Connect with us

Gulf

എന്റെ സിനിമയെ ശരിയായി വിലയിരുത്തിയത് പ്രവാസികള്‍: ലാല്‍

Published

|

Last Updated

ദുബൈ: സിനിമയെ ശരിയായി വിലയിരുത്തുന്ന ഒരു മലയാളി സമൂഹം ദുബൈ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ ഉണ്ടെന്നത് സന്തോഷകരമാണെന്നും തന്റെ സിനിമയെയും ഇത്തരത്തില്‍ വിലയിരുത്തിയത് ഈ സമൂഹമാണെന്നും പ്രശസ്ത സംവിധായകനും നടനുമായ ലാല്‍.
ജോയ് മാത്യൂ സംവിധാനം ചെയ്ത “ഷട്ടര്‍” എന്ന സിനിമയുടെ യു എ ഇയിലെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല സിനിമ വിജയിക്കുമെന്നതിന്റെ ഉദാഹരണമാണ് “ഷട്ടര്‍”. സാധാരണ ഞാന്‍ അഭിനയിച്ച ചിത്രങ്ങള്‍ക്ക് ഇത്രത്തോളം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാന്‍ സാധിച്ചിട്ടില്ല. മലയാളികളുടെ സിനിമയോടുള്ള സമീപനം മാറി വരുന്നതിന്റെ സൂചനയാണിത്.
കേരളത്തില്‍ 100 ദിവസം ഓടുകയും മലയാളി ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്ത ഒരു സിനിമക്ക് ഇതുവരെയും ദുബൈ പോലുള്ള ഒരു നഗരത്തില്‍ പ്രദര്‍ശനം സാധ്യമാവാതെ പോയത് ദു:ഖകരമാണ്. മുമ്പ് 50 അറുപത് സിനിമകളായിരുന്നു മലയാളത്തില്‍ നിര്‍മിച്ചിരുന്നതെങ്കില്‍ ഇന്നത് 150ഉം 160ഉം ആയി മാറിക്കഴിഞ്ഞിരിക്കയാണ്. അറിയപ്പെടുന്ന സംവിധായകരും സൂപ്പര്‍ സ്റ്റാറുകളും അഭിനയിക്കുന്ന പടങ്ങള്‍ മാത്രമാണ് ദുബൈ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഏറ്റെടുക്കാന്‍ വിതരണക്കാര്‍ താല്‍പര്യപ്പെടുന്നതെന്നും ലാല്‍ പറഞ്ഞു.
മലയാള സിനിമാ ചരിത്രത്തില്‍ പുതിയൊരു ഭാവുകത്വത്തിന് തുടക്കമിട്ട സിനിമയാണ് “ഷട്ടര്‍” എന്ന് സംവിധായകന്‍ ജോയ് മാത്യു വ്യക്തമാക്കി. ജനങ്ങളുടെ ആസ്വാദനത്തില്‍ സംഭവിച്ച മാറ്റത്തിന് അനുസരിച്ച് ഉയരാന്‍ സാധിച്ചൂവെന്നതാണ് സിനിമയുടെ വിജയം. സാധാരണ 100 പിന്നിടുന്ന സിനിമകളുടെ ചേരുവകളായ അമ്പരപ്പിക്കുന്ന കെട്ടുകാഴ്ചകളോ, സംഘട്ടനമോ, നൃത്തമോ, പ്രണയമോ ഒന്നും കൈകാര്യം ചെയ്യാതിരുന്നിട്ടും സിനിമ വിജയിച്ചെന്നത് മലയാളിയുടെ നല്ല സിനിമയെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ സംഭവിച്ച ക്രിയാത്മകമായ മാറ്റമാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിര്‍മാതാവ് സരിത ജോയ്, നടി നിഷ ജോസഫ് പങ്കെടുത്തു.

---- facebook comment plugin here -----

Latest