കോണ്‍ഫെഡറേഷന്‍സ് കപ്പ് രണ്ടാം സെമി: ഇന്ന് സ്‌പെയിന്‍- ഇറ്റലി പോരാട്ടം

Posted on: June 27, 2013 8:16 am | Last updated: June 27, 2013 at 8:18 am
SHARE

fifa confederation cupഫോര്‍ടാലെസ: കഴിഞ്ഞ അഞ്ച് വര്‍ഷമായി സ്‌പെയിന്‍ ഓരേ താളത്തില്‍ ഒഴുക്കോടെ ഫുട്‌ബോള്‍ കളിക്കുന്ന ടീമാണ്. 2008ലെ യൂറോ ചാമ്പ്യന്‍മാരായി തുടങ്ങിയ അവര്‍ 2010ലെ ലോകകപ്പും കഴിഞ്ഞ തവണ യൂറോ നേട്ടം ആവര്‍ത്തിച്ചും അതിന് അടിവരയിടുകയും ചെയ്തു. അവര്‍ക്ക് ലഭിക്കാത്ത കിരീടങ്ങളിലൊന്നായ കോണ്‍ഫെഡറേഷന്‍സ് കപ്പിലേക്ക് രണ്ട് വിജയങ്ങളുടെ അകലമാണുള്ളത്. അതില്‍ ആദ്യ കടമ്പ ഇന്നാണ്. ഫുട്‌ബോളിലെ പരമ്പരാഗത ശക്തികളായ ഇറ്റലിയുടെ വെല്ലുവിളിയാണ് അവര്‍ക്ക് ഇന്ന് മറികടക്കേണ്ടത്. 
കോണ്‍ഫെഡറേഷന്‍സ് കപ്പിലെ രണ്ടാം സെമിയില്‍ യൂറോപ്പ്യന്‍ ശക്തി ദുര്‍ഗ്ഗങ്ങളായ സ്‌പെയിനും ഇറ്റലിയും നേര്‍ക്കുനേര്‍ വരുമ്പോള്‍ കാണികള്‍ക്ക് അതൊരു വിരുന്നാകുമെന്ന് ഉറപ്പിക്കാം. രണ്ട് ടീമിന്റെയും നായക സ്ഥാനത്ത് ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍മാരാണ്. മത്സര പരിചയത്തില്‍ മുന്‍പന്തിയിലുള്ള കാസിയസും ബുഫണുമാണ് യഥാക്രമം സ്‌പെയിനിന്റെയും ഇറ്റലിയുടെയും ഗോള്‍ വല കാക്കുന്നത്. മധ്യനിരയുടെ മികവിലും ഇരു ടീമുകളും ഏതാണ്ട് തുല്ല്യത പാലിക്കുന്നുണ്ട്. ഷാവി- ഇനിയെസ്റ്റ ദ്വയങ്ങളാണ് സ്പാനിഷ് നിരയുടെ ബുദ്ധി കേന്ദ്രങ്ങള്‍. പിര്‍ലോയും ഒപ്പം ഡി റോസ്സിയും ഉള്‍പ്പെട്ട ഇറ്റാലിയന്‍ എന്‍ജിനുകളും മോശമല്ല. ഈ നാല്‍വര്‍ സംഘത്തിന്റെ വഴിക്കായിരിക്കും ഇരു ടീമിന്റെയും മത്സര തന്ത്രങ്ങള്‍ നീങ്ങുക. ടിക്കി- ടാക്കയെന്ന കുറിയ പാസുമായി സ്‌പെയിന്‍ കളിക്കുമ്പോള്‍ മറുപടി പറയുക അത്രയെളുപ്പമല്ല. പരമ്പരാഗതമായി ഉണ്ടായിരുന്ന പ്രതിരോധ ഫുട്‌ബോള്‍ മാറ്റിവെച്ച ഇറ്റലിയാണ് കുറച്ച് കാലമായി കളത്തിലുള്ളത്. എങ്കിലും ഈ കോണ്‍ഫെഡറേഷന്‍ കപ്പില്‍ ഇറ്റലിയുടെ പ്രതിരോധം വേണ്ടത്ര ശോഭിച്ചിട്ടില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്. മൂന്ന് മത്സരങ്ങളില്‍ നിന്നായി ഇറ്റലി വഴങ്ങിയത് എട്ട് ഗോളുകളാണെന്നതുതന്നെ അവരുടെ പ്രതിരോധത്തിലെ പോരായ്മയാണ് കാണിക്കുന്നത്.
ഉണങ്ങാത്ത ഒരു മുറിവിന്റെ ഓര്‍മയില്‍ അതിന് കണക്ക് ചോദിക്കാനുള്ള സുവര്‍ണാവസരമാണ് ഇറ്റലിയെ സംബന്ധിച്ച് ഇന്നത്തെ പോരാട്ടം. കഴിഞ്ഞ യൂറോ കപ്പ് ഫൈനലില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് അസൂറി പടയെ കീഴടക്കിയാണ് സ്‌പെയിന്‍ കീരിടം സ്വന്തമാക്കിയത്. ആ തോല്‍വിക്ക് കണക്ക് തീര്‍ക്കാനുള്ള അവസരമാണ് ഇറ്റലിക്ക് ഒത്തുവന്നിരിക്കുന്നത്.
മേജര്‍ ടൂര്‍ണമെന്റില്‍ ഈയടുത്ത കാലത്തൊന്നും സ്‌പെയിന്‍ പരാജയപ്പെട്ടിട്ടില്ല എന്നതാണ് അവരുടെ ഏറ്റവും വലിയ കരുത്ത്. 2010 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനോട് എതിരില്ലാത്ത ഒറ്റ ഗോളിന് തോറ്റതാണ് അവരുടെ അവസാന തോല്‍വി. അപരാജിതരായി 28 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയാണ് അവര്‍ എത്തുന്നത്.
സ്‌ട്രൈക്കര്‍ മരിയോ ബെല്ലോട്ടെല്ലിയുടെ അഭാവമാണ് ഇറ്റലിയെ കുഴക്കുന്ന പ്രധാനപ്രശ്‌നം. തുടക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് ബെല്ലോട്ടെല്ലി നാട്ടിലേക്ക് മടങ്ങി. ബ്രസീലിനെതിരായ പോരാട്ടത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് കളിക്കാതിരുന്ന ആന്ദ്രെ പിര്‍ലോ നിര്‍ണായക മത്സരത്തില്‍ രംഗത്തിറങ്ങുമെന്നത് മാത്രമാണ് അവര്‍ക്കിപ്പോള്‍ ആശ്വസിക്കാനുള്ള ഏക കാര്യം. ബ്രസീലിനെതിരായ പോരാട്ടത്തില്‍ പിര്‍ലോയും ഒപ്പം ഡി റോസിയുമുണ്ടായിരുന്നില്ല ഇറ്റാലിയന്‍ നിരയില്‍. അതുകൊണ്ടുതന്നെ ഇന്ന് ടീമില്‍ തിരിച്ചെത്തുന്ന ഇരുവരുടെയും സാന്നിധ്യമാണ് ഇറ്റലിയുടെ വിധി നിര്‍ണയിക്കുക. പ്രതിരോധത്തിലെ പാളിച്ചകളാണ് കോച്ച് പ്രാന്‍ഡെല്ലിയെ വിഷമവൃത്തത്തിലാക്കുന്ന പ്രധാന സംഗതി. 4-2-3-1 ശൈലിയായിരിക്കും അദ്ദേഹം സ്വീകരിക്കുക.
പകരക്കാരുടെ ബഞ്ചും കരുത്തുറ്റതാണെന്ന അധിക ബലമാണ് സ്‌പെയിനിന്റെ പ്രത്യേകത. താഹിതിക്കെതിരായ പോരാട്ടത്തില്‍ താരതമ്യേന വ്യത്യസ്തമായ താരനിരയെ രംഗത്തിറക്കാന്‍ കോച്ച് ഡെല്‍ബോസ്‌കിന് ധൈര്യമുണ്ടായതും ആ കരുത്തിന്റെ തെളിവായിരുന്നു. കുറച്ചു കാലമായ സ്പാനിഷ് കേളീശൈലിക്ക് ഔന്നത്യവും നിയന്ത്രണവും നല്‍കുന്ന ഷാവി- ഇനിയെസ്റ്റ കൂട്ടുകെട്ടില്ലാതെയാണ് അവര്‍ താഹിതിക്കെതിരായ മത്സരത്തിനിറങ്ങിയത്. സെസ്‌ക് ഫാബ്രിഗസിന്റെ മസില്‍ വേദനയാണ് അവര്‍ക്ക് നേരിയ വേവലാതിയുള്ള കാര്യം. പരുക്ക് സാരമുള്ളതല്ല. 4-3-3 ശൈലിയായിരിക്കും ഡെല്‍ബോസ്‌ക് അണിനിരത്തുക.
സ്‌പെയിന്‍ സാധ്യതാ ടീം: കാസിയസ്, ആര്‍ബിയോള, പീക്വെ, റാമോസ്, ആല്‍ബ, ബുസ്‌കെറ്റ്‌സ്, ഷാവി, ഇനിയെസ്റ്റ, ഫാബ്രിഗസ്, സോള്‍ഡാഡോ.
ഇറ്റലി സാധ്യതാ ടീം: ബുഫണ്‍, അബാറ്റെ, ചെല്ലിനി, ബര്‍സാഗ്ലി, ഡി സിഗ്ലിയോ, പിര്‍ലോ, ഡി റോസ്സി, മോണ്‍ടോലിവോ, മര്‍ച്ചീസിയോ, ജിയാച്ചെറീനി, ജിയോവിങ്കോ.

ഇന്ന് സ്‌പെയിന്‍- ഇറ്റലി പോരാട്ടം
മത്സരം രാത്രി 12.30 മുതല്‍ തത്‌സമയം