പത്താം ക്ലാസ് തുല്യതാ പരീക്ഷ: ജുലൈ അഞ്ചു വരെ രജിസ്റ്റര്‍ ചെയ്യാം

Posted on: June 27, 2013 9:17 pm | Last updated: June 27, 2013 at 9:17 pm
SHARE

ദുബൈ: പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെയും കീഴില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നടപ്പാക്കിവരുന്ന 10ാം തരം തുല്യതാ പരീക്ഷക്ക് അടുത്ത മാസം അഞ്ചു വരെ രജിസ്റ്റര്‍ ചെയ്യാമെന്ന് യു എ ഇയില്‍ സന്ദര്‍ശനം നടത്തുന്ന സാക്ഷരതാ മിഷന്‍ അസി. ഡയറക്ടര്‍ കെ അയ്യപ്പന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എസ് എസ് എല്‍ സി പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന എല്ലാ വിഷയങ്ങളും തുല്യതാ പരീക്ഷയിലും ചേര്‍ത്തിട്ടുണ്ട്. ജൂണ്‍ ഒന്നിന് 17വയസ് പൂര്‍ത്തിയായവരും ഔപചാരികമായി ഏഴാം ക്ലാസ് പരീക്ഷയെങ്കിലും പാസായവര്‍ക്കും കോഴ്‌സിലേക്ക് അപേക്ഷിക്കാവുന്നതാണ്. 10 മാസമാണ് കോഴ്‌സിന്റെ കാലാവധി. 650 ദിര്‍ഹമാണ് ഫീസ്. യു എ ഇയില്‍ കഴിഞ്ഞ അധ്യയന വര്‍ഷമാണ് കോഴ്‌സിന് തുടക്കമിട്ടത്. ദുബൈ 103, ഷാര്‍ജ നാല്, അബുദാബി 58, റാസല്‍ഖൈമ രണ്ട്, ഖത്തര്‍38 എന്നിങ്ങനെ 205 പേര്‍ കഴിഞ്ഞ വര്‍ഷം ഗള്‍ഫ് മേഖലയില്‍ നിന്നും പഠിതാക്കളായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ദുബൈ കെ എം സി സിയിലാണ് ഏറ്റവും കൂടുതല്‍(103 പഠിതാക്കള്‍) രജിസ്റ്റര്‍ ചെയ്തത്. പഠിതാക്കള്‍ക്കായി വെള്ളി, ശനി ദിവസങ്ങളിലായി ആവശ്യമായ പഠന പരിശീലനം നല്‍കിവരുന്നതായും അദ്ദേഹം പറഞ്ഞു.
സാക്ഷരതാ മിഷന്റെ വെബ് സൈറ്റായ www.literacy missionkerala.org യില്‍ നിന്നും ഫോം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ചേരുമ്പോള്‍ 300 ദിര്‍ഹവും പിന്നീട് രണ്ടു ഘഡുക്കളായി ബാക്കി തുകയും അടക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ഇതുവരെ ഏഴു ബാച്ചുകളിലായി 1,66,566 പേര്‍ പത്താം ക്ലാസ് തുല്യതാ പരീക്ഷ പാസ്സായി. ഇവരില്‍ ഡിസ്റ്റിംഗ്ഷന്‍ വരെ ഉന്നത വിജയം നേടിയവരുമുണ്ട്. പാസ്സായവരില്‍ 20 പേര്‍ ഡിസ്റ്റിംഗ്ഷന്‍ നേടി. 76.61 ആണ് മൊത്ത വിജയ ശതമാനം. കേരളത്തില്‍ 433 വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് അവധി ദിനങ്ങളില്‍ പഠിതാക്കള്‍ക്കായി ക്ലാസ് നല്‍കുന്നത്. 17 മുതല്‍ 69 വയസു വരെ പ്രായമുള്ളവരാണ് ഇതുവരെ പരീക്ഷ എഴുതിയത്. പരീക്ഷ പാസായവരില്‍ 40 ശതമാനം പേര്‍ക്ക് ജോലിയോ ഉദ്യോഗത്തില്‍ ഉയര്‍ന്ന തസ്തികയോ കിട്ടിയിട്ടുണ്ട്.
സാധാരണ എസ് എസ് എല്‍ സി പരീക്ഷ എഴുതുന്ന കുട്ടികളെക്കാള്‍ കഴിവുള്ളവരാണ് തുല്യതാ പരീക്ഷയില്‍ പങ്കെടുക്കുന്നതെന്നാണ് ഇതേക്കുറിച്ച് നടത്തിയ പഠനം വ്യക്തമാക്കുന്നത്. സാധാരണ വിദ്യാര്‍ഥികളെ അപേക്ഷിച്ച് ജീവിതവുമായി മല്ലടിച്ച് നേടിയ അനുഭവങ്ങളാണ് ഇവര്‍ക്ക് കരുത്താവുന്നത്. എഴുത്തില്‍ വേഗം ഇല്ലെന്നത് മാത്രമാണ് ചെറിയൊരു പോരായ്മ. ഇത് പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. തുല്യതാ പഠനം സ്വാശ്രയ കോഴ്‌സ് ആയതിനാലാണ് ഗള്‍ഫ് നാടുകളില്‍ ഇപ്പോള്‍ വാങ്ങുന്ന ഫീസ് കുറക്കാന്‍ സാധിക്കാത്തത്. പദ്ധതിക്ക് യാതൊരു ഗ്രാന്റും ലഭിക്കുന്നില്ലെന്നും അയ്യപ്പന്‍ നായര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് പി എസ് സി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സര്‍വീസുകളിലേക്കുള്ള പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത പ്ലസ് ടുവായി പുനക്രമീകരിക്കുന്നതിനാല്‍ കേരളത്തില്‍ ഹയര്‍സെക്കന്ററിക്ക് തുല്യതാ കോഴ്‌സ് നടത്താന്‍ സര്‍്ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഇത് ഗള്‍ഫ് രാജ്യങ്ങളിലും ആരംഭിക്കാന്‍ നടപടി സ്വീകരിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
സാക്ഷരതാ മിഷന്‍ എക്‌സിക്യൂട്ടീവ് അംഗം കെ എ റഷീദ്, ഇബ്രാഹീം മുറിച്ചാണ്ടി, പി കെ അ്ന്‍വര്‍ നഹ, ഡോ. അബ്ദുറഹിമാന്‍ ഒളവട്ടൂര്‍ പങ്കെടുത്തു.