ഓങ്ങല്ലൂരുകാര്‍ ഇനി എ ടി എമ്മില്‍ നികുതി അടക്കും

Posted on: June 26, 2013 1:45 am | Last updated: June 26, 2013 at 1:45 am
SHARE

പട്ടാമ്പി: ഓങ്ങല്ലൂര്‍ പഞ്ചാത്തുകാര്‍ക്ക് ഇനി നികുതി അടക്കാന്‍ പഞ്ചായത്ത് ഓഫീസില്‍ പോകേണ്ടതില്ല. എം ടി എം കാര്‍ഡ് ഉപയോഗിച്ചാകും ഇനി നികുതി അടവ്.
ഓങ്ങല്ലൂര്‍ സ്‌റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് പഞ്ചായത്ത് ഒരുക്കുന്ന സൗകര്യം താമസിയാതെ പ്രാബല്യത്തില്‍ വരും. സ്റ്റേറ്റ് ബേങ്ക് കാര്‍ഡ് ഉള്‍പ്പെടെ എല്ലാ എ ടി എം കാര്‍ഡ് ഉപഭോക്താക്കള്‍ക്കും പഞ്ചായത്തില്‍ സ്ഥാപിക്കുന്ന എ ടിഎം ഉപകരണത്തിലൂടെ നികുതി അടക്കാം. എ ടി എം കാര്‍ഡുവഴി അടക്കുന്ന നികുതി പഞ്ചായത്തിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ ലഭ്യമാകുമെന്നു മാത്രമല്ല ഉപഭോക്താവിന് രശീതി കൈപ്പറ്റാനുമാകും.
സാങ്കേതിക സൗകര്യമൊരുക്കുന്നതില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ഓങ്ങല്ലൂര്‍ പഞ്ചായത്തില്‍ ഒരു വര്‍ഷമായി ഓണ്‍ലൈനിലൂടെ നികുതി അടക്കാനുള്ള സൗകര്യമുണ്ട്. സാങ്കേതിക സൗകര്യങ്ങള്‍ ജനകീയമാക്കുക, പഞ്ചായത്ത് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുക എന്നീ ലക്ഷ്യങ്ങള്‍ ഇതിലൂടെ സാധിക്കുമെന്ന് പഞ്ചായത്ത് പ്രസഡന്റ് എന്‍ ഷക്കീല, വൈസ് പ്രസിഡന്റ് എം എം ഹസന്‍കുട്ടി പറഞ്ഞു.