Connect with us

National

കോണ്‍ഗ്രസ് പിന്തുണച്ചു; കനിമൊഴി രാജ്യസഭയിലേക്ക്

Published

|

Last Updated

Kanimozhi*കനിമൊഴിയുടെ രണ്ടാമൂഴം

ചെന്നൈ: ഡി എം കെ അധ്യക്ഷന്‍ എം കരുണാനിധിയുടെ മകള്‍ കനിമൊഴി തമിഴ്‌നാട്ടില്‍ നിന്ന് രാജ്യസഭയിലേക്ക്. ഇത് അവരുടെ രണ്ടാമൂഴമാണ്. കോണ്‍ഗ്രസ് തങ്ങളുടെ അഞ്ച് എം എല്‍ എമാരുടെ പിന്തുണ ഡി എം കെക്ക് നല്‍കാന്‍ തീരുമാനിച്ചതോടെയാണ് കനിമൊഴിക്ക് വഴി തുറന്നത്. വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ്. ഫലപ്രഖ്യാപനവും അന്ന് തന്നെ നടക്കും.
234 അംഗ നിയമസഭയില്‍ നിന്ന് ആറ് അംഗങ്ങളെയാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടേണ്ടിയിരുന്നത്. 150 അംഗങ്ങളുള്ള ഭരണകക്ഷിയായ എ ഐ എ ഡി എം കെ നാല് സീറ്റുകള്‍ ഉറപ്പാക്കിയിട്ടുണ്ട്. അവരുടെ പിന്‍ബലത്തോടെ എട്ട് അംഗങ്ങളുള്ള സി പി ഐയിലെ ഡി രാജയും തന്റെ സീറ്റ് ഉറപ്പാക്കിയിരുന്നു. ഇത് രാജയുടെയും രണ്ടാമൂഴമാണ്.
ശേഷിച്ച ഒരു സീറ്റിനായി ഡി എം കെയിലെ കനിമൊഴിയും എം ഡി എം കെയിലെ ഇളങ്കോവനും തമ്മിലായിരുന്നു കടുത്ത മത്സരം.
ഡി എം കെക്കൊപ്പം തന്നെ എം ഡി എം കെയും കോണ്‍ഗ്രസിന്റെ പിന്തുണ തേടിയിരുന്നു. പക്ഷെ നറുക്ക് വീണത് ഡി എം കെക്ക്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുകൂടി പരിഗണിച്ചപ്പോള്‍ കോണ്‍ഗ്രസിന് ഡി എം കെയെ പിന്തുണക്കുകയല്ലാതെ മറ്റു മാര്‍ഗമൊന്നുമില്ലായിരുന്നു.
ഡി എം കെക്ക് നിയമസഭയില്‍ 23 അംഗങ്ങളാണുള്ളത്. എം ഡി എം കെക്ക് 29 അംഗങ്ങളുണ്ടായിരുന്നുവെങ്കിലും ഇതില്‍ വിമതരായ ഏഴ് പേര്‍ ജയലളിത ആവശ്യപ്പെടുന്നവര്‍ക്കായിരിക്കും വോട്ട് ചെയ്യുകയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 23 അംഗങ്ങളുള്ള ഡി എം കെക്ക് കോണ്‍ഗ്രസിന്റെ അഞ്ചും, എം എം കെയുടെ രണ്ടും, പി എം കെയുടെ മൂന്നും, പുതിയ തമിഴകത്തിന്റെ രണ്ടും വോട്ടുകള്‍ കൂടി ലഭിക്കുമ്പോള്‍ ജയിക്കാന്‍ വേണ്ട 34 വോട്ടുകള്‍ സ്വരൂപിക്കാനാകും.
കോണ്‍ഗ്രസിന്റെ പിന്തുണക്ക് കനിമൊഴി ടി എന്‍ സി സി പ്രസിഡന്റ് ബി എസ് ജ്ഞാനദേശികന് നന്ദി പറഞ്ഞു. ചൊവ്വാഴ്ച വൈകിയാണ് കോണ്‍ഗ്രസ് പിന്തുണക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തത്.
ശ്രീലങ്കന്‍ തമിഴ് പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആത്മാര്‍ഥമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് യു പി എ സര്‍ക്കാറില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് ഡി എം കെയുമായി കോണ്‍ഗ്രസ് കടുത്ത ശത്രുതയിലായിരുന്നു. ഇത് മറന്നാണ് കോണ്‍ഗ്രസ് കനിമൊഴിക്ക് പിന്തുണ നല്‍കിയത്.