ജമ്മു ഇനി ഒറ്റപ്പെടില്ല

Posted on: June 26, 2013 8:04 am | Last updated: June 26, 2013 at 8:04 am
SHARE

jammu_kashmir_map_sശ്രീനഗര്‍: ഏത് കാലാവസ്ഥയിലും ജമ്മുവും കാശ്മീരും തമ്മില്‍ ഗതാഗതം യാഥാര്‍ഥ്യമാക്കുന്ന ബാനിഹാല്‍ മുതല്‍ ഖാസിഗുണ്ട് വരെയുള്ള റെയില്‍ പാത ഇന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് രാജ്യത്തിന് സമര്‍പ്പിക്കും. യു പി എ അധ്യക്ഷ സോണിയാ ഗാന്ധിയും ചടങ്ങില്‍ പങ്കെടുക്കും. കാശ്മീരിന്റെ സ്വപ്‌ന പദ്ധതിയാണ് ബാനിഹാല്‍ റെയില്‍ പാത. ജമ്മുവിലെ ബാനിഹാലിനും കാശ്മീരിലെ ഖാസിഗുണ്ടിനും ഇടയില്‍ 18 കി മീ ദൂരത്തിലാണ് പാത നിര്‍മിച്ചത്. ഇന്ന് രാവിലെ 11.50 നാണ് പ്രധാനമന്ത്രി പാത താഴ്‌വാരത്തിന് തുറന്നു കൊടുക്കുക. നാളെ മുതല്‍ എട്ട് കോച്ചുകളുള്ള ട്രെയിന്‍ ഈ റൂട്ടില്‍ പ്രതിദിന സര്‍വീസ് നടത്തും.
ബാനിഹാല്‍ -ബാരാമുല്ല-ബാനിഹാല്‍ ട്രെയിന്‍ രാവിലെ 7.10 ന് ബനിഹാലില്‍ നിന്ന് യാത്ര തുടങ്ങി 7.35 ന് ബാരാമുല്ലയിലെത്തും. റെയില്‍ മന്ത്രി മല്ലികാര്‍ജുന ഖാര്‍ഗെ, ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ എന്‍ എന്‍ വോറ, മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല, കേന്ദ്ര മന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഗുലാം നബി ആസാദ് എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.
നേരത്തെ അഞ്ച് സര്‍വീസുകളാണ് വടക്കന്‍ റെയില്‍വേ തീരുമാനിച്ചിരുന്നതെങ്കില്‍ ഏഴ് സര്‍വീസുകളായി വര്‍ധിപ്പിക്കുകയായിരുന്നു. ബാനിഹാല്‍ ഖാസിഗുണ്ട് സെക്ഷനില്‍ 11 കിലോ മീറ്റര്‍ തുരങ്കങ്ങളും പാതയിലുണ്ട്. ഇത് മൂലം ദൂരം നന്നേ കുറവാണ്. റോഡ് മാര്‍ഗം 35 കിലോ മീറ്റര്‍ യാത്ര ചെയ്യേണ്ടിടത്ത് 18 കിലോ മീറ്റര്‍ മാത്രമേ പുതിയ പാതയില്‍ ദൂരമുണ്ടാകുകയുള്ളൂ. 1,691 കോടി രൂപയാണ് പാത നിര്‍മിക്കാന്‍ ചെലവഴിച്ചത്. മഞ്ഞ് കാലത്ത് റോഡ് വഴിയുള്ള ഗതാഗതം തടസ്സപ്പെടുന്നതിനാല്‍ ജമ്മുവും കാശ്മീരും തമ്മില്‍ ബന്ധം ഉണ്ടാകാറില്ല. റെയില്‍ പാത വന്നതോടെ എല്ലാ കാലാവസ്ഥയിലും ഈ റൂട്ടില്‍ ഗതാഗതം സാധ്യമാകുമെന്നതാണ് ബാനിഹാല്‍ പാതയുടെ പ്രത്യേകത.