Connect with us

Editorial

മന്ത്രിമാര്‍ക്കും സ്റ്റാഫിനും പെരുമാറ്റച്ചട്ടം

Published

|

Last Updated

ചൊവ്വാഴ്ച ചേര്‍ന്ന കെ പി സി സി-സര്‍ക്കാര്‍ ഏകോപന സമിതി യോഗത്തില്‍ ശ്രദ്ധേയമായ ചില നിര്‍ദേശങ്ങള്‍ ഉയര്‍ന്നു വരികയുണ്ടായി. മന്ത്രിമാര്‍ക്കും അവരുടെ പേഴ്‌സനല്‍ സ്റ്റാഫിനും പെരുമാറ്റച്ചട്ടം ആവിഷ്‌കരിക്കുക, മന്ത്രിമാരെയും പൊതുപ്രവര്‍ത്തകരെയും അടക്കി ഭരിക്കാന്‍ ശ്രമിക്കുന്ന സ്റ്റാഫ് അംഗങ്ങളെ നിലക്ക് നിര്‍ത്തുക, മന്ത്രിമാര്‍ പരിപാടികളില്‍ പങ്കെടുക്കുന്നത്, സംഘാടകരെയും ലക്ഷ്യങ്ങളെയും സംബന്ധിച്ച് വ്യക്തമായി അന്വേഷിച്ചറിഞ്ഞ ശേഷമായിരിക്കുക, സിനിമാ, സീരിയല്‍ നടന്മാര്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ചടങ്ങുകളില്‍ നിന്ന് വിട്ടു നില്‍ക്കുക തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.
സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധം ഉള്‍പ്പെടെ അടുത്ത കാലത്തുണ്ടായ പല സംഭവങ്ങളും സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ച സാഹചര്യത്തിലാണ് മന്ത്രിമാരെയും സ്റ്റാഫിനെയും നിയന്ത്രിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന് ആലോചിക്കേണ്ടി വന്നത്. യഥാര്‍ഥത്തില്‍ വളരെ മുമ്പേ തന്നെ ഭരണ കക്ഷികളുടെയും സര്‍ക്കാറിന്റെയും ആലോചനക്ക് വിഷയീഭവിക്കേണ്ടതായിരുന്നു ഈ കാര്യങ്ങള്‍. മന്ത്രിമാരുടെയും പേഴ്‌സനല്‍ സ്റ്റാഫിന്റെയും സ്വഭാവ ദൂഷ്യങ്ങളെയും പെരുമാറ്റ വൈകൃതങ്ങളെയും കുറിച്ച് കേള്‍ക്കാള്‍ തുടങ്ങിയിട്ട് കാലങ്ങളായല്ലോ.
സമൂഹത്തിന് മാതൃകയായിരിക്കണം ഭരണാധികാരികള്‍. ജനങ്ങളുടെ ആദരവ് അര്‍ഹിക്കുന്ന വിധം പൊതുജീവിതത്തിലും സ്വകാര്യ ജീവിതത്തിലും മാന്യത പുലര്‍ത്താനും അവര്‍ ബദ്ധശ്രദ്ധരാകണം. രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നിന്ന് ഒരു വ്യക്തി നിയമസാമാജികാംഗത്വ പദവിയിലേക്കോ മന്ത്രി സ്ഥാനത്തേക്കോ ഉയരുമ്പോള്‍ അയാളുടെ പ്രവര്‍ത്തനവും ജീവിത രീതികളും എന്തിനേറെ കുടുംബ ജീവിതം പോലും സമൂഹത്തിന്റെയും മാധ്യമ ലോകത്തിന്റെയും സജീവ നിരീക്ഷണത്തിന് വിധേയമാകുമെന്ന ബോധവും അവര്‍ക്കുണ്ടാകണം. സന്ദേഹങ്ങള്‍ക്കിടയാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പോലും മാറിനില്‍ക്കാന്‍ അധികാര പദവികള്‍ ജനപ്രതിനിധികളെ നിര്‍ബന്ധിതരാക്കുന്നുണ്ട് . പ്രത്യുത ആ വ്യക്തി മാത്രമല്ല, പാര്‍ട്ടിയും ഭരണകൂടവും അതിന്റെ പാപഭാരം ഏല്‍ക്കേണ്ടി വരും. ഖേദകരമെന്ന് പറയട്ടെ, സാംസ്‌കാരിക കേരളത്തിന് തന്നെ നാണക്കേട് സൃഷ്ടിക്കുന്ന വാര്‍ത്തകളാണ് അടുത്ത കാലത്തായി മന്ത്രിമാരും എം എല്‍ എമാരുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്നത്. ലൈംഗികാപവാദ കേസുകളില്‍ കുരുങ്ങി മന്ത്രിസ്ഥാനം ഉപേക്ഷിക്കേണ്ടി വരുന്നവരുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിച്ചു കൊണ്ടിരിക്കയാണ്.
സംഘാടകര്‍ ആരെന്നോ, പിന്നാമ്പുറ താത്പര്യങ്ങളെന്തെന്നോ അന്വേഷിക്കാന്‍ മുതിരാതെ ക്ഷണിക്കുന്ന ഏത് പരിപാടിക്കും പങ്കെടുക്കുന്ന സ്വഭാവക്കാരാണ് മന്ത്രിമാര്‍ പൊതുവെ. വിവാദങ്ങള്‍ക്ക് വിധേയരായ വ്യക്തികളുമായി വേദികള്‍ പങ്കിടാന്‍ പോലും അവര്‍ സന്നദ്ധം. ജനപ്രിയനെന്ന അംഗീകാരം നേടാനും രാഷ്ട്രീയ നേട്ടങ്ങള്‍ക്കും ഇതു സഹായകമാണെങ്കിലും സാമൂഹിക വിരുദ്ധരും തട്ടിപ്പ് സംഘങ്ങളും മന്ത്രിമാരുടെ ഈ സന്മനസ്സ് ദുരുപയോഗപ്പെടുത്തുന്നതായി സോളാര്‍ തട്ടിപ്പ് കേസ് ബോധ്യപ്പെടുത്തുകയുണ്ടായി. ഏത് പരിപാടികള്‍ക്കും മുന്‍പിന്‍ നോക്കാതെ കയറിച്ചെല്ലുന്ന പ്രവണത മന്ത്രിമാര്‍ നിര്‍ത്തണമെന്ന നിര്‍ദേശം ഉയര്‍ന്നു വന്ന പശ്ചാത്തലമിതാണ്.
മന്ത്രിമാരുടെ ഓഫീസുകള്‍ നിയന്ത്രിക്കുന്ന പേഴ്‌സനല്‍ സ്റ്റാഫിന് അവരുടെ അന്തസ്സും പ്രതിച്ഛായയും കാത്തുസൂക്ഷിക്കുന്നതില്‍ മികച്ച പങ്കുള്ളതിനാല്‍ പേഴ്‌സനല്‍ സ്റ്റാഫ് അനിവാര്യമാണ്. വിദ്യാഭ്യാസ യോഗ്യതയും കഴിവുമാണ് പൊതുവെ ഇത്തരം നിയമനങ്ങളിലെ മാനദണ്ഡമായി പരിഗണിക്കുന്നത്. അതിനപ്പുറം സ്വഭാവഗുണത്തിനും ധാര്‍മിക, സദാചാര വശത്തിനും പരിഗണന നല്‍കേണ്ടതാണ്. എന്നാല്‍ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പോലും പരിഗണിക്കാതെ വ്യക്തി താത്പര്യങ്ങളുടെയും മറ്റു സ്വാധീനങ്ങളുടെയും അടിസ്ഥാനത്തിലാണ് നിലവിലെ മന്ത്രിമാരില്‍ പലരും സ്റ്റാഫിനെ നിയമിച്ചതെന്നും അണ്ടര്‍ സെക്രട്ടറി, അഡീഷനല്‍ സെക്രട്ടറി തുടങ്ങിയ റാങ്കിലുള്ളവരുടെ ശമ്പളം പറ്റുന്ന ചില സ്റ്റാഫുകള്‍ക്ക് പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യത പോലുമില്ലെന്നും ആരോപണമുയരുകയുണ്ടായി. സ്റ്റാഫ് നിയമനത്തില്‍ പാര്‍ട്ടിയുടെ നിയന്ത്രണമില്ലായ്മാണ് ഇതിന് കാരണം.
പൊതുവെ സ്വാഗതാര്‍ഹമാണ് കെ പി സി സി-സര്‍ക്കാര്‍ഏകോപന സമിതി യോഗത്തിലെ നിര്‍ദേശങ്ങള്‍. ചര്‍ച്ചയില്‍ ഒതുങ്ങാതെ അവ പ്രാവര്‍ത്തികമാക്കാന്‍ കെ പി സി സിയും കോണ്‍ഗ്രസ് പാര്‍ലിമെന്ററി ബോര്‍ഡും മുന്‍കൈയെടുക്കേണ്ടതുണ്ട്. മറ്റു രാഷ്ട്രീയ നേതൃത്വങ്ങളും ഈ വഴിക്ക് ചിന്തിക്കേണ്ടിയിരിക്കുന്നു.

Latest