Connect with us

Gulf

അംഗവൈകല്യമുള്ളവര്‍ക്കായി അബുദാബിയില്‍ പ്രത്യേക ടാക്‌സി നിരത്തിലിറക്കി

Published

|

Last Updated

അബുദാബി:അംഗവൈകല്യമുള്ളവര്‍ക്കായി അബുദാബി ട്രാന്‍സ് ആഡ് കമ്പനി പ്രത്യേക ടാക്‌സികള്‍ നിരത്തിലിറക്കി. അംഗവൈകല്യമുള്ളവര്‍ക്ക് സുരക്ഷിതവും ആയാസരഹിതവുമായ യാത്രാ സൗകര്യം ഒരുക്കാനാണ് എമിറേറ്റില്‍ പ്രത്യേക ടാക്‌സി സര്‍വീസ് നിലവില്‍ വരുന്നത്. ഇന്നലെ എമിറേറ്റ്‌സ് പാലസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ടാക്‌സി സേവനം പ്രദര്‍ശിപ്പിക്കപ്പെട്ടു.

മെഴ്‌സിഡസ് വിറ്റോയുടെ ഏറ്റവും പുതിയ മോഡലാണ് സര്‍വീസിന് ഉപയോഗിക്കുക. എട്ട് ടാക്‌സികളാണ് പ്രഥമ ഘട്ടത്തില്‍ സര്‍വീസിനു തയാറായി നില്‍ക്കുക. 24 മണിക്കൂറും യാത്രക്കാര്‍ക്കായി ഇത് സേവനസജ്ജമായിരിക്കും. അബുദാബി നഗരത്തില്‍ ആറും അല്‍ ഐനില്‍ രണ്ടും ടാക്‌സികളാണുണ്ടാവുക. ടാക്‌സിയില്‍ പുരുഷ-വനിതാ ഡ്രൈവര്‍മാരുടെ സേവനം ലഭ്യമാക്കും.
നിലവിലുള്ള ടാക്‌സി നിരക്ക് തന്നെയാവും ഇതിനും ഈടാക്കുകയെന്ന് കോര്‍പ്പറേറ്റ് സര്‍വീസ് അസി. ജനറല്‍ മാനേജര്‍ ജമീല അല്‍ ഹമേലിയും ലൈസന്‍സിംഗ് സെക്ഷന്‍ ഹെഡ് ഹാമിദ് അബ്ദുല്ല അല്‍ മുതവ്വയും അറിയിച്ചു.
വികലാംഗര്‍ക്ക് വീല്‍ ചെയര്‍ ഉപയോഗിച്ചു തന്നെ ടാക്‌സിയില്‍ യാത്ര ചെയ്യാനാവും. ഹൈഡ്രോളിക് കണ്‍വെയറിലൂടെ വീല്‍ ചെയറുകള്‍ അകത്തു കയറ്റാനാവും. ഇതിനായി ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. വിവിധ തുറകളിലെ വിശദമായ പഠനത്തിനു ശേഷമാണ് അംഗവൈകല്യം സംഭവിച്ചവര്‍ക്ക് മികച്ച രീതിയിലുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള സേവനം ഒരുക്കുന്നതിന് ട്രാന്‍സ് ആഡ് തയാറായിരിക്കുന്നത്.

Latest