നും തിരിച്ചെത്തിയിട്ടില്ല. ഗുപ്ത് കാശിയില്‍ നിന്നു മാത്രം എഴുപത്തെട്ടാളുകളെയാണ് കാണാതായിരിക്കുന്നത്. ഇതിനിടയിലാണ് മലയാളികളെ തിരിച്ചെത്തിച്ചില്ല എന്നും പറഞ്ഞ് ചില സന്യാസിമാരും ചില നേതാക്കളും കൂവി വിളിക്കുന്നത്. എങ്ങനെയാണ് അവിടെ പോയി മലയാളികളെ മാത്രം രക്ഷിച്ചു കൊണ്ടു വരുന്നത്? ദുരന്ത കാലത്തും ഒരു തമാശ പറയട്ടെ. മലയാളികളെ രക്ഷിക്കാനായി ഉത്തരാഖണ്ഡിലെത്തിയ “രക്ഷിപ്പോം സംഘം” കുറെയാളുകളെ കണ്ടു മുട്ടി എന്നു വിചാരിക്കുക. കൈയിലുള്ള ചൂരല്‍വടി കൊണ്ട് അവര്‍ക്ക് നല്ല അടി വെച്ചു കൊടുക്കുന്നു. അതില്‍ അമ്മേ അമ്മേ എന്ന് മലയാളത്തില്‍ നിലവിളിക്കുന്നവരെ തെരഞ്ഞു പിടിച്ച് കേരളത്തിലെത്തിക്കുന്നു.
ഇത്തരം പണി ഒരാള്‍ വിജയകരമായി ചെയ്തു. അയാളുടെ പേരാണ് നരേന്ദ്ര മോഡി. റാംബോ എന്നാണ് ഈ രക്ഷപ്പെടുത്തല്‍ തന്ത്രത്തിലൂടെ മോഡിക്ക് പുതിയ പേര് വീണിരിക്കുന്നത്. പതിനയ്യായിരം ഗുജറാത്തികളെയാണ് ജൂണ്‍ 21 വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ചക്കകം മോഡി രക്ഷപ്പെടുത്തിയിരിക്കുന്നത്! കുറച്ചധികം ഐ എ എസ്, ഐ പി എസ് ആപ്പീസര്‍മാരുമായി ഡെറാഡൂണില്‍ പറന്നിറങ്ങിയ മോഡി പതിനയ്യായിരം ഗുജറാത്തികളെ തിരഞ്ഞുപിടിച്ച് സംസ്ഥാനത്തെത്തിച്ചു. ഒരു കാര്യം ഉറപ്പാണ്. ഗുജറാത്തികളല്ലാത്തവരാരും ആ സംസ്ഥാനത്തേക്ക് പോയിട്ടുണ്ടാകില്ല. അവിടെ വികസനം കെങ്കേമമാണല്ലോ! എണ്‍പത് ഇന്നോവകളാണ് മോഡി നിരത്തിലിറക്കിയതത്രെ. റോഡുകള്‍ തന്നെ ഒലിച്ചു പോയിടത്ത് ഇറക്കിയ ഈ ഇന്നോവകള്‍ക്ക് ചക്രങ്ങള്‍ക്കു പുറമെ ചിറകുകളും ഉണ്ടായിരിക്കും എന്നു നമുക്ക് വിശ്വസിക്കാം. ഡ്രൈവറടക്കം ഏഴാളുകളെയാണ് ഒരു ഇന്നോവയില്‍ കൊള്ളുക. ഒന്നു കൂടി അമര്‍ത്തിപ്പിടിച്ചാല്‍ ഒമ്പതാളെ കൊള്ളും. അതായത് എണ്‍പത് ഇന്നോവകളിലായി 720 ആളുകളെ രക്ഷിച്ചു കൊണ്ടുവരാമെന്നര്‍ഥം. അപ്പോള്‍ പതിനയ്യായിരം ആളുകളെ കൊണ്ടുവരാനായി ഇരുനൂറ്റിപ്പത്തു വട്ടം ഓരോ ഇന്നോവയും ഓടിയിട്ടുണ്ടാകണം. ഡെറാഡൂണില്‍ നിന്ന് കേദാര്‍ നാഥിലേക്ക് 221 കിലോമീറ്ററാണ് ദൂരം. മല റോഡായതിനാല്‍, നാട്ടിലേതു പോലെ സ്പീഡ് കിട്ടില്ല. അതായത്, ഓരോ ഇന്നോവയും 9300 കിലോമീറ്റര്‍ ഓടിയാലേ പതിനയ്യായിരം ആളുകളെ ഡെറാഡൂണിലെത്തിക്കാന്‍ കഴിയൂ. നാല്‍പത് കിലോമീറ്റര്‍ സ്പീഡിലോടിയാലും 233 മണിക്കൂറുണ്ടെങ്കില്‍, അതും ഒറ്റ നിമിഷം വിശ്രമമില്ലാതെ, മാത്രമേ ഇത്രയും ദൂരം ഒരു വണ്ടി ഓടിയെത്താന്‍ കഴിയൂ. അതായത് പത്ത് ദിവസം. പത്ത് ദിവസത്തെ കാര്യം ഒന്നര ദിവസം കൊണ്ട് കഴിക്കുന്ന മാജിക്കാണ് മോഡി നടത്തിയത് എന്നു ചുരുക്കം.
അതെന്തായിരുന്നു ആ മാജിക്? മറ്റൊന്നുമല്ല. ഗീബല്‍സിയന്‍ നുണ പ്രചാരണം തന്നെ. അതിനായി ഏര്‍പ്പെടുത്തിയ അമേരിക്കന്‍ കമ്പനിയാണ് ആപ്‌കോ വേള്‍ഡ് വൈഡ്. 2007 മുതല്‍ ഈ കമ്പനിയാണ് മോഡിയുടെ പ്രചാരണവും പബ്ലിക് റിലേഷനും മറ്റും നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു മാസത്തെ വാടക ഇരുപത്തയ്യായിരം ഡോളര്‍ മാത്രം. വിലയിടിഞ്ഞു കൊണ്ടിരിക്കുന്ന രൂപയുടെ രൂപത്തിലേക്ക് മാറ്റി നോക്കിയാല്‍ പതിനഞ്ച് ലക്ഷം രൂപ മാത്രം. എന്തതിശയമേ! സിയോണിസ്റ്റുകള്‍ തുടങ്ങി ലോകത്തെ മിക്ക ജനവിരുദ്ധ ഭരണകൂടങ്ങളെയും പ്രചാരണത്തിലൂടെ താങ്ങി നിര്‍ത്തുന്ന ഏജന്‍സിയാണ് ആപ്‌കോ.
ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ പോകുന്ന മോഡി, ഗുജറാത്തികളെ മാത്രം രക്ഷിക്കുന്നതില്‍ വീമ്പടിക്കുന്നതിനെ ബി ജെ പി സഖ്യകക്ഷിയായ ശിവസേന തന്നെ അപലപിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം സേനയുടെ മുഖപത്രമായ സാമ്‌ന എഴുതിയ മുഖപ്രസംഗത്തില്‍ മോഡിയുടെ പ്രചാരണ തന്ത്രത്തെ പൊളിച്ചടുക്കിയിരിക്കുന്നു. ഇന്ത്യന്‍ ആര്‍മിയും ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസുമാണ് രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നത്. അവര്‍, സംസ്ഥാനത്തിന്റെ പേരിലും മതത്തിന്റെ പേരിലും ആരെയും വിഭജിക്കാതെ കിട്ടിയവരെയെല്ലാം രക്ഷിക്കുകയാണ് ചെയ്തത്. അവര്‍ക്കിടയിലേക്കാണ്, മോഡി സംസ്ഥാനത്തിന്റെയും മതത്തിന്റെയും ചൂരലുമായി ചാടി വീണ് ഇരകളെ നിലവിളിപ്പിച്ച് അടര്‍ത്തിയെടുക്കുന്ന മാജിക്ക് പുറത്തെടുത്തിരിക്കുന്നത്. ഈ റാംബോയുടെ വീരചരിതങ്ങള്‍ക്കു ശേഷവും ഇന്ത്യ അവശേഷിക്കുമോ?
കടപ്പാട്:
1. The Untold story from Uttarakhand by Ravi Chopra (The Hindu, June 25, 2013)
2. Modi”s Himalayan Miracle by Abheek Barman (The Times of India, June 26,2013)
3. Had we chickoed to his warnings by Rasheeda Bhagat (The Hindu Business Line June 25, 2013)

 

preethanathuppully@gmail.com