കൃതജ്ഞതയുമായി അസം മന്ത്രി സിദ്ദീഖ് അഹ്മദ് മര്‍കസില്‍

Posted on: June 26, 2013 11:05 pm | Last updated: June 26, 2013 at 11:06 pm
SHARE
kanthapuram
അസം മന്ത്രി സിദ്ദീഖ് അഹ്മദിനെ കാരന്തൂര്‍ മര്‍കസില്‍ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ സ്വീകരിക്കുന്നു.

കാരന്തൂര്‍: അസം സാമൂഹിക ക്ഷേമ മന്ത്രി സിദ്ദീഖ് അഹ്മദ് മര്‍കസിലെത്തി. അസമില്‍ സുന്നി സംഘടനകള്‍ നടത്തുന്ന റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് കൃതജ്ഞത അറിയിക്കാനാണ് മന്ത്രി മര്‍കസിലെത്തിയത്. മന്ത്രിയെ മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, സി പി ഉബൈദ് സഖാഫി എന്നിവര്‍ സ്വീകരിച്ചു.
മര്‍കസ് ലൈബ്രറിയില്‍ കേരളത്തിലെ പ്രത്യേക ക്ഷണിതാക്കളായ യുവപണ്ഡിതന്മാര്‍ക്കായി സംഘടിപ്പിച്ച ദഅ്‌വാ സംഗമത്തില്‍ മന്ത്രി സംസാരിച്ചു. സാമൂഹിക സേവന രംഗത്ത് മര്‍കസും കേരളത്തിലെ സുന്നി സംഘടനകളും അസമില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മന്ത്രി പ്രകീര്‍ത്തിച്ചു.
നന്മയും കരുണയുമാണ് മനുഷ്യത്വത്തെ വളര്‍ത്തുന്ന ഘടകമെന്നും സമൂഹത്തിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യമായതെല്ലാം ചെയ്യണമെന്നും മതപ്രബോധന വഴിയില്‍ സഞ്ചരിക്കുന്നവര്‍ ഇക്കാര്യം സഗൗരവം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ അന്തരീക്ഷം സന്തോഷകരമാണ്. സഹായ മന:സ്ഥിതിയും സാഹോദര്യ ബോധവുമുള്ളവരാണ് കേരളീയ സമൂഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, സി മുഹമ്മദ് ഫൈസി, കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ജലീല്‍ സഖാഫി കടലുണ്ടി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, ബാദുഷാ സഖാഫി ആലപ്പുഴ, ആര്‍ പി ഹുസൈന്‍ എന്നിവര്‍ സംബന്ധിച്ചു. കാശ്മീരി ഹോമില്‍ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലും മന്ത്രി പങ്കെടുത്തു.