സുതാര്യ കേരളം തുണയായി; ഖദീജക്കും മക്കള്‍ക്കും വീടൊരുങ്ങുന്നു

Posted on: June 26, 2013 1:30 am | Last updated: June 26, 2013 at 1:30 am
SHARE

മലപ്പുറം: പറക്കമുറ്റാത്ത പിഞ്ചുമക്കളുമായി കയറിക്കിടക്കാന്‍ ഒരു വീടെന്ന ഖദീജയുടെ സ്വപ്‌നം സുതാര്യ കേരളത്തിലൂടെ സഫലമാവുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ച ഖദീജ ഒന്നരമാസം പ്രായമുള്ള കൈക്കുഞ്ഞുമായി തവനൂര്‍ റസ്‌ക്യൂഹോമില്‍ കഴിയുകയായിരുന്നു.
ഖദീജയുടെ ദുരവസ്ഥ സുതാര്യ കേരളത്തിലൂടെ കണ്ടറിഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ദിര ആവാസ് യോജന( ഐഎ വൈ) പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടും ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ മൂന്ന് സെന്റ് സ്ഥലവും നല്‍കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 25000 രൂപ ധനസഹായവും പ്രഖ്യാപിച്ചു. വിധവാ പെന്‍ഷന്‍ ലഭ്യമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ കെ ബിജുവിന് നിര്‍ദ്ദേശം നല്‍കി. പുത്തനത്താണിയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ ഭര്‍ത്താവിനൊപ്പം താമസിക്കുകയായിരുന്നു ഖദീജ. രണ്ട് മാസം ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഭര്‍ത്താവ് ഉപേക്ഷിച്ച്‌പോയതോടെ വാടക കൊടുക്കാന്‍ ബുദ്ധിമുട്ടായപ്പോള്‍ ക്വാര്‍ട്ടേഴ്‌സ് വിട്ടിറങ്ങുകയായിരുന്നു. തിരൂര്‍ റെയില്‍വേ സ്റ്റഷനില്‍ ഖദീജയെയും കുട്ടികളെയും കണ്ട പൊലീസ് തിരൂര്‍ സ്റ്റേഷനില്‍ കൂട്ടിക്കൊണ്ട് വരികയായിരുന്നു. ഒന്നര വയസ്സ് പ്രായമുള്ള ആണ്‍കുട്ടിയും ഖദീജയുടെ കൂടെ റസ്‌ക്യൂഹോമിലുണ്ട്.
അപസ്മാര രോഗിയായ മൂത്തമകന്‍ സലാഹുദ്ദീനും രണ്ടാമത്തെ മകള്‍ ഫാത്തിമത്ത് ഷെറിനും പരപ്പനങ്ങാടിയില്‍ ബന്ധു വീട്ടിലാണ് താമസം. ഖദീജയെക്കുറിച്ച് സിറാജിലടക്കം വന്ന പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സുതാര്യ കേരളം നേരിട്ട് ഇടപെടുകയായിരുന്നു. സ്വന്തമായി ഒരു തുണ്ട് ഭൂമിയും അന്തിയുറങ്ങാന്‍ സുരക്ഷിതമായ വീടും എന്ന സ്വപ്‌നം വൈകാതെ യാഥാര്‍ഥ്യമാവുമെന്ന സന്തോഷത്തിലാണ് ഖദീജ.