Connect with us

Gulf

കാരക്ക കായ്ക്കുന്ന നാട്ടില്‍ ഇത് മധുപൊഴിയും കാലം

Published

|

Last Updated

 ഷാര്‍ജ:കാരക്ക കായ്ക്കുന്ന നാട്ടില്‍ ഈന്തപ്പനകളില്‍ മധുപൊഴിയുന്ന കാലമാണിത്. ചൂടില്‍ ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ തീക്കാറ്റേറ്റ് പഴുക്കുന്നതെന്ന് സാഹിത്യപരമായി വിശേഷിപ്പിക്കപ്പെടുന്നതാണ് മരുഭൂമിയുടെ മാറില്‍ പൂത്ത് കായ്ക്കുന്ന ഈന്തപ്പന മരങ്ങള്‍. ലോകത്തിലെ ഏറ്റവും മധുരമുള്ള ഫലങ്ങളില്‍ ഒന്നാണ് ഈത്തപ്പഴം.

നഗ്നപാദരായി കടന്നുപോയാല്‍ കാല്‍പ്പാദം പോലും ദ്രവിപ്പിക്കുന്ന മണ്ണില്‍ വേരിറക്കി മധുവൂറും ഫലം നല്‍കുന്ന മറ്റൊരു വൃക്ഷവും ലോകത്തില്ലെന്നാണ് അനുമാനിക്കപ്പെടുന്നത്. കാഴ്ചക്ക് തീരെ അലിവില്ലാത്തതെന്ന് തോന്നിക്കുന്ന പരുക്കനും മൂര്‍ച്ചയേറിയ തടിയും ഓലകളുമുള്ള മരത്തിലാണ് തേനൂറുന്ന കനികള്‍ കായ്ക്കുന്നത്.
സര്‍വ ശക്തന്റെ സാന്നിധ്യത്തിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തങ്ങളില്‍ ഒന്നായാണ് അറേബ്യന്‍ മരുഭൂമിയില്‍ വസിക്കുന്ന ഭൂരിപക്ഷം വരുന്ന മുസ്‌ലിംകള്‍ ഈ വൃക്ഷത്തെ കാണുന്നത്. മറ്റു പല വൃക്ഷങ്ങള്‍ക്കും പരാഗണം ഷട്പഥങ്ങളും കിളികളും കാറ്റും ഉള്‍പ്പെടെയുള്ളവയിലൂടെ നടക്കുമ്പോള്‍ ഈന്തപ്പന പൂത്ത് കായ്ക്കണമെങ്കില്‍ പൂങ്കുല വിരിഞ്ഞാല്‍ കൃത്രിമ പരാഗണം നടത്തണം.
നാരുള്ള ഭക്ഷ്യവസ്തു എന്ന നിലയില്‍ ആരോഗ്യത്തിന് ഏറെ യോജിച്ചതാണ് ഈത്തപ്പഴം. ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉല്‍പ്പെടെയുള്ള പല വ്യാധികള്‍ക്കും അനാദികാലം മുതല്‍ ഈത്തപ്പഴം മരുന്നായി ഉപയോഗിച്ചു വരുന്നു. അറേബ്യന്‍ മരുഭൂമിയുടെ വിദൂര പ്രദേശങ്ങളില്‍ ബാഹ്യലോകവുമായി പറയത്തക്ക ബന്ധങ്ങളൊന്നുമില്ലാതെ കഴിയുന്ന ബദുക്കള്‍(തനത് ഗോത്രസംസ്‌കാരത്തില്‍ ജീവിക്കുന്ന അറബികള്‍) ഉയര്‍ന്ന പ്രതിരോധ ശേഷി നേടിയെടുക്കുന്നത് മരുഭൂമിയുടെ ദാനമായ ഈത്തപ്പഴത്തില്‍ നിന്നും ഒട്ടകപ്പാലില്‍ നിന്നുമാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
അറബ് ജനതയുടെ കൂടിയ പ്രതിരോധ ശേഷിക്കും ഊര്‍ജസ്വലതക്കും ദൈര്‍ഘ്യമേറിയ ജീവിത ചക്രത്തിനും കാരണമാവുന്നതും കൂടിയ തോതില്‍ ഇത് രണ്ടും കഴിക്കുന്നതാണെന്ന് തെളിഞ്ഞിട്ടുണ്ട്.
ഈന്തപ്പഴം പൂക്കാന്‍ തുടങ്ങുന്നത് ശൈത്യകാലം ഏറെക്കുറെ വിട്ടുപോകാന്‍ തുടങ്ങുന്ന ഘട്ടത്തിലാണ്.
യു എ ഇയില്‍ വേനല്‍ ദിനങ്ങള്‍ക്ക് ആരംഭമായെന്ന് കൈചൂണ്ടുന്നതാണ് ഈത്തപ്പഴക്കാലം. ഇപ്പോള്‍ വിശുദ്ധ റമസാന്‍ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേ ഈന്തപ്പഴത്തിന്റെ വിളവെടുപ്പിന് നാന്ദിയായിരിക്കുന്നത് ശുഭസൂചകമായാണ് യൂ എ ഇ ജനത കാണുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഈന്തപ്പഴം വിപണിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അല്‍ ഐന്‍, അബുദാബി, ഷാര്‍ജ തുടങ്ങിയ പ്രദേശങ്ങളില്‍ പ്രത്യേകം തയ്യാറാക്കിയ തമ്പുകളില്‍ നമ്മുടെ നാട്ടിലെ ചന്തകളെ അനുസ്മരിക്കുന്ന വിധത്തിലാണ് വെട്ടിയെടുത്ത ഉടനെയുള്ള ഈത്തപ്പഴ കുലകള്‍ വില്‍പ്പനക്കെത്തുന്നത്.
ആദ്യം വിളവെടുക്കുന്ന അല്‍ ഐന്‍ മേഖലയില്‍ ഓരോ സീസണിലും പുതിയ ഈത്തപ്പഴത്തിന് എഴുന്നൂറ് മുതല്‍ ആയിരം ദിര്‍ഹം വരെ വില ഉയരാറുണ്ട്. രാജ്യത്ത് അല്‍പം താമസിച്ചേ വിളവെടുപ്പ് നടക്കൂവെന്നതിനാല്‍, സീസണ്‍ ആരംഭിക്കവേ സഊദി അറേബ്യ, ഒമാന്‍, ഇറാന്‍ തുടങ്ങിയ അയല്‍ നാടുകളില്‍ നിന്നാണ് കൂടുതലായും ഈത്തപ്പഴം എത്തുന്നത്.
ലോകത്ത് എണ്‍പതോളം വിവിധ തരം ഈത്തപ്പഴങ്ങള്‍ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഗള്‍ഫില്‍ ജി സി സി രാജ്യങ്ങളില്‍ മാത്രം 70ന് അടുത്ത് വ്യത്യസ്ത പഴങ്ങള്‍ ലഭിക്കുന്നുണ്ട്. ഇവയില്‍ ഏതാനും ചിലത് ഒഴികേ ഒട്ടുമിക്കവയും കമ്പോളത്തിലേക്ക് എത്തുന്നതായാണ് അറിയുന്നത്. ചില ഇനം പഴങ്ങള്‍ നട്ടുനനച്ചു വളര്‍ത്തുന്നവര്‍ സ്വന്തം ആവശ്യത്തിന് മാത്രമായി ഉപയോഗിക്കുകയാണ്.
“ലൂലു”, “ഖലാജ്”, “ബര്‍ഹി”,”അജ്‌വ”, “ഖനേജി”, “ഷക്കരി”, “ഷാഹുനി”, “ഹസ്താവി” തുടങ്ങിയവയില്‍ ഏറ്റവും വിലപിടിപ്പുള്ളത് അജ്്‌വയാണ്. പ്രവാചകന്‍ മുഹമ്മദ് മുസ്തഫ(സ) നട്ടുവളര്‍ത്തിയതാണ് അജ്‌വ ഈത്തപ്പന മരം.