റെയില്‍വേ ടിക്കറ്റ് റദ്ദാക്കാനുള്ള സമയപരിധി കുറച്ചു

Posted on: June 26, 2013 5:57 pm | Last updated: June 26, 2013 at 5:57 pm
SHARE

railway ticketന്യൂഡല്‍ഹി: റെയില്‍വേ യാത്ര റദ്ദാക്കി ടിക്കറ്റിന്റെ മുഴുവന്‍ പണവും മടക്കിലഭിക്കുന്നതിനുള്ള സമയപരിധി കുറച്ചു. ഇനി മുതല്‍ യാത്രക്ക് 48 മണിക്കൂര്‍ മുമ്പ് അറിയിച്ചാല്‍ മാത്രമേ തുക പൂര്‍ണമായും മടക്കിലഭിക്കുകയുള്ളൂ. നേരത്തെ ഇത് 24 മണിക്കൂര്‍ മുമ്പ് അറിയിച്ചാല്‍ മതിയായിരുന്നു. അടുത്ത മാസം ഒന്ന് മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും.

യാത്ര റദ്ദാക്കുന്നതിന് ആറ് മണിക്കൂര്‍ മുമ്പ് അറിയിച്ചാല്‍ 75 ശതമാനം തുക മടക്കി നല്‍കും. നേരത്തെ ഇതിന് രണ്ട് മണിക്കൂര്‍ മുമ്പ് അറിയിച്ചാല്‍ മതിയായിരുന്നു. വെയ്റ്റിംഗ് ലിസ്റ്റിലുള്ളവര്‍ ട്രെയിന്‍ പുറപ്പെടുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് ടിക്കറ്റ് റദ്ദാക്കുന്ന കാര്യം അറിയിച്ചാല്‍ 30 രൂപ പിഴ ഈടാക്കി ബാക്കി പണം തിരിച്ചുനല്‍കും. നിലവില്‍ ട്രെയിന്‍ പുറപ്പെട്ട് മൂന്ന് മണിക്കൂറിനുള്ളില്‍ പണം ലഭിക്കുമെങ്കില്‍ ഇനി മുതല്‍ രണ്ട് മണിക്കൂറിനുള്ളില്‍ മാത്രമേ ലഭിക്കുകയൂള്ളൂ.

കരിഞ്ചന്തയില്‍ ഉയര്‍ന്ന വിലക്ക് ടിക്കറ്റ് വില്‍പ്പന നടത്തുന്നത് വ്യാപകമായതായി ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് റെയില്‍വേ പുതിയ തീരുമാനമെടുത്തത്. വെയ്റ്റിംഗ് ലിസ്റ്റിലുള്ളവര്‍ക്ക് കൂടുതല്‍ അവസരം ലഭിക്കാനും പുതിയ തീരുമാനം വഴിയൊരുക്കും.