Connect with us

Malappuram

തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റില്‍ റെയ്ഡ്‌

Published

|

Last Updated

തിരൂര്‍: തിരൂരിലെ ഗള്‍ഫ് മാര്‍ക്കറ്റില്‍ പോലീസ് റെയ്ഡ്. പോലീസിന്റെ നടപടി ശരിയല്ലെന്നാരോപിച്ച് വ്യാപാരികള്‍ പ്രതിഷേധം സംഘടിപ്പിച്ചു. വന്‍കിട കമ്പനികളുടെ വ്യാജ ഉത്പ്പന്നങ്ങള്‍ വില്‍പന നടത്തിയെന്ന പരാതിയെത്തുടര്‍ന്നാണ് തിരൂര്‍ അഡീഷണല്‍ എസ് ഐ. സി പി വാസുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ ഗള്‍ഫ് മാര്‍ക്കറ്റിലെ കടകളില്‍ റെയ്ഡ് നടത്തിയത്.
ഹിന്ദുസ്ഥാന്‍ ലിവര്‍, യൂണിലീവര്‍ എന്നി കമ്പനികളുടെ വ്യാജ സൗന്ദര്യവര്‍ധക ഉത്പ്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ വന്‍ തോതില്‍ വിറ്റഴിക്കുന്നുണ്ടെന്ന കമ്പനിയുടെ പരാതിപ്രകാരമാണ് പോലീസ് റെയ്ഡിനെത്തിയത്. പോലീസിന്റെ കൂടെ കമ്പനിയുടെ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. മാര്‍ക്കറ്റിലെ നാലുകടകളില്‍ നിന്നായി സാമ്പിളുകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഈ സാമ്പിളുകള്‍ പരിശോധന നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. അതേസമയം തിരൂരില്‍ വില്‍പന നടത്തുന്ന ഉത്പ്പന്നങ്ങള്‍ വിദേശത്ത നിന്ന് ഇറക്കുമതി ചെയ്യുന്നതാണെന്നും ഗുണനിലവാരവും മറ്റും ഉറപ്പ് വരുത്തി ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഇത്തരം ഉത്പ്പന്നങ്ങള്‍ക്കെതിരെ നാട്ടിലുള്ള കമ്പനി പ്രതിനിധികള്‍ നടത്തുന്ന പ്രചാരണം വ്യാജമാണെന്നും ഇത്തരം റെയ്ഡിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും വ്യാപാരികള്‍ പറഞ്ഞു. റെയ്ഡില്‍ പ്രതിഷേധിച്ച് ഗള്‍ഫ് മാര്‍ക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു.