കലിതുള്ളി കാലവര്‍ഷം

Posted on: June 26, 2013 8:22 am | Last updated: June 26, 2013 at 8:22 am
SHARE

mansoonമാവൂര്‍/മുക്കം: കനത്ത മഴയില്‍ ചാലിയാറും ഇരുവഴിഞ്ഞിപ്പുഴയും ചെറുപുഴയും കര കവിഞ്ഞു. ജില്ലയുടെ കിഴക്കന്‍ മേഖലയിലെ നൂറ് കണക്കിന് ഏക്കര്‍ കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി. വെള്ളം കയറി നിരവധി വീടുകള്‍ തകര്‍ച്ചാ ഭീഷണിയിലായതോടെ പല കുടുംബങ്ങളും വീടൊഴിഞ്ഞു.
മാവൂര്‍ ഗ്രാമ പഞ്ചായത്തിലെ ആയംകുളം, മേച്ചേരിക്കുന്ന്, വില്ലേരിക്കുന്ന് പ്രദേശങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടു. കച്ചേരിക്കുന്ന് ലക്ഷംവീട് കോളനിയിലെ ദാസന്‍, വള്ളി, നജീബ്, സത്യന്‍, മുഴാപാലം ബിരാല്‍, ലക്ഷംവീട് ശ്രീധരന്‍ എന്നിവരുടെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കുറ്റിക്കടവ്, കണ്ണിപറമ്പ്, ചെറൂപ്പ, തെങ്ങിലക്കടവ്, ചെട്ടിക്കടവ്, മുഴാപാലം, ഊര്‍ക്കടവ്, കായലം, പള്ളിക്കടവ്, കുറ്റിക്കാട്ടൂര്‍, മുണ്ടുപാലം, വെള്ളാഴിക്കോട്, സങ്കോരം, പള്ളിയോള്‍, മാവൂര്‍ പൈപ്പ്‌ലൈന്‍ റോഡ്, മാവൂര്‍ പള്ളിയോള്‍ കണ്ണിപ്പറമ്പ് റോഡ്, മാവൂര്‍ കുന്ദമംഗലം റോഡ്, പുല്‍പറമ്പ് ചേന്ദമംഗല്ലൂര്‍ റോഡ്, പൊറ്റശ്ശേരി മണ്ണശ്ശേരി റോഡ്, ആഴംകുളം പള്ളിക്കോത്ത് റോഡ്, തെങ്ങിലക്കടവ് ചേറാടി റോഡ്, പാലങ്ങാട് തീര്‍ത്തകുന്ന് റോഡ്, ചെറൂപ്പ കുറ്റിക്കടവ് റോഡ്, പുത്തന്‍കുളം ഹരിജന്‍ കോളനി റോഡ് എന്നിവ വെള്ളത്തിനടിയിലായതിനാല്‍ ഈ പ്രദേശങ്ങളിലേക്കുള്ള ഗതാഗതം പൂര്‍ണമായും നിലച്ചു.
മുക്കം, കാരശ്ശേരി, കൊടിയത്തൂര്‍ പഞ്ചാത്തുകളില്‍ കനത്ത മഴയെ തുടര്‍ന്ന് വന്‍തോതില്‍ കൃഷി നശിച്ചു. മുക്കം പഞ്ചായത്തിലെ പുല്‍പറമ്പിലും ചേന്ദമംഗല്ലൂരിലും വെള്ളം കയറി വാഴ. കപ്പ കൃഷികളാണ് നശിച്ചത്. ഈ ഭാഗങ്ങളില്‍ നിരവധി വീടുകള്‍ ഒഴിയേണ്ട അവസ്ഥയിലാണ്. കാരശ്ശേരി കല്‍പൂര്‍ പേരായി ആലിക്കുട്ടിയുടെ വീടിന് പിറകവ് വശത്ത് പുഴതീരം ഇടിഞ്ഞത് വീടിന് ഭീഷണിയായി. ചുറ്റുമതില്‍ ഇടിഞ്ഞതിനെ തുടര്‍ന്ന് വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു.
കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി, കൂളിമാട്, കുറുവാടങ്ങല്‍, പൊറ്റമ്മല്‍, അക്കരപ്പറമ്പില്‍ എന്നിവിടങ്ങളില്‍ ഏക്കര്‍ കണക്കിനാണ് കൃഷി നശിച്ചത്. ചെറുവാടി മമ്മദ്കുട്ടിയുടെ ഫല വൃക്ഷ തൈ വില്‍പന കേന്ദ്രത്തില്‍ നിന്ന് ചെടികളും ഫലവൃക്ഷ തൈകളും ഒലിച്ചു പോയി. വെസ്റ്റ് കൊടിയത്തൂരില്‍ പുതിയോട്ടില്‍ ഭാഗത്ത് പുഴയുടെ തീരം ഇടിഞ്ഞത് സമീപത്തെ വീടുകള്‍ക്ക് ഭീഷണിയായി.
മുക്കം വെന്റ് പൈപ്പ് പാലം വെള്ളത്തിനടിയിലായതോടെ ഇതുവഴി ഗതാഗതം തടസ്സപ്പെട്ടു. മുക്കം കടവില്‍ പുതുതായി നിര്‍മിക്കുന്ന പാലത്തിന്റെ ബീമുകള്‍ക്ക് മുകളില്‍ കൂറ്റന്‍ മരം ഒഴുകി വന്ന് ഇടിച്ചത് പാലം നിര്‍മാണത്തിന് ഭീഷണിയായി. പാലം നിര്‍മാണ കമ്പനിയുടെ സൈറ്റ് ഓഫീസ് പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക നിലയത്തിലും വെള്ളം കയറി. കെ എസ് ഇ ബി പന്നിക്കോട് സെക്ഷന് കീഴില്‍ ലൈനിലേക്ക് മരം വീണ് ആദംപടിയില്‍ നാല് വൈദ്യുത കാലുകള്‍ പൊട്ടിവീണു. എരഞ്ഞിമാവിലും നാശനഷ്ടമുണ്ടായി. ഇതെതുടര്‍ന്ന് പ്രദേശത്ത് മണിക്കൂറുകളോളം വൈദ്യുതി തടസ്സപ്പെട്ടു.

തീരദേശങ്ങളില്‍ ദുരിതപ്പെയ്ത്ത്: കോടികളുടെ നഷ്ടം

കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്നുണ്ടായ രൂക്ഷമായ കടലാക്രമണം തീരത്ത് വിതച്ചത് കോടികളുടെ നഷ്ടം. ഒപ്പം ജീവഹാനിയും തൊഴില്‍ നഷ്ടവും. ബേപ്പൂര്‍ ചാലിയം മേഖലകളിലാണ് തീരദേശ വാസികളെ കണ്ണീര്‍ കുടിപ്പിച്ച് കോടികളുടെ നഷ്ടമുണ്ടായത്. ആറ് ബോട്ടുകള്‍ പൂര്‍ണമായും പതിമൂന്ന് ബോട്ടുകള്‍ ഭാഗികമായും തകര്‍ന്നു. മുപ്പതോളം ബോട്ടുകള്‍ കെട്ടുപൊട്ടി കടലിലേക്ക് ഒഴുകി പോകുകയും ചെയ്തതോടെ 12 കോടിയോളം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. തകരുകയും ഒഴുകി പോകുകയും ചെയ്ത ബോട്ടുകളിലായി മത്സ്യ ബന്ധനത്തിലേര്‍പ്പെട്ടിരുന്ന ആയിരത്തോളം കുടുംബങ്ങള്‍ക്കാണ് ഇതോടെ ജോലി നഷ്ട്ടപ്പെട്ടത്.
വറുതിയിലായ തീരത്തിന്റെ പട്ടിണി മാറ്റാന്‍ സര്‍ക്കാറിന്റെ അടിയന്തര ഇടപെടല്‍ അനിവാര്യമായിരിക്കുകയാണ്. കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും വള്ളങ്ങള്‍ നഷ്ട്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും സൗജന്യ റേഷന്‍ അനുവദിക്കുമെന്ന് ജില്ലാ കലക്ടര്‍ സി എ ലത അറിയിച്ചു. കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന വള്ളങ്ങളുടെ നാശനഷ്ടം വേഗത്തില്‍ തിട്ടപ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡെപ്പ്യൂട്ടി കലക്ടര്‍ എന്‍ കെ ആന്റണിയെ കലക്ടര്‍ ചുമതലപ്പെടുത്തി.