നീലഗിരി ജില്ലയില്‍ കനത്ത മഴ: വ്യാപക നാശനഷ്ടം

Posted on: June 27, 2013 12:21 am | Last updated: June 27, 2013 at 12:21 am
SHARE

ഗൂഡല്ലൂര്‍: നീലഗിരി ജില്ലയില്‍ കനത്ത മഴ: വ്യാപക നാശനഷ്ടം. നദികളും തോടുകളും കരവിഞ്ഞൊഴുകി. പാണ്ഡ്യാര്‍ പുന്നപുഴ, വെള്ളരി, പാലാവയല്‍, മായാര്‍ തുടങ്ങിയ നദികളാണ് കരകവിഞ്ഞൊഴുകുന്നത്. മരങ്ങള്‍ കടപുഴകി വീണു. മണ്ണിടിച്ചിലില്‍ മുപ്പതില്‍പ്പരം വീടുകള്‍ക്ക് നാശം സംഭവിച്ചു. ഏക്കര്‍കണക്കിന് കൃഷി നശിച്ചു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.
വയലുകളില്‍ വെള്ളം കയറി. ജില്ലയിലെ പലഭാഗങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. ഊട്ടി-ഗൂഡല്ലൂര്‍ ദേശീയ പാതയിലെ ദൈവമലയില്‍ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒമ്പത് മണിമുതല്‍ പന്ത്രണ്ട് മണിവരെയാണ് ഗതാഗതം തടസ്സപ്പെട്ടത്. ഇത്കാരണം ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ ഉള്‍പ്പെടെയുള്ള നിരവധി വാഹനങ്ങള്‍ റോഡില്‍ കുടുങ്ങി. യാത്രക്കാര്‍ ദുരിതത്തിലായി.
ഗൂഡല്ലൂരില്‍ നിന്ന് അഗ്നിശമനസേന എത്തി മരം മുറിച്ച് മാറ്റിയതിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. മഴയില്‍ ചെമ്പാല ഈട്ടിമൂലയില്‍ മൂന്ന് പേരുടെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. രാജന്‍, രാധാകൃഷ്ണന്‍, തങ്കച്ചന്‍ എന്നിവരുടെ വീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. കുസുമഗിരി സ്വദേശി അനീഷിന്റെ വീടിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഈട്ടിമൂല സ്വദേശികളായ കുഞ്ഞിമൊയ്തീന്‍, അസീസ് എന്നിവരുടെ വീടിന്റെ ചുറ്റുമതില്‍ തകര്‍ന്നു. രണ്ടാംമൈലിലെ ദുരിതാശ്വാസ ക്യാമ്പില്‍ 33 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.
തട്ടക്കൊല്ലി സ്വദേശികളായ 33 കുടുംബങ്ങളെയാണ് മാറ്റിമാര്‍പ്പിച്ചിരിക്കുന്നത്. കനത്ത മഴയില്‍ പില്ലൂര്‍ ഡാം നിറഞ്ഞ് കവിഞ്ഞതിനാല്‍ ഡാം തുറന്ന് വിട്ടു. ഡാമിലെ ജലംതുറന്ന് വിട്ടതോടെ മേട്ടുപാളയം ഭവാനിസാഗര്‍ നദിയില്‍ ജലനിരപ്പ് വര്‍ധിച്ചിട്ടുണ്ട്.
കേരള-തമിഴ്‌നാട് അതിര്‍ത്തിയിലാണ് പില്ലൂര്‍ ഡാം സ്ഥിതിചെയ്യുന്നത്. ഡാമിന് സമീപത്ത് താമസിക്കുന്ന കുടുംബങ്ങളെ അധികൃതര്‍ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. നീലഗിരിയില്‍ കനത്ത മഴ തുടരുകയാണ്. നീലഗിരി ജില്ലയില്‍ ഒരു ദിവസം പെയ്തത് 954 മില്ലിമീറ്റര്‍ മഴയാണ്. ഊട്ടി, ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളില്‍ ശക്തമായ മഴ തുടരുകയാണ് ചെയ്യുന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഭീതിയിലായിട്ടുണ്ട്. മഴ കാരണം ജനജീവിതം താറുമാറായിട്ടുണ്ട്.
ജോലിക്ക് പോകാന്‍ സാധിക്കാതെ ജനം പ്രതിസന്ധിയിലായിട്ടുണ്ട്. രാപകല്‍ വിത്യാസമില്ലാതെ കനത്ത മഴ തുടരുകയാണ്. കനത്ത മഴകാരണം ഇന്നലെയും നീലഗിരി ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി നല്‍കിയിരുന്നു.