Connect with us

Wayanad

ജില്ലയില്‍ കനത്തമഴ തുടരുന്നു: ദുരിതവും

Published

|

Last Updated

കല്‍പ്പറ്റ/മാനന്തവാടി: വയനാട്ടില്‍ ഇന്നലെയും തുടര്‍ന്ന കനത്തമഴയില്‍ കെടുതികള്‍ തുടരുന്നു. വടക്കേവയനാട്ടിലാണ് ജില്ലയില്‍ ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായിട്ടുള്ളത്. മാനന്തവാടി വള്ളിയൂര്‍ക്കാവില്‍ വെള്ളം കയറി. താഴെക്കാവ് പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. രണ്ട് ദിവസമായി തുടരുന്ന കനത്തമഴയില്‍ മാനന്തവാടി താലൂക്കിലെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിലടിയിലായി. 
വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് മാനന്തവാടി താലൂക്കിലെ 123 കുടുംബങ്ങളിലായി 522 പേരെ ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറ്റി. എടവക ചാമാടിപ്പൊയിലില്‍ നിന്നും 23 കുടുംബങ്ങളെ മാനന്തവാടി ഗവ. ഹൈസ്‌ക്കൂളിലേക്ക് മാറ്റി. ഇല്ലത്തുവയലില്‍ നിന്നും ഒമ്പത് കുടുംബങ്ങളെ ആറാട്ടുതറ സെന്റ് തോമസ് പള്ളി കെട്ടിടത്തിലേക്ക് മാറ്റി. ആറാട്ടുതറ നെഹ്‌റു മെമ്മോറിയല്‍ യു പി സ്‌കൂളിലേക്ക് 10 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. അഞ്ചുകുന്ന് മൊട്ടങ്കര കോളനിയില്‍ നിന്നും 19കുടുംബങ്ങളെ അഞ്ചുകുന്ന് ഗാന്ധി മെമ്മോറിയല്‍ യു പി സ്‌കൂളിലേക്കും മാറ്റി. വിവിധ ദുരിതാശ്വാസക്യാംപുകളില്‍ സബ്കലക്ടര്‍ വീണ എന്‍ മാധവന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ വി ശശി, തഹസില്‍ദാര്‍ ടി പി സോമനാഥന്‍ എന്നിവര്‍ സന്ദര്‍ശനം നടത്തി. മാനന്തവാടി വള്ളിയൂര്‍ക്കാവില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. പേര്യ, പനന്തറ, എടവക അഗ്രഹാരം എന്നിവിടങ്ങളില്‍ നിന്നും ആളുകളെ അക്കരെയെത്തിക്കാനായി ബോട്ട് സര്‍വ്വീസ് ആരംഭിച്ചു.തേറ്റമല ഇന്റ്യേരിക്കുന്നില്‍ വാഴക്കൃഷിയില്‍ കനത്ത നാശനഷ്ടമുണ്ടായി.
മഴയിലും കാറ്റിലുമായി ഏക്കറുകണക്കിന് വാഴകള്‍ ഇവിടെ നിലംപൊത്തി. അമ്പലവയല്‍ ആറാട്ടുതറയില്‍ മഴ മൂലം കിണര്‍ ഇടിഞ്ഞുതാഴ്ന്നു. കാവുമന്ദത്തും ഇന്നലെ മഴ മൂലം നാശനഷ്ടങ്ങളുണ്ടായി മേച്ചനയില്‍ ഒരു വീട്ടിലേക്ക് മണ്ണിഞ്ഞുവീണു. മഴവെള്ളം കയറി കൊയിലേരി-മാനന്തവാടി റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു. പനമരം മാത്തൂര്‍വയലില്‍ 130 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പുത്തന്‍കുന്ന് ദേവാര്‍ പണിയകോളനിയിലെ വെളുത്തയുടെ വീട് വെള്ളം കയറി തകര്‍ന്നു. 35000 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. കഴിഞ്ഞ ദിവസം മാറ്റിപ്പാര്‍പ്പിച്ച നാല് ക്യാംപുകളിലും ആരോഗ്യവകുപ്പ് അധികൃതരും റവന്യൂ അധികൃതരും സന്ദര്‍ശനം നടത്തുന്നുണ്ട്. വെള്ളം കയറാന്‍ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലുള്ള കുടുംബങ്ങള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏത് ഘട്ടത്തെയും അതിജീവിക്കാന്‍ ശക്തമായ ഒരു വിംഗിനെ തന്നെ ബത്തേരി തഹസില്‍ദാരുടെ നേതൃത്വത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. ചീരാല്‍ വില്ലേജിലെ വെള്ളച്ചാല്‍ കോളനിയില്‍ നിന്ന് എട്ട് കുടുംബങ്ങളില്‍ നിന്നായി 36 പേരെ സ്വകാര്യവ്യക്തിയുടെ വീട്ടിലേക്ക് മാറ്റിപാര്‍പ്പിച്ചു. പുറക്കാടി വില്ലേജിലെ തേലംമ്പറ്റ കോളനിയിലെ നാല് കുടുംബങ്ങളില്‍ നിന്ന് പത്തുപേരെയും നാരാട്ടുകുന്ന് കോളനിയിലെ അഞ്ച് കുടുംബങ്ങളില്‍ നിന്നായി ഇരുപത് പേരെയും മറ്റ് നാല് കുടുംബങ്ങളെയും ഓലമ്പറ്റ സാംസ്‌ക്കാരികനിലയത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
കുട്ടിരായിന്‍പാലത്തിനടുത്ത മുട്ടിജാതി കോളനിയില്‍ നിന്നും ഒമ്പത് കുടുംബങ്ങളില്‍ നിന്നായി 39 പേരെ മുരളീധരന്‍ എന്ന വ്യക്തിയുടെ വീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. പൂതാടി വില്ലേജില്‍ നിന്ന് കൂടല്‍ക്കടവ് കോളനി, അരൂര്‍കോളനി, കുതിയില്‍ കോളനി എന്നിവിടങ്ങളില്‍ നിന്നുള്ള 19 കുടുംബങ്ങളില്‍ നിന്നായി 303 പേരെ വരദൂര്‍ സ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ശക്തമായ മഴ തുടരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. നിരവധി കര്‍ഷകരുടെ നെല്‍കൃഷിയും വാഴ, ചേന, ഇഞ്ചികൃഷികളുമെല്ലാം വെള്ളം കയറി നശിച്ചിട്ടുണ്ട്. മഴക്കെടുതി നേരിടുന്നതിനുള്ള 39 ദുരിതാശ്വാസ ക്യാമ്പുകള്‍ ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി. പുഴകരകവിഞ്ഞൊഴുകിയും മറ്റും വീടുകളില്‍ വെള്ളം കയറിയതിനാലാണ് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. മൂന്നുകോടി 85 ലക്ഷം രൂപയുടെ നഷ്ടം കാര്‍ഷിക മേഖലയില്‍ ഉണ്ടായിട്ടുണ്ട്. 253 ഹെക്ടര്‍ പ്രദേശത്താണ് കൃഷിനാശം ഉണ്ടായത്. ജില്ലയില്‍127 വീടുകള്‍ ഭാഗികമായി തകര്‍ന്നു. രണ്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി ഇതിന് കണക്കാക്കിയിട്ടുള്ളത്. ഇത്തവണ വാഴകൃഷികള്‍ക്കും കാര്യമായ നഷ്ടം സംഭവിച്ചു.