Connect with us

Kerala

മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫിനെ നിരീക്ഷിക്കാന്‍ തീരുമാനം

Published

|

Last Updated

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫിനെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും തീരുമാനം. സര്‍ക്കാര്‍-കോണ്‍ഗ്രസ് ഏകോപന സമിതി യോഗത്തിലാണ് ഈ നിര്‍ദേശമുയര്‍ന്നത്. സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ യോഗത്തില്‍ വിമര്‍ശമുയര്‍ന്നു. ഇനി വിവാദങ്ങള്‍ ഉണ്ടാകാതെ നോക്കണമെന്നും മുഖ്യമന്ത്രി കൂടുതല്‍ ശ്രദ്ധിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

സോളാര്‍ പ്രശ്‌നത്തില്‍ സര്‍ക്കാറിന്റെ പേരില്‍ ഇനിയും വിവാദങ്ങള്‍ ഉണ്ടാക്കരുത്. സര്‍ക്കാറിന്റെ പ്രതിച്ഛായക്കു മങ്ങലേല്‍ക്കുന്ന വിധത്തിലുള്ള വീഴ്ചകള്‍ ഉണ്ടാകാതെ നോക്കണം. സര്‍ക്കാറിന്റെ പ്രവര്‍ത്തന രീതിയില്‍ തിരുത്തലുകള്‍ വേണമെന്ന് മുതിര്‍ന്ന നേതാവ് വി എം സുധീരന്‍ ആവശ്യപ്പെട്ടു. സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫിലെ ചില അംഗങ്ങളും പങ്കാളിയാണെന്നു കണ്ടെത്തിയ സാഹചര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്. പേഴ്‌സനല്‍ സ്റ്റാഫിലെ അംഗങ്ങള്‍ക്കു വീഴ്ച പറ്റിയെന്ന നിരീക്ഷണവും യോഗത്തിലുണ്ടായി. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിയുടെയും പേഴ്‌സനല്‍ സ്റ്റാഫിലെ അംഗങ്ങള്‍ക്കു മൂക്കുകയറിടാനും യോഗം തീരുമാനിച്ചു. പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളെ നിരീക്ഷിക്കണമെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല നിര്‍ദേശിച്ചു. ഇവര്‍ക്ക് പെരുമാറ്റച്ചട്ടം വേണമെന്നും അഭിപ്രായം ഉയര്‍ന്നു.