കാതുകളില്‍ ഇപ്പോഴും കൊടുങ്കാറ്റിന്റെ ഇരമ്പം

Posted on: June 27, 2013 6:00 am | Last updated: June 26, 2013 at 11:13 pm
SHARE

loach yathraഅറബിക്കടലിന് അന്ന് പതിവില്‍ കവിഞ്ഞ രൗദ്രഭാവമായിരുന്നു. ഹുങ്കാര ശബ്ദം മുഴക്കി തിരമാലകള്‍ ചീറിയടിച്ചുകൊണ്ടേയിരുന്നു. വീശിയടിക്കുന്ന കൊടുങ്കാറ്റിലും ഇടതടവില്ലാത്ത തിരയിളക്കത്തിലും ലോഞ്ച് ശക്തമായി ആടിക്കളിച്ചു. എല്ലാററിനും സാക്ഷികളായുണ്ടായിരുന്നത് നൂറ്റിയെഴുപത് യാത്രക്കാര്‍. കാറ്റിന് ചെറിയ ശമനം വരുമ്പോള്‍ എല്ലാം അവസാനിച്ചെന്ന് കരുതി നെടുവീര്‍പ്പിടും. അപ്പോഴേക്കും അതിനേക്കാള്‍ ശക്തമായി കാറ്റടിച്ചുവീശും. പകലിന് രാത്രിയുടെ പ്രതീതി. എങ്ങും പേടിപ്പെടുത്തുന്ന ഇരുട്ടും കാറ്റിന്റെയും തിരമാലകളുടെയും മുഴക്കവും മാത്രം. ഇതിനിടെ ലോഞ്ചിന്റെ എന്‍ജിനകത്ത് വെള്ളം അടിച്ചു കയറി. അതോടെ യാത്രക്കാരില്‍ പലരും ആര്‍ത്തട്ടഹസിക്കാന്‍ തുടങ്ങി . ചരക്കുസാധനങ്ങളെല്ലാം നനഞ്ഞു കുതിര്‍ന്നു. പല വസ്തുക്കളും ജീവനക്കാര്‍ കടലിലേക്ക് വലിച്ചിട്ടു. പിന്നീട് കാറ്റ് കുറഞ്ഞതോടെയാണ് യാത്ര തുടരാനായത്. വര്‍ഷം 44 കഴിഞ്ഞെങ്കിലും തിരൂരങ്ങാടിക്കടുത്ത തെന്നല തോണ്ടാലി മുഹമ്മദ് ഹാജിയുടെ കാതുകളില്‍ ഇപ്പോഴും ആ കൊടുങ്കാറ്റിന്റെ ഭയാനക ശബ്ദം പ്രതിധ്വനിക്കുന്നു. ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തിലൂടെയുള്ള ആ യാത്ര മറക്കാനാവില്ല. നടുക്കടലില്‍ കാറ്റിലും കോളിലും ആടിയുലഞ്ഞ ലോഞ്ചില്‍ 14 ദിവസമാണ് അദ്ദേഹം കഴിച്ചുകൂട്ടിയത്. മുംബൈയിലെ ഭീവണ്ടിയില്‍ ജോലിചെയ്യുമ്പോള്‍ ഗുജറാത്തിലെ കച്ച് എന്ന സ്ഥലത്തുള്ള വ്യക്തിയുടെ ലോഞ്ചിലായിരുന്നു യാത്ര. 250 രൂപയാണ് ലോഞ്ച് ഉടമക്ക് കൊടുത്തിരുന്നത്. ബല്‍സാട്ട് എന്ന കടല്‍തീരത്തു നിന്നാണ് ലോഞ്ചില്‍ കയറിയത്. തോണിയില്‍ പോയാണ് ലോഞ്ചില്‍ കയറിയത്. അതില്‍ കെട്ടിയ കയറില്‍ പിടിച്ച് വളരെ സാഹസപ്പെട്ടുവേണം ലോഞ്ചില്‍ കയറാന്‍. ചരക്കുകപ്പലായിരുന്നു അത്. മലയാളികളടക്കം 170 യാത്രക്കാരാണ് ഉണ്ടായിരുന്നത്. കൂടാതെ ഒട്ടേറെ ചരക്കു സാധനങ്ങളും. പതിനായിരം ചാക്ക് വലിയ ഉള്ളി, മുന്നൂറ് ചാക്ക് പരിപ്പ്, ചൂടിക്കയര്‍ തുടങ്ങിയ ചരക്കുകള്‍ കയറ്റിയ ലോഞ്ചിലായിരുന്നു യാത്ര. മൂന്ന് ദിവസം കൊണ്ട് ദുബൈയില്‍ എത്തുമെന്നാണ് പറഞ്ഞിരുന്നത്. രാത്രി മാത്രം ഭക്ഷണം ലഭിക്കും. പിന്നെ ഒരുതുള്ളി വെള്ളം പോലും കിട്ടില്ല . ദാഹമകറ്റണമെങ്കില്‍ കടല്‍വെള്ളം കുടിക്കാം. ഇടക്കിടെ മലയും കുന്നും കാണാം. ശക്തമായ കാറ്റില്‍ ആടുന്ന ലോഞ്ചില്‍ പേടിച്ച് ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോഴെല്ലാം ഞങ്ങളോട് അവിടെ തന്നെ ഇരിക്കാന്‍ ലോഞ്ച് ജീവനക്കാര്‍ കല്‍പ്പിക്കും. ഇന്നും ആ ആജ്ഞയുടെ കാര്‍ക്കശ്യം ഓര്‍ത്തെടുക്കാനാവും. മരണം മുന്നില്‍ കണ്ടുകൊണ്ടായിരുന്നു ആ ഇരുത്തം. ലോഞ്ച് യാത്രയുടെ ഭയാനകത പലരും പറഞ്ഞ് കേട്ടിരുന്നതിനാല്‍ എന്തിനും തയ്യാറായിക്കൊണ്ടായിരുന്നു യാത്രക്ക് ഇറങ്ങിത്തിരിച്ചത്.
മസ്‌കത്ത്, റാസല്‍ഖൈമ ഭാഗങ്ങളിലൂടെയെല്ലാം ലോഞ്ച് കടന്നുപോയതായി സഹയാത്രികര്‍ പറയുന്നുണ്ടായിരുന്നു. ഞങ്ങള്‍ ഷാര്‍ജാ തീരത്ത് എത്തിയപ്പോള്‍ എന്ത് mlp- muhammad hajiചെയ്യണമെന്നറിയാതെ പകച്ചു. നാട്, ഭാഷ, മനുഷ്യര്‍ എല്ലാം പുതിയത്. കുറേ യാത്ര ചെയ്ത് അബൂദബിയിലേക്ക് പോയി ഒരു ജോലി തേടിപ്പിടിച്ചു. പിന്നീട് പാസ്‌പോര്‍ട്ടും മറ്റു രേഖകളും തരപ്പെടുത്തുകയും ഇടക്കിടെ നാട്ടിലേക്ക് വരികയും പോവുകയും ചെയ്തു. അക്കാലത്ത് വിസയെടുത്ത് കപ്പലില്‍ യാത്ര പോകുന്നവരുമുണ്ടായിരുന്നു. 1200 രൂപയും അതിലേറെയുമാണ് കപ്പല്‍യാത്രക്ക് ചെലവ് വന്നിരുന്നത്. കള്ളക്കടത്തിനായി സാധനങ്ങള്‍ കൊണ്ടുപോകുന്ന കപ്പലില്‍ ചുരുങ്ങിയ കാശിന് കൊണ്ടുപോകുമെന്നതിനാലാണ് പലരും ഈ വഴി സ്വീകരിച്ചിരുന്നത്. ഇപ്പോള്‍ 69 വയസ് പ്രായമുള്ള മുഹമ്മദ് ഹാജി ഭാര്യയും മക്കളുമൊത്ത് വീട്ടില്‍ വിശ്രമ ജീവിതം നയിക്കുകയാണ്.
നാളെ: സര്‍ക്കാര്‍ മറന്നാലും ആ മുഖങ്ങള്‍ അവര്‍ മറക്കില്ല