ബറാഅത്ത് ദിനത്തിന് പൊതു അവധി നല്‍കി മമതാ സര്‍ക്കാര്‍

Posted on: June 26, 2013 8:07 am | Last updated: June 26, 2013 at 8:07 am
SHARE

mamathaകൊല്‍ക്കത്ത: ബറാഅത്ത് ദിനത്തിന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അപ്രതീക്ഷിതമായി പൊതു അവധി പ്രഖ്യാപിച്ചു. അതേസമയം, ഇത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ ആശങ്കയും സംശയവും സൃഷ്ടിച്ചു. ഹാജരായില്ലെങ്കില്‍ ആ ദിവസത്തെ ശമ്പളം നഷ്ടപ്പെടുമോയെന്ന് ആശങ്കപ്പെട്ട് ചിലര്‍ ഓഫീസിലെത്തി.
ഞായറാഴ്ച നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ മിനാഖാനില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ വെച്ചാണ് അവധി പ്രഖ്യാപനം മമത നടത്തിയത്. എന്നാല്‍ ഔദ്യോഗിക ഉത്തരവ് പ്രകാരമല്ലാത്തതിനാല്‍ ഇത് സംശയത്തിന് ഇടയാക്കി. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പൊതു അവധി വര്‍ഷത്തിന്റെ ആദ്യം പ്രഖ്യാപിക്കുന്നതാണ്. അല്ലാത്തത് ഒരു വിഭാഗത്തിന് മാത്രമുള്ളതായിട്ടാണ് പ്രഖ്യാപിക്കാറ്. എന്നാല്‍, ബറാഅത് അവധി എല്ലാവര്‍ക്കുമാണ് നല്‍കിയത്. അതേസമയം, ഈസ്റ്റര്‍ (മാര്‍ച്ച് 30), മഹാവീര്‍ ജയന്തി (ഏപ്രില്‍ 23), ബുദ്ധപൂര്‍ണിമ (മെയ് 25) എന്നീ അവധികള്‍ അതാത് മതവിശ്വസികള്‍ക്കാണ്.
അതേസമയം, ഓഫീസില്‍ എത്താത്ത പലരും ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച് ധന വകുപ്പിന്റെ അംഗീകാരമുണ്ടോയെന്ന് അന്വേഷിച്ചു. എന്നാല്‍ അത്തരമൊരു ഉത്തരവ് ധനവകുപ്പ് നല്‍കിയില്ലെന്ന് അറിഞ്ഞയുടനെ പലരും ഓഫീസുകളിലെത്തുകയായിരുന്നു. ഇവര്‍ ഉച്ചവരെ ജോലിയെടുത്തു. അതേസമയം, റൈറ്റേഴ്‌സ് ബില്‍ഡിംഗില്‍ പലരും ജോലിക്കെത്തിയില്ല. ചീഫ് സെക്രട്ടറി സഞ്ജയ് മിത്ര ഒമ്പത് മണിക്ക് ഓഫീസിലെത്തിയെങ്കിലും സഹപ്രവര്‍ത്തകരുടെ കസേരകള്‍ കാലിയായിരുന്നു.