മഞ്ഞക്കിളികള്‍ ഫൈനലിലേക്ക് പറന്നു

Posted on: June 27, 2013 8:12 am | Last updated: June 27, 2013 at 8:12 am
SHARE

*ഉറുഗ്വെയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി
*ഫ്രെഡ്, പൗലീഞ്ഞോ ഗോളുകള്‍ നേടി

pauloooo_338x225ബെലൊ ഹൊറിസോന്റെ: ഉറുഗ്വെയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി ആതിഥേയരായ ബ്രസീല്‍ കോണ്‍ഫെഡറേഷന്‍സ് കപ്പിന്റെ ഫൈനലിലേക്ക് കുതിച്ചു. ബ്രസീലിനായി ഫ്രെഡ്, പൗലീഞ്ഞോ എന്നിവര്‍ വല ചലിപ്പിച്ചപ്പോള്‍ ഉറുഗ്വെയുടെ ഗോള്‍ എഡിന്‍സന്‍ കവാനിയുടെ ബൂട്ടില്‍ നിന്നായിരുന്നു. കളിയുടെ തുടക്കത്തില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കാന്‍ വെറ്ററന്‍ താരം ഡീഗോ ഫോര്‍ലാന് സാധിക്കാഞ്ഞത് കളിയില്‍ നിര്‍ണായകമായി. ബ്രസീലിന്റെ ലൂയിസ് ഉറുഗ്വെന്‍ നായകന്‍ ലുഗാനോയെ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ബ്രസീല്‍ ഗോളി സീസര്‍ തട്ടിമാറ്റി. ശക്തമായ പ്രതിരോധം തീര്‍ത്ത് ബ്രസീലിനെ തുടക്കത്തില്‍ ഞെട്ടിക്കാന്‍ ഉറുഗ്വെക്ക് കഴിഞ്ഞിരുന്നു.
എന്നാല്‍ 41ാം മിനുട്ടില്‍ നെയ്മര്‍ ഇടത് ഭാഗത്ത് നിന്ന് ഗോളാക്കാന്‍ ശ്രമിച്ച പന്ത് ഉറുഗ്വെന്‍ ഗോളി മുസ്‌ലേര തട്ടിമാറ്റി റീബൗണ്ടായി വന്ന പന്തിലാണ് ഫ്രഡ് അക്കൗണ്ട് തുറന്നത്. ഇടവേളക്ക് ശേഷം മൂന്ന് മിനുട്ട് പിന്നിട്ടപ്പോള്‍ ഉറുഗ്വെ കവാനിയിലൂടെ തിരിച്ചടിക്കുകയായിരുന്നു. കളി സമനിലയിലേക്ക് പോകുമെന്ന് തോന്നിച്ചെങ്കിലും 86ാം മിനുട്ടില്‍ നെയ്മര്‍ കോര്‍ണറില്‍ നിന്ന് കൊടുത്ത പാസില്‍ നിന്ന് പൗളീഞ്ഞോ ഹെഡ്ഡ് ചെയ്താണ് ബ്രസീലിന് വിജയ ഗോള്‍ സമ്മാനിച്ചത്.