Connect with us

Gulf

മൂന്നര പതിറ്റാണ്ടിന്റെ പ്രവാസം: മൂവര്‍ സംഘം മടങ്ങുന്നതും ഒന്നിച്ച്

Published

|

Last Updated

അബുദാബി: വി കെ അബ്ദുല്‍ ഖാദറും കുഞ്ഞിമൊയ്തീന്‍ മാസ്റ്ററും പട്ടാണത്തേല്‍ ഉമ്മറും പ്രവാസലോകത്തേക്ക് എത്തിയത് മൂന്നര പതിറ്റാണ്ട് മുമ്പ്. ഒടുവില്‍ പ്രവാസം അവസാനിപ്പിച്ച് മൂവരും നാട്ടിലേക്ക് പോകുന്നതും ഒന്നിച്ച്,

നീണ്ട 37 വര്‍ഷം പിന്നിട്ടതിനു ശേഷം. അബുദാബിയിലെ സാമൂഹിക-സാംസ്‌കാരിക മേഖലയിലും ഈ മൂന്ന് തൃശൂര്‍ ജില്ലക്കാരും സജീവമായിരുന്നുതാനും.
1970ല്‍ തൊഴിലന്വേഷിച്ച് ബോംബെയിലേയ്ക്ക് പുറപ്പെട്ട കൊടുങ്ങല്ലൂര്‍ എടവിലങ്ങ് സ്വദേശിയായ വി കെ അബ്ദുല്‍ ഖാദര്‍ 1976ല്‍ എത്തിയത് യു എ ഇയിലെ ഖോര്‍ഫുഖാനില്‍. ഒരു കോണ്‍ട്രാക്റ്റിംഗ് കമ്പനിയിലായിരുന്നു ആദ്യം ജോലി. ആറു മാസത്തിനു ശേഷം ആ ജോലി ഉപേക്ഷിച്ച് അബുദാബിയിലെത്തി. തുടര്‍ന്ന് ആറ് വര്‍ഷക്കാലം വിവിധ മേഖലകളില്‍ ഭാഗ്യാന്വേഷണം നടത്തി. 1982ലാണ് അബുദാബി നാഷണല്‍ ബേങ്കില്‍ ജോലിയില്‍ പ്രവേശിക്കുന്നത്.
അബുദാബിയിലെത്തിയതിനു ശേഷം അബുദാബി ശക്തി തിയറ്റേഴ്‌സിലും കേരള സോഷ്യല്‍ സെന്ററിലും സജീവ അംഗമായി പ്രവര്‍ത്തിച്ചു. ശക്തിയുടേയും സെന്ററിന്റേയും ഭാരവാഹിയായി അബ്ദുല്‍ ഖാദര്‍ നിരവധി തവണ സേവനമനുഷ്ടിച്ചു.
1977 ഏപ്രില്‍ 12നാണ് പി കെ കുഞ്ഞിമൊയ്തീന്‍ യു എ ഇയിലെത്തുന്നത്. വെങ്കിടങ്ങ് തൊയക്കാവ് സ്വദേശിയായ കുഞ്ഞിമൊയ്തീന്‍ ഒരുമനയൂര്‍ എ. എം. എല്‍. പി. സ്‌കൂളില്‍ അധ്യാപകനായി സേവനമനുഷ്ടിക്കവെയാണ് ദുബൈയില്‍ എത്തുകയും എമിര്‍ട്ടലില്‍ (ഇന്നത്തെ ഇത്തിസലാത്ത്) പ്രവേശിക്കുകയും ചെയ്തത്. 16 വര്‍ഷത്തിനു ശേഷം പ്രസ്തുത ജോലി നഷ്ടപ്പെട്ടപ്പോള്‍ മറ്റൊരു തൊഴില്‍ അന്വേഷിക്കവെയാണ് എം. കെ. ഗ്രൂപ്പ് ആദ്യമായി അബുദാബിയില്‍ ആരംഭിച്ച ലുലു സെന്ററില്‍ സ്‌റ്റോര്‍ കീപ്പറായി ജോലി ലഭിക്കുന്നത്.
എണ്‍പതുകളില്‍ അബുദാബിയിലെ സാംസ്‌കാരിക രംഗത്ത് സജീവമായിരുന്ന സംഘവേദി എന്ന സംഘടനയിലൂടെ സാംസ്‌കാരിക രംഗത്ത് സജീവമായ അദ്ദേഹം കേരള സോഷ്യല്‍ സെന്ററിന്റെ വൈസ് പ്രസിഡന്റായി 1988ലും ജോ. സെക്രട്ടറിയായി 1989ലും പ്രവര്‍ത്തിച്ചു.
ഇതോടൊപ്പം തന്നെ ജീവകാരുണ്യപരവുമായ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധചെലുത്താന്‍ കുഞ്ഞുമൊയ്തീന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കോടമുക്ക് മഹല്ല് സെക്രട്ടറിയായിരിക്കെ ഗള്‍ഫിലെത്തിയ അദ്ദേഹം അബുദാബിയിലെ തൊയക്കാവ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ തുടക്കം മുതല്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയും നീണ്ടകാലം പ്രസിഡന്റായി തുടരുകയും ചെയ്തു. വെങ്കിടങ്ങ് എക്‌സ്പാര്‍ട്ടിയേറ്റ്‌സ് അസോസിയേഷന്റെ (വെക്‌സാസ്) സ്ഥാപകാംഗമായ അദ്ദേഹം പിന്നീട് പ്രസിഡന്റാവുകയും ചെയ്തു. തൊയക്കാവ് പള്ളി, മദ്രസ എന്നിവയുടെ അബുദാബിയിലെ പ്രവര്‍ത്തകരുടെ നേതൃനിരയില്‍ എന്നും സജീവമായിരുന്നു കുഞ്ഞുമൊയ്തീന്‍.
അബുദാബി ട്രാവല്‍ ബ്യൂറോയില്‍ നിന്നും ചീഫ് ക്യാഷ്യറായി ജോലിയില്‍ നിന്നും വിരമിക്കുന്ന പുന്നയൂര്‍ക്കുളം മാവിന്‍ചുവട് സ്വദേശിയായ ഉമ്മര്‍ പട്ടാണത്തേല്‍ അബുദാബിയിലെ പഴയ വിമാനത്താവളത്തില്‍ (ഇന്നത്തെ സൈനിക വിമാനത്താവളം) 1977ലാണ് വിമാനമിറങ്ങുന്നത്. അന്ന് 2,120 രൂപകൊടുത്താണ് എയര്‍ ഇന്ത്യ വഴി ബോംബെയില്‍ നിന്നും അദ്ദേഹം അബുദാബിയിലെത്തിയത്.
പന്ത്രണ്ടോളം പേര്‍ ഒരുമിച്ചു താമസിച്ചിരുന്ന മദീനസായിദിലെ ഒരു വില്ലയിലായിരുന്നു അബുദാബിയിലെ ജീവിതം തുടങ്ങി. പകുതിയിലേറെ പേര്‍ തൊഴിലില്ലാത്തവര്‍. മറ്റുള്ളവരുടെ കാരുണ്യത്തില്‍ കഴിഞ്ഞുകൂടുന്നവര്‍. ഇന്നത്തെ പോലെ ടെലഫോണ്‍ സൗകര്യമോ ഇന്റര്‍നെറ്റോ ഇല്ല. അന്ന് രാവിലെ പാസ്‌പോര്‍ട്ട് കയ്യിലേന്തി തൊഴിലിനായി അലഞ്ഞു തിരിയും. അവസാനം 8 മാസങ്ങള്‍ക്കൊടുവില്‍ അബുദാബി ട്രാവല്‍ ബ്യൂറോയില്‍ ടെലഫോണ്‍ ഓപ്പറേറ്ററായി ജോലി കിട്ടി. കോതോട് മഹല്ല് കമ്മിറ്റി സെക്രട്ടറിയായി നിരവധി വര്‍ഷം പ്രവര്‍ത്തിക്കുകയുണ്ടായി. ഇപ്പോള്‍ ട്രഷററാണ്. തങ്ങളെ പോറ്റി വളര്‍ത്തിയ നാട് വിടുമ്പോഴുള്ള നൊമ്പരവും പേറിയാണ് മൂവരുടെയും തിരിച്ചുപോക്ക്.

Latest