Connect with us

National

റാന്‍ബാക്‌സിക്കെതിരെ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: ബഹുരാഷ്ട്ര മരുന്ന് ഉത്പാദകരായ റാന്‍ബാക്‌സിക്കെതിരെ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി സുപ്രീം കോടതി തള്ളി. നിലവാരം കുറഞ്ഞ മരുന്നുകളാണ് കമ്പനി ഉത്പാദിപ്പിക്കുന്നതെന്നും കമ്പനിക്കെതിരെ അന്വേഷണം നടത്തണമെന്നും രാജ്യത്തെ ഉത്പാദനം നിര്‍ത്തിവെക്കണമെന്നുമായിരുന്നു ഹരജിക്കാരന്റെ ആവശ്യം. എന്നാല്‍, മതിയായ തെളിവുകള്‍ ഹാജരാക്കാനായില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ എ കെ പട്‌നായിക്, രാജന്‍ ഗോഗി എന്നിവരടങ്ങിയ ബഞ്ച് ഹരജി തള്ളിയത്. അഡ്വ. ശര്‍മയാണ് പരാതിക്കാരന്‍.
റാന്‍ബാക്‌സി ലബോറട്ടറീസ് ലിമിറ്റഡ് കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ ഹരജിക്കാരന്‍ ഉന്നയിച്ച തെളിവുകള്‍ മതിയാകുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു. നേരത്തെ കമ്പനിയുടെ മരുന്നുകള്‍ നിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കമ്പനിക്കെതിരെ യു എസ് കോടതി നടപടി സ്വീകരിച്ചിരുന്നു. ഇക്കാര്യം ഹരജിക്കാരന്‍ കോടതിയെ അറിയിച്ചെങ്കിലും യു എസ് കോടതിയുടെ വിധി പരിഗണിക്കാനാകില്ലെന്ന് ബഞ്ച് വ്യക്തമാക്കി. ഹരജിക്കാരന്റെ വാദങ്ങളെല്ലാം യു എസ് കോടതി വിധിയെ അടിസ്ഥാനമാക്കിയിട്ടുള്ളതാണെന്നും അതില്‍ ഇടപെടാനാകില്ലെന്നും കോടതി അറിയിച്ചു. പുതിയ തെളിവുകള്‍ ഉണ്ടെങ്കില്‍ പരാതിക്കാരന് പുതിയ ഹരജി ഫയല്‍ ചെയ്യാം. നിലവിലുള്ള ഹരജി തള്ളുകയാണ്. ഇന്ത്യയില്‍ കമ്പനിയുടെ മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആര്‍ക്കെങ്കിലും അത്യാഹിതമുണ്ടായതായി റിപ്പോര്‍ട്ടില്ല. കമ്പനിക്കെതിരെ നടപടിയെടുക്കാനുള്ള തെളിവ് എവിടെയെന്നും കോടതി ഹരജിക്കാരനോട് ചോദിച്ചു.
മരുന്നില്‍ മായം ചേര്‍ക്കല്‍, നിലവാരക്കുറവ്, കൃതൃമം എന്നിവക്കെതിരെ നടപടിയെടുക്കാനുള്ള നിയമം ഇന്ത്യയിലുണ്ട്. നിലവാരമില്ലാത്ത മരുന്ന് കമ്പനി നിര്‍മിച്ചതിന് യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ് ഡി എ) 50 കോടി ഡോളര്‍ പിഴ ചുമത്തിയിരുന്നു. ഇന്ത്യയില്‍ ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് കമ്പനിക്ക് നിര്‍മാണ ശാലകളുള്ളത്.