ചുംബനത്തില്‍ ഏര്‍പ്പെട്ട കൗമാരക്കാരെ നാടുകടത്തും

Posted on: June 26, 2013 7:30 pm | Last updated: June 26, 2013 at 7:45 pm
SHARE

ദുബൈ: പോലീസ് അക്കാഡമിക്ക് പുറകിലെ കാട്ടുപ്രദേശത്ത് നിന്നും ചുംബനത്തില്‍ ഏര്‍പ്പെട്ടതുമായി ബന്ധപ്പെട്ട് പിടിയിലായ കൗരമാരക്കാരെ രാജ്യത്ത് നിന്നും നാടുകടത്തും. ദുബൈ കുറ്റകൃത്യ കോടതിയാണ് ഇവര്‍ക്കെതിരായി ശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു അക്കാഡമിക്ക് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഗാര്‍ഡ് സമീപത്തെ കാട്ടു ചെടികള്‍ക്കിടയില്‍ നിന്നും പ്രത്യേക ശബ്ദം കേട്ടതും പരിശോധിച്ചപ്പോള്‍ രണ്ട് കൗമാരക്കാര്‍ ചുംബനത്തില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയതും.
മേല്‍ വസ്ത്രത്തിന്റെ കുടുക്കുകള്‍ അഴിച്ച നിലയില്‍ ഇരുവരും ചുംബനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നുവെന്ന് 26 കാരനും സ്വദേശിയുമായ ഗാര്‍ഡ് കോടതയില്‍ മൊഴിനല്‍കിയിരുന്നു. ഗാര്‍ഡിന്റെ സാന്നിധ്യം വ്യക്തമായതോടെ കൗമാരക്കാരായ ആണും പെണ്ണും വസ്ത്രം നേരെയാക്കി ഓടാന്‍ ശ്രമിക്കുകയായിരുന്നു.
ഗാര്‍ഡിനെ അടിച്ചിട്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കൗമാരക്കാരനെ രണ്ട് സഹപ്രവര്‍ത്തകരുടെ സഹായത്തോടയായിരുന്നു പിടികൂടിയത്. ഇന്ത്യക്കാരായ 15 കാരനും 16 കാരിയുമാണ് ചുംബനത്തില്‍ ഏര്‍പ്പെട്ടത്. എന്നാല്‍ സഭ്യേതരമായി ഒന്നും പ്രവര്‍ത്തിച്ചിട്ടില്ലെന്നും സംസാരിച്ചു നില്‍ക്കേ ഒരാള്‍ പെട്ടെന്ന് മുന്നിലേക്ക് ചാടി വീണപ്പോള്‍ ഭയപ്പെട്ട പെണ്‍കുട്ടിയെ ചേര്‍ത്ത് പിടിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു കൗമാരക്കാരന്‍ കോടതിയെ അറിയിച്ചത്.