Connect with us

Kozhikode

നഗരത്തിലെ ഹോട്ടലുകളില്‍ വ്യാപക റെയ്ഡ്

Published

|

Last Updated

കോഴിക്കോട്: ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നഗരത്തിലെ ഹോട്ടലുകളില്‍ വ്യാപക റെയഡ്.
പത്ത് ഹോട്ടലുകളില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ അവസ്ഥയില്‍ ആഹാരം നിര്‍മിക്കുന്നതായി കണ്ടെത്തിയ രണ്ട് ഹോട്ടലുകള്‍ അടച്ചുപൂട്ടി.
മാവൂര്‍ റോഡില്‍ പുതിയ സ്റ്റാന്‍ഡ് പരിസരത്തെ ഗോകുലം, കാലിക്കറ്റ് കിച്ചന്‍ എന്നീ ഹോട്ടലുകളാണ് താത്കാലികമായി പൂട്ടിച്ചത്. ഇരു ഹോട്ടലുകള്‍ക്കും 7,000 രൂപ വീതം പിഴ ഈടാക്കി. ഇവിടെ നിന്നും പരിശോധനയില്‍ പഴകിയ ഇറച്ചിയും ഭക്ഷ്യവസ്തുക്കളും കണ്ടെടുത്തു.
പരിശോധന നടത്തിയ ഹോട്ടലുകളില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പാചകം ചെയ്യുകയും സൂക്ഷിക്കുകയും ചെയ്തതിന് പത്ത് ഹോട്ടലുകളില്‍ നിന്നുമായി 30,000 രൂപ പിഴ അടപ്പിച്ചു.
നാല് ഹോട്ടലുകള്‍ക്ക് വൃത്തിയായി സൂക്ഷിച്ച് നില മെച്ചപ്പെടുത്താനുളള നോട്ടീസ് നല്‍കി. ലൈസന്‍സ് ഇല്ലാത്ത സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നഹോട്ടലുകള്‍ക്കാണ് നോട്ടീസ് നല്‍കിയത്. സ്‌കൂള്‍ പരിസരത്തെ തട്ടുകടകളിലെ പൂപ്പല്‍ പിടിച്ച ഉപ്പിലിട്ട മാങ്ങ, നെല്ലിക്ക എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു.
ഭക്ഷ്യസുരക്ഷ വിഭാഗം ഇന്‍സ്‌പെക്ടര്‍ പി ശിവദാസന്‍, കെ രാജീവ്, വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ രാവിലെ മുതല്‍ പരിശോധന നടന്നത്.
വരും ദിവസങ്ങളില്‍ നഗരത്തിലെ മറ്റു ഹോട്ടലുകളിലും റെയ്ഡ് നടത്തുമെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ അറിയിച്ചു.

Latest