നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് പുറത്ത്‌

Posted on: June 26, 2013 1:31 am | Last updated: June 26, 2013 at 1:31 am
SHARE

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ സി പി എം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ലീഗിന്റെ പിന്തുണയോടെ പാസായി. കോണ്‍ഗ്രസിലെ ഇന്ദിരചന്ദ്രനെതിരെയാണ് സി പി എം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. 17 അംഗങ്ങളുള്ള നന്നംമുക്കില്‍ 11 വോട്ടിനാണ് അവിശ്വാസം പാസായത്.
ലീഗിന്റെ മൂന്ന് അംഗങ്ങളും സി പി എമ്മിന്റെ 8 അംഗങ്ങളും അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തതോടെ പ്രസിഡന്റിന്റെ ഭൂരിപക്ഷം നഷ്ടപ്പെടുകയും സ്ഥാനത്ത് നിന്നും പുറത്താവുകയുമായിരുന്നു. അവിശ്വാസ പ്രമേയം വിജയിച്ചതിനെതുടര്‍ന്ന് സി പി എം മെമ്പര്‍മാരും പ്രവര്‍ത്തകരും നന്നംമുക്കില്‍ ആഹ്ലാദ പ്രകടനം നടത്തി. ഡി സി സി നേതൃത്വത്തിന്റെ വിപ്പ് അനുസരിച്ച് കോണ്‍ഗ്രസിന്റെ ആറ് മെമ്പര്‍മാര്‍ വോട്ടെടുപ്പില്‍നിന്നും വിട്ടുനിന്നു. ലീഗ് സംസ്ഥാനകമ്മിറ്റിയുടെ നിര്‍ദേശത്തെ മറികടന്നാണ് ലീഗ് കോണ്‍ഗ്രസിനെതിരെ വോട്ട് ചെയ്തത്. ഇതോടെ നന്നംമുക്കിലും പരിസര പഞ്ചായത്തുകളിലും ലീഗ് കോണ്‍ഗ്രസ് ബന്ധത്തില്‍ വിള്ളല്‍ വീണിരിക്കുകയാണ്.
നന്നംമുക്ക് പഞ്ചായത്തില്‍ ലീഗുമായുള്ള മുഴുവന്‍ ബന്ധങ്ങളും വിഛേദിച്ചതായി കോണ്‍ഗ്രസ് നന്നംമുക്ക് മണ്ഡലം പ്രസിഡന്റ് വ്യക്തമാക്കി. വോട്ടെടുപ്പിന് ശേഷം ഇന്നലെ കോണ്‍ഗ്രസ് നേതാക്കളുടെ യോഗം ചേരുകയും ലീഗിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ലീഗിന്റെ പിന്തുണ പിന്‍വലിക്കല്‍ നടപടിയില്‍ പ്രതിഷേധിച്ച് ആലങ്കോട് പഞ്ചായത്തില്‍ ലീഗിന്റെ പ്രസിഡന്റിനുള്ള പിന്തുണ പിന്‍വലിച്ചതായി കാണിച്ച് കോണ്‍ഗ്രസിലെ അഞ്ച് മെമ്പര്‍മാര്‍ ഒപ്പിട്ട നിവേദനം പഞ്ചായത്ത് സെക്രട്ടറിക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
പ്രസിഡന്റ് ഷാനവാസ് വട്ടത്തൂരിനെതിരെ അടുത്ത ദിവസം അവിശ്വാസത്തിന് നോട്ടീസ് നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. ലീഗ് പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന പൊന്നാനി മുന്‍സിപ്പാലിറ്റിയിലും കോണ്‍ഗ്രസ് പിന്തുണ പിന്‍വലിക്കുമെന്നും ഇതിനുള്ള കത്ത് അടുത്തദിവസം തന്നെ നല്‍കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. നന്നംമുക്കിലെ യു ഡി എഫില്‍ രൂപപ്പെട്ട ലീഗ് കോണ്‍ഗ്രസ് തര്‍ക്കം സമീപ പഞ്ചായത്തുകളിലേക്കും മണ്ഡലത്തിലേക്കും വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. നന്നംമുക്കില്‍ കോണ്‍ഗ്രസ് മറ്റൊരു പ്രസിഡന്റ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ പിന്തുണക്കുമെന്നാണ് ലീഗിന്റെ നിലപാട്. എന്നാല്‍ പ്രസിഡന്റിനെതിരെ വോട്ട്‌ചെയ്തതിനാല്‍ ഇനി ലീഗിന്റെ പിന്തുണആവശ്യമില്ലെന്നും പ്രസിഡന്റ് സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്ന നിലപാടിലുമാണ് കോണ്‍ഗ്രസ് നേതൃത്വം.