ദുരന്ത ഭൂമിയില്‍ കൊള്ള സംഘത്തിന്റെ തേര്‍വാഴ്ച

Posted on: June 26, 2013 7:58 am | Last updated: June 26, 2013 at 7:58 am
SHARE

floods_rescue_1498169fഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ പ്രളയക്കെടുതിക്കിടയില്‍ കൊള്ളയും പിടിച്ചുപറിയും നടത്തുന്ന ഒരു സംഘമാളുകളില്‍ നിന്ന് ഒരു കോടിയിലേറെ രൂപയും സ്വര്‍ണാഭരണങ്ങളും പിടികൂടി. എ ടി എമ്മുകളില്‍ നിന്ന് കൊള്ളയടിച്ചതാകാം പണമെന്നാണ് കരുതുന്നത്. സ്വര്‍ണാഭരണങ്ങള്‍ മൃതദേഹങ്ങളില്‍ നിന്ന് കവര്‍ന്നതാകാനാണ് സാധ്യത.
ദേശീയ ദുരിതാശ്വാസ സേനാ(എന്‍ ഡി ആര്‍ എഫ്) ഇന്‍സ്‌പെക്ടര്‍ ജനറല്‍ സന്ദീപ് റായ് റാത്തോഡ് ആണ് ഈ സംഭവം വാര്‍ത്താ ലേഖകരെ അറിയിച്ചത്. ഭാരമേറിയ ഭാണ്ഡങ്ങളുമായി ദുരന്ത ഭൂമിയില്‍ നില്‍ക്കുകയായിരുന്ന ഒരു സംഘം സന്യാസിമാരെ കയറ്റാനായി ഹെലികോപ്റ്ററുകള്‍ എത്തി. എന്നാല്‍, ഭാണ്ഡങ്ങള്‍ ഒഴിവാക്കി ഇവര്‍ കയറാന്‍ വിസമ്മതിച്ചു. സംശയം തോന്നിയ രക്ഷാപ്രവര്‍ത്തകര്‍ ഭാണ്ഡം പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് അതില്‍ നിന്ന് 1.14 കോടി രൂപ പണമായും ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തത്. സന്യാസിമാരെ ഉത്തരാഖണ്ഡ് പോലീസിന് കൈമാറി.
അതേസമയം, കാലിലെ പാദസരം അഴിച്ചെടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് കാല്‍ വെട്ടിമാറ്റുന്ന ഹൃദയഭേദകമായ കാഴ്ചക്ക് ദൃക്‌സാക്ഷിയാകേണ്ടിവന്ന അനുഭവം ലക്‌നോവിലെ പാരാ സ്വദേശിയായ അഷീഷ് ശര്‍മ വിവരിച്ചു. പ്രകൃതിയുടെ സംഹാരതാണ്ഡവത്തില്‍ ശര്‍മക്ക് മാതാപിതാക്കളെയും രണ്ട് സഹോദരിമാരെയും നഷ്ടപ്പെട്ടു. പ്രളയത്തില്‍ അവര്‍ ഒലിച്ചു പോകുകയായിരുന്നു.
അപകടങ്ങളുടെയും ദുരന്തങ്ങളുടെയും കെട്ടുകഥകള്‍ പ്രചരിപ്പിച്ച് തീര്‍ഥാടകരില്‍ സംഭ്രാന്തി പരത്താന്‍ ശ്രമിക്കുന്നവരും ഏറെയുണ്ടെന്ന് ശര്‍മ പറഞ്ഞു. കനത്ത മഴയോടെ ഉരുള്‍ പൊട്ടലും പ്രളയവും ഉണ്ടാകുമ്പോള്‍ ശര്‍മ കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ അകലെ രാംബാരയിലായിരുന്നു. മാതാപിതാക്കളും സഹോദരിമാരുമടക്കമുള്ള ബന്ധുക്കളെ പ്രളയജലം തൂത്തുവാരി കൊണ്ടുപോയത് ഇവിടെവെച്ചായിരുന്നു. ആ കാഴ്ചയുടെ ഞെട്ടലില്‍ നിന്ന് ശര്‍മ ഇപ്പോഴും മോചിതനായിട്ടില്ല.
ദുരന്തത്തില്‍ നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ട മയാങ്കിനും തദ്ദേശീയരായ ചിലര്‍ നടത്തിയ കൊള്ളകള്‍ക്ക് സാക്ഷിയാകേണ്ടിവന്നു. നദിക്ക് അക്കരെ നിന്നുള്ളവരെന്ന നാട്യത്തില്‍ ദുരന്തത്തില്‍ പെട്ടവരെ സഹായിക്കാനെത്തിയവര്‍ ഉയര്‍ന്നപ്രദേശങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച സംഭവങ്ങളുണ്ടായതായി അദ്ദേഹം പറഞ്ഞു. സ്വര്‍ണാഭരണങ്ങളും മറ്റും കൈക്കലാക്കാന്‍ മൃതശരീരങ്ങള്‍ തിരഞ്ഞുനടക്കുന്നവെേര കാണാമായിരുന്നു.
ഒരു വൃദ്ധയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ച ചിലരെ സംഘടിതമായി ചെറുത്തു തോല്‍പ്പിച്ച സംഭവവും മയാങ്ക് വെളിപ്പെടുത്തി. പ്രകൃതി ദുരന്തം സംഭവിക്കുമ്പോള്‍ ഇദ്ദേഹവും അഞ്ച് സുഹൃത്തുക്കളും കേദാര്‍നാഥിലായിരുന്നു.