സൈബര്‍ പ്രണയങ്ങള്‍ കുടുംബ ബന്ധങ്ങള്‍ തകര്‍ക്കുന്നു

Posted on: June 26, 2013 1:28 am | Last updated: June 26, 2013 at 1:28 am
SHARE

മലപ്പുറം: സൈബര്‍ പ്രണയങ്ങള്‍ കാരണം നിരവധി കുടുംബങ്ങളുടെ തകര്‍ച്ചക്ക് ഇടയാക്കുന്നതായി വനിതാ കമ്മീഷന്‍ അംഗം നൂര്‍ബീന റശീദ് പറഞ്ഞു. മലപ്പുറത്ത് നടന്ന മെഗാ അദാലത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
വനിതാ കമ്മീഷന്‍ നടത്തുന്ന അദാലത്തുകളില്‍ നിരവധി പരാതികളാണ് ഇത്തരത്തില്‍ വരുന്നത്. ധാര്‍മികതയെ ചോദ്യം ചെയ്യുന്ന ഇത്തരം നീച പ്രവര്‍ത്തനങ്ങളെ തടയിടാന്‍ ബോധവത്കരണം ആവശ്യമാണ്. വനിതാ കമ്മീഷന്‍ ഇതു സംബന്ധിച്ച ബോധവത്ക്കരണ പരിപാടികള്‍ തുടരുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ഇന്നലെ മലപ്പുറത്ത് നടന്ന അദാലത്തില്‍ മൊബൈല്‍ പ്രണയം മൂലം ദാമ്പത്യ ജീവിതം തകര്‍ന്ന രണ്ട് കുടംബങ്ങളാണ് കമ്മീഷന് മുന്നിലെത്തിയത്. ഇവരുടെ കേസുകള്‍ കോടതിക്കു കൈമാറി. ആശുപത്രി ജീവനക്കാരന്റെ ഗ്രാറ്റിവിറ്റി ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ച അധികൃതര്‍ക്കെതിരെ യുവതി നല്‍കിയ പരാതിയില്‍ കമ്മീഷന്‍ തീര്‍പ്പ് കല്‍പ്പിച്ചു.
ആള്‍ ദൈവം ചമഞ്ഞ് പരപ്പനങ്ങാടി സ്വദേശിനി നടത്തുന്ന അനധികൃത ചികിത്സക്കെതിരെ നാട്ടുകാര്‍ പരാതി നല്‍കി. കേസ് പ്രഥമിക അന്വേഷണത്തനായി താനൂര്‍ സി ഐക്ക് കൈമാറി. എം എസ് പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികക്ക് എച്ച് എം പദവി നല്‍കിയില്ലെന്ന് ആരോപിച്ച് അധ്യാപിക നല്‍കിയ പരാതിയും കമ്മീഷന്‍ പരിഗണിച്ചു. 72 പരാതികളാണ് ഇന്നലെ കമ്മീഷന്‍ പരിഗണിച്ചത്. 38 കേസുകള്‍ പൂര്‍ത്തിയായി. എട്ട് കേസുകള്‍ പൊലീസ് അന്വേഷണത്തിന് കൈമാറി. മൂന്ന് കേസുക ള്‍വിവിധ ജാഗ്രതാ സമിതികള്‍ക്കും വിട്ടു. നാലെണ്ണം കൗണ്‍സിലിംഗിനായി പരിഗണിക്കും. 19 കേസുകള്‍ വിവിധ കാരണങ്ങളാല്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. കമ്മീഷന്‍ അംഗം നൂര്‍ബീന റഷീദ്, അഡ്വ. ലീന സുകുമാരന്‍, അഡ്വ. ടി ജി മീനാ നായര്‍, അഡ്വ ഹാറൂണ്‍ റഷീദ് പങ്കെടുത്തു.