Connect with us

International

ഭൂമിക്ക് സമാനമായ മൂന്ന് ഗ്രഹങ്ങള്‍ കണ്ടെത്തി

Published

|

Last Updated

***സ്ഥിതി ചെയ്യുന്നത് 22 പ്രകാശ വര്‍ഷം അകലെ

***ജീവന്‍ നിലനില്‍ക്കാന്‍ സാധ്യത


BHOOMIലണ്ടന്‍:ഗിലീസ് 667 എന്ന നക്ഷത്ര സമൂഹത്തെ വലംവെക്കുന്ന ഭൂമിക്ക് സമാനമായ മൂന്ന് ഗ്രഹങ്ങളെ കണ്ടെത്തി. 22 പ്രകാശ വര്‍ഷം മാത്രം അകലെയാണ് ഗ്രഹങ്ങള്‍ നക്ഷത്രത്തെ പ്രദക്ഷിണം ചെയ്യുന്നത്. ഗിലീസ് 667 സി എന്ന നക്ഷത്രത്തെയാണ് ഈ ഗ്രഹങ്ങള്‍ വലംവെക്കുന്നത്. ചിലിയിലെ 3.6 മീറ്റര്‍ ടെലസ്‌കോപ് ഉപയോഗിച്ച് യൂറോപ്യന്‍ സതേണ്‍ ഒബ്‌സര്‍വേറ്ററിയാണ് നക്ഷത്രം കണ്ടെത്തിയത്.
മൂന്ന് ഗ്രഹങ്ങളും നക്ഷത്രത്തില്‍ നിന്ന് പാലിക്കുന്ന പ്രദക്ഷിണ അകലമാണ് ഏറ്റവും സവിശേഷം. 22 പ്രകാശ വര്‍ഷമെന്നത് അധികം ചൂടോ തണുപ്പോ ഉണ്ടാകാന്‍ സാധ്യതയില്ലാത്ത അകലമാണ്. ഇതിനാല്‍ ഇവിടങ്ങളില്‍ ജീവന്‍ നിലനിലനില്‍ക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ഗോളശാസ്ത്രജ്ഞര്‍ പറയുന്നു. മൂന്ന് ഗ്രഹങ്ങളിലും ദ്രവാവസ്ഥയിലുള്ള വെള്ളം ഉണ്ടാകാനും സാധ്യതയുണ്ടെന്നാണ് ശാസ്ത്ര ലോകത്തിന്റെ അനുമാനം. നേരത്തെ നിരവധി പഠനങ്ങള്‍ക്ക് വിധേയമാക്കപ്പെട്ട നക്ഷത്രമാണ് ഗിലീസ് 667 സി എന്ന നക്ഷത്രം.
സൂര്യന്റെ മൂന്നിലൊന്ന് പിണ്ഡമാണ് ഈ നക്ഷത്രത്തിനുള്ളത്. മൂന്നംഗ നക്ഷത്രകുടുംബങ്ങളിലംഗമാണിത്. വൃശ്ചിക നക്ഷത്രത്തില്‍ നിന്നും 22 പ്രകാശ വര്‍ഷം അകലെയാണ് ഈ നക്ഷത്രം സ്ഥിതി ചെയ്യുന്നത്. അതായത് സൂര്യന്റെ അയല്‍പക്കക്കാരന്‍ തന്നെയാണ് ഗിലീസ് 667 സി നക്ഷത്രവും. യു കെ, ജര്‍മനി എന്നിവിടങ്ങളിലെ വിവിധ സര്‍വകലാശാലകളിലെ ഗോളശാസ്ത്രജ്ഞരാണ് കണ്ടുപിടിത്തതിന് പിന്നില്‍.