Connect with us

Palakkad

കാട്ടാന ശല്യം: റാപിഡ് റെസ്‌പോന്‍സ് ടീം പ്രവര്‍ത്തനക്ഷമമായില്ല

Published

|

Last Updated

മണ്ണാര്‍ക്കാട്: നാടെങ്ങും കാട്ടാന വിളയാട്ടം. വന്യമൃഗ ശല്യത്തില്‍ നിന്ന് ജനങ്ങളെ സഹായിക്കാന്‍ സംവിധാന ചെയ്ത വനം വകുപ്പിന്റെ റാപിഡ് റെസ്‌പോന്‍സ് ടീം പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന പരാതി ഉയരുന്നു. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഉടനെ വന്യമൃഗങ്ങളെ നാട്ടില്‍ നിന്ന് തുരത്താന്‍ ഓരോ ജില്ലയിലേക്കും ഓരോ ടീമിനെയാണ് അനുവദിച്ചിരുന്നത്. വാഹനവും വന്യമൃഗങ്ങളെ തുരത്താനുള്ള സാമഗ്രികളും സഹിതം വിവിധ ജില്ലകളില്‍ ടീം പ്രവര്‍ത്തനമാരംഭിക്കുകയും തുടക്കത്തില്‍ ഏറെ സഹായകരമായി നില്‍ക്കുകയും ചെയ്തിരുന്നു. 
ജില്ലയില്‍ അനുവദിക്കപ്പെട്ട ആര്‍ ആര്‍ ടിയെ വിഭജിച്ച് മണ്ണാര്‍ക്കാട് മേഖലയിലേക്ക് ഒരു ടീമിനെ പ്രത്യേകം നിയോഗിച്ചിരുന്നു. വനംവകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത റാപ്പിഡ് ടീമിന് തുടക്കത്തില്‍ നല്ല പ്രവര്‍ത്തനം കാഴ്ച വെക്കാന്‍ കഴിഞ്ഞെങ്കിലും പിന്നീട് പ്രവര്‍ത്തനം മന്ദീഭവിക്കുകയായിരുന്നുവെന്ന് പറയുന്നു. കല്ലടിക്കോട്, എടത്തനാട്ടുകര, അലനല്ലൂര്‍, ഷോളയൂര്‍ “ഭാഗങ്ങളില്‍ നിലവില്‍ കാട്ടാനശല്യം രൂക്ഷമാണ്. എന്നാല്‍ പലപ്പോഴും ആര്‍ ആര്‍ ടിയെ വിളിച്ചാല്‍ സഹായം എത്താറില്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. മാത്രമല്ല, ആര്‍ ആര്‍ ടിയെ ആധുനികവത്ക്കരിക്കുമെന്ന് പ്രഖ്യാപനവും നടന്നിട്ടില്ല. ആരംഭത്തിലുള്ള സംവിധാനങ്ങളല്ലാതെ സര്‍ച്ച്‌ലൈറ്റുകള്‍ ഉള്‍പ്പെടെ കൂടുതല്‍ സൗകര്യങ്ങളൊന്നുമായിട്ടില്ല. ജീവനക്കാരുടെ എണ്ണത്തില്‍ കുറവ് വന്നതും പ്രതിസന്ധിയാകുന്നുണ്ട്.