വ്യവസായ ഹബ്ബ്: ഭൂമി ഏറ്റെടുക്കില്ലെന്ന് മുഖ്യമന്ത്രി

Posted on: June 26, 2013 8:36 am | Last updated: June 26, 2013 at 8:36 am
SHARE

oommen chandy press meetപെരിന്തല്‍മണ്ണ: വ്യവസായ ഹബ്ബിനായി അങ്ങാടിപ്പുറം, പുലാമന്തോള്‍ പഞ്ചായത്തുകളിലെ ഒരിഞ്ചുഭൂമി പോലും ഏറ്റെടുക്കില്ലെന്ന് മുഖ്യമന്ത്രി.
താമരശ്ശേരി രൂപതാ ബിഷപ് റെമിജിയോസ് ഇഞ്ചനാനിയല്‍, ടി എ അഹമ്മദ് കബീര്‍ എം എല്‍ എ, ജനകീയ കൂട്ടായ്മ ഭാരവാഹികള്‍ എന്നിവര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, മന്ത്രി എം അലി എന്നിവരുമായി ഇന്നലെ ക്ലിഫ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഉറപ്പ് ലഭിച്ചത്. ഈ പ്രദേശങ്ങളിലെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഫയല്‍ മടക്കാന്‍ കെ എസ് ഐ ഡി സി എം ഡിക്ക് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിര്‍ദേശം നല്‍കി.
കെ എസ് ഐ ഡി സി അങ്ങാടിപ്പുറം, പുലാമന്തോള്‍ പഞ്ചായത്തുകളില്‍ സ്ഥലം ഏറ്റെടുക്കില്ലെന്നും ഫയല്‍ മടക്കുമെന്നും എം ഡി ടോം ജോസ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ജില്ലാ കലക്ടക്ടര്‍ക്ക് നല്‍കും. കര്‍ഷകരുടെ മണ്ണ്ഒരു തരി പോലും ഏറ്റെടുക്കാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്നും ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനമെടുത്തു കഴിഞ്ഞതായും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഡി സി സി പ്രസിഡന്റ് ഇ മുഹമ്മദ്കുഞ്ഞി, പി രാധാകൃഷ്ണന്‍, ഫാ.ആന്റണി കൊഴുവനാല്‍, കേരള കോണ്‍ഗ്രസ് എം സംസ്ഥാന സെക്രട്ടറി ചാക്കോ വര്‍ഗീസ്, ജോണി പുല്ലന്താണി, ഉസ്മാന്‍ മങ്കട, ഫാ.ജോസഫ് അരഞ്ഞാണി ഓലിക്കല്‍, മനോജ് വീട്ടുവേലിക്കന്നേല്‍, എം കെ അസീസ്ഹാജി, ജോണി പുതുപറമ്പില്‍, പോള്‍സണ്‍ പുത്തന്‍പുരക്കല്‍ തുടങ്ങിയവരാണ് ചര്‍ച്ചകളില്‍ പങ്കെടുത്തത്.