ബഹ്‌റൈനില്‍ ജയില്‍ തകര്‍ക്കാന്‍ ശ്രമം

Posted on: June 27, 2013 12:05 am | Last updated: June 27, 2013 at 12:05 am
SHARE

jailമനാമ: ബഹ്‌റൈനില്‍ ജയിലിന് നേരെ ആക്രമണ ശ്രമം. ജയില്‍ തകര്‍ക്കാനുള്ള അക്രമികളുടെ ശ്രമം പോലീസ് പരാജയപ്പെടുത്തി. ആക്രമണവുമായി ബന്ധപ്പെട്ട് തീവ്രവാദികളെന്ന് സംശയിക്കുന്നവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് ആയുധങ്ങളും മറ്റും പിടിച്ചെടുത്തു. എട്ട് പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജയിലില്‍ കഴിയുന്ന ചില കൂട്ടാളികളെ രക്ഷപ്പെടുത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്.
ജയില്‍ വളപ്പിലേക്ക് വാടകക്കെടുത്ത കാറില്‍ എത്തിയ സംഘത്തെ പോലീസ് തടഞ്ഞെങ്കിലും അക്രമികള്‍ പോലീസുകാരന് നേരെ വെടിയുതിര്‍ത്തു. ജയിലിന്റെ മാപ്പും കവാടങ്ങളുടെ രേഖാ ചിത്രവും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. അല്‍ ഇമാം ആര്‍മി എന്ന തീവ്രവാദ സംഘടനയില്‍ പെട്ടവരാണ് പ്രതികളെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇവര്‍ നേരത്തെ ബഹ്‌റൈനിലെ പ്രധാന സ്ഥലങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു.
ഇറാനിലെ ഒരു ഗ്രൂപ്പിന്റെ സാമ്പത്തിക സഹായത്തോടെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ലബനാന്‍, ഇറാഖ് എന്നിവിടങ്ങളില്‍ നിന്ന് അംഗങ്ങള്‍ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംഘാംഗങ്ങള്‍ക്ക് വെടിവെപ്പിലും മറ്റ് ഉയര്‍ന്ന ആയുധങ്ങളും ഉപയോഗിക്കാന്‍ പരിശീലനം നേടിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. രണ്ട് റഷ്യന്‍ നിര്‍മിത കലാഷ്‌നികോവ് തോക്കുകള്‍ ഇതില്‍ ഉപയോഗിക്കുന്ന 143 ഉണ്ടകള്‍ തുടങ്ങിയവ പിടിച്ചെടുത്തു.