മലവെള്ളപ്പാച്ചിലില്‍ വള്ളങ്ങള്‍ ഒലിച്ചുപോയ സംഭവം; 2004ലെ തനിയാവര്‍ത്തനം

Posted on: June 26, 2013 1:29 am | Last updated: June 26, 2013 at 1:29 am
SHARE

പരപ്പനങ്ങാടി: കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ ബേപ്പൂര്‍ പുഴയില്‍ നിര്‍ത്തിയിട്ട വള്ളങ്ങള്‍ അഴിമുഖത്തെ പുളിമുട്ടില്‍ അടിച്ച് തകരുകയും കടലില്‍ മുങ്ങി താഴുകയും ചെയ്ത സംഭവം 2004ലെ തനിയാവര്‍ത്തനമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തില്‍ ആറ് വള്ളങ്ങള്‍ പൂര്‍ണമായും രണ്ട് വള്ളങ്ങളുടെ വലയും നിരവധി വള്ളങ്ങള്‍ ഭാഗികമായും തകര്‍ന്നിരുന്നു.
വള്ളങ്ങളുടെ തകര്‍ച്ച ആയിരത്തോളം കുടുംബങ്ങളെ പട്ടിണിയിലാക്കി. 2004ലെ സംഭവത്തില്‍ എട്ട് വള്ളങ്ങളാണ് അഴിമുഖത്തെ പുളിമുട്ടില്‍ ഇടിച്ച് പൂര്‍ണമായും തകര്‍ന്നത്. ശക്തമായ കാറ്റും കനത്ത മഴയും കാരണം ബേപ്പൂര്‍ ചാലിയം പുഴകള്‍ നിറഞ്ഞുകവിഞ്ഞിരുന്നു. അടിയൊഴുക്കും ശക്തമായിരുന്നു. ഇതിനിടെ കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നതും ദുരന്തത്തിന്റെ ആഴം വര്‍ധിപ്പിച്ചു. ഷട്ടര്‍ തുറക്കുന്ന കാര്യം മുന്‍കൂട്ടി അറിയിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. അതിനാല്‍ ബേപ്പൂര്‍ ഭാഗത്തെ പുഴയില്‍ നങ്കൂരമിട്ടും പരസ്പരം കെട്ടിയും നിര്‍ത്തിയിട്ടിരുന്ന വള്ളങ്ങള്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാനുമായില്ല. ചാലിയം ഭാഗത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ മുഴുവനും സുരക്ഷിതമായി നിലകൊണ്ടു.
മലവെള്ളപ്പാച്ചിലും ഡാം തുറന്നുള്ള വെള്ളവും ഇവിടേക്ക് ഒഴുകിയെത്തി. ബേപ്പൂര്‍ പോലീസ്, കോസ്റ്റ് ഗാര്‍ഡ് എന്നിവര്‍ കാഴ്ചക്കാരായി നോക്കി നിന്നതല്ലാതെ ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ല. അവസാനഘട്ടത്തിലാണ് കോസ്റ്റ്ഗാര്‍ഡ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. അപ്പോഴേക്കും തൊഴിലാളികള്‍ തന്നെ രക്ഷപ്പെടുത്താന്‍ കഴിയുന്ന വള്ളങ്ങള്‍ രക്ഷപ്പെടുത്തിയിരുന്നു.