അഴിയൂരില്‍ ദേശീയപാത സര്‍വേ വീണ്ടും തടഞ്ഞു

Posted on: June 26, 2013 8:28 am | Last updated: June 26, 2013 at 8:28 am
SHARE

വടകര: ദേശീയപാത സര്‍വേ നടപടികള്‍ക്ക് എത്തിയ എല്‍ എ തഹസില്‍ദാര്‍ കെ ഉഷകുമാരിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരെ അഴിയൂരില്‍ കര്‍മ സമിതി പ്രവര്‍ത്തകര്‍ തടഞ്ഞു. സര്‍വീസ് റോഡിന്റെ കാര്യത്തില്‍ തീരുമാനം വന്നതിന് ശേഷം മാത്രമേ സ്ഥലമെടുപ്പ് തുടര്‍ നടപടികള്‍ നടക്കൂവെന്ന് മുഖ്യമന്ത്രിയും ജില്ലാ ഭരണകൂടവും നല്‍കിയ ഉറപ്പ് ലംഘിച്ച് സര്‍വേ നടപടികള്‍ തുടരുന്നതില്‍ പ്രതിഷേധിച്ചാണ് തടഞ്ഞത്.
ഏറെ നേരം തഹസില്‍ദാറും ജനങ്ങളുമായി വാക്കേറ്റമുണ്ടായി. നേതാക്കള്‍ ഇടപെട്ട് രംഗം ശാന്തമാക്കി. കര്‍മ സമിതിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സര്‍വേ നിര്‍ത്തിവെക്കുകയായിരുന്നു.
കര്‍മ സമിതിയുമായി ജില്ലാ ഭരണകൂടം ചര്‍ച്ച നടത്താനുള്ള വഴിയൊരുക്കുമെന്നും തഹസില്‍ദാര്‍ വ്യക്തമാക്കി. തടയലിന് കര്‍മ സമിതി നേതാക്കളായ എ ടി മഹേഷ്, പ്രദീപ് ചോമ്പാല, പി രാഘവന്‍, പി കെ കുഞ്ഞിരാമന്‍, കെ പി ചെറിയകോയ തങ്ങള്‍, പി ടി കണാരന്‍, പി കെ നാണു, കെ കുഞ്ഞിരാമന്‍ നേതൃത്വം നല്‍കി.