സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്: മാസ്റ്റര്‍ പ്ലാനിന് അംഗീകാരമായി

Posted on: June 26, 2013 1:43 am | Last updated: June 26, 2013 at 1:43 am
SHARE

പാലക്കാട്: ജില്ലക്ക് അനുവദിച്ച സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ മാസ്റ്റര്‍ പ്ലാനിന് അംഗീകാരം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നടന്ന വിദഗ്ധസമിതി യോഗത്തിലാണു യോജിച്ച മാസ്റ്റര്‍ പ്ലാന്‍ തിരഞ്ഞെടുത്ത് അംഗീകാരം നല്‍കിയത്.
പട്ടികജാതി ക്ഷേമവകുപ്പിനു കീഴില്‍ ജില്ലക്ക് അനുവദിച്ച മെഡിക്കല്‍ കോളജില്‍ 2014 അധ്യയന വര്‍ഷത്തില്‍ കോഴ്‌സുകള്‍ ആരംഭിക്കുമെന്നു മന്ത്രി എ പി അനില്‍കുമാര്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഒരു ബ്ലോക്കിന്റെ നിര്‍മാണം പെട്ടെന്നു പൂര്‍ത്തിയാക്കാനും ആലോചിക്കുന്നുണ്ട്. കോളജിന്റെ അംഗീകാരവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ നിന്നുള്ള വിദഗ്ധര്‍ അടുത്ത വര്‍ഷം ആദ്യം പരിശോധനക്കെത്തും. പരിസ്ഥിതി സൗഹൃദ മാതൃകയിലാണ് നിര്‍ദ്ദിഷ്ട മെഡിക്കല്‍ കോളജിന്റെ നിര്‍മാണം ഉദ്ദേശിക്കുന്നതെന്ന് ഷാഫി പറമ്പില്‍ എം എല്‍എ അറിയിച്ചു. സ്വാഭാവിക കാറ്റും വെളിച്ചവും പരമാവധി ലഭിക്കുന്നതരത്തിലായിരിക്കും കെട്ടിടം.
ഇതോടൊപ്പം സൗരോര്‍ജ പാനലുകളും സ്ഥാപിക്കും. ഭാവിയിലെ വികസനം കൂടി മുന്നില്‍ കണ്ടാണ് കെട്ടിടങ്ങള്‍ നിര്‍മിക്കുക. കോളജിന്റെ നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനായി ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള തസ്തികകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.ജൂലൈ അവസാനത്തോടെ ഡയറക്ടര്‍ ചുമതലയേല്‍ക്കും. ഇതോടൊപ്പം ഓഗസ്റ്റില്‍ ഫാക്കല്‍റ്റി നിയമനത്തിനും നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.