Connect with us

Eranakulam

രാജി വേണ്ടെന്ന് വെക്കാന്‍ കാരണം ഉപതിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച ആശങ്ക

Published

|

Last Updated

കൊച്ചി: ജോസ് തെറ്റയില്‍ രാജിവെച്ച് അങ്കമാലിയില്‍ ഉപതിരഞ്ഞെടുപ്പ് നടത്തിയാല്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇടതുമുന്നണി ഘടകകക്ഷികളുടെ വിലയിരുത്തല്‍. ജോസ് തെറ്റയില്‍ എം എല്‍ എ സ്ഥാനം രാജിവെക്കേണ്ടെന്ന നിലപാടിലേക്ക് ഇടതുമുന്നണിയെ എത്തിച്ചതിന്റെ ഒരു പ്രധാന കാരണം അങ്കമാലിയില്‍ യു ഡി എഫിനുള്ള രാഷ്ട്രീയ മേല്‍ക്കൈയാണ്.
ലൈംഗിക അപവാദത്തിന്റെ പേരില്‍ എം എല്‍ എമാര്‍ രാജിവെക്കുന്ന കീഴ്്‌വഴക്കമുണ്ടാക്കാന്‍ യു ഡി എഫും ഇഷ്ടപ്പെടുന്നില്ലെന്നതും അവര്‍ തെറ്റയിലിന്റെ രാജി ആവശ്യപ്പെടുന്നില്ലെന്നതും ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ച കാരണങ്ങളാണ്. തെറ്റയിലിനെതിരായ ലൈംഗിക പീഡന കേസ് ദുര്‍ബലമാണെന്നും ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം ലഭിക്കുമെന്നുമുള്ള നിയമോപദേശവും ഇക്കാര്യത്തില്‍ മാറി ചിന്തിക്കാന്‍ എല്‍ ഡി എഫ് കേന്ദ്രങ്ങളെ പ്രേരിപ്പിക്കുന്നുണ്ട്.
സംസ്ഥാനത്ത് പൊതുവില്‍ തങ്ങള്‍ക്കനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയാണെന്ന ഇടതുമുന്നണിയുടെ വാദം മുഖവിലക്കെടുത്താലും കോണ്‍ഗ്രസ് പാരമ്പര്യമുള്ള അങ്കമാലിയില്‍ സ്ഥിതി തീര്‍ത്തും വിഭിന്നമാണ്. ജനതാദള്‍ സെക്യുലറിന്റെ സിറ്റിംഗ് സീറ്റാണെങ്കിലും അങ്കമാലി അടിസ്ഥാനപരമായി കോണ്‍ഗ്രസ് മണ്ഡലമാണ്. ജോസ് തെറ്റയിലിനുള്ള വ്യക്തിപരമായ സ്വാധീനങ്ങളും യു ഡി എഫ് ചേരിയിലുണ്ടായ വിള്ളലുകളുമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിടെ ഇടതുമുന്നണിയുടെ വിജയത്തിന് സഹായകമായത്. അങ്കമാലിയില്‍ ഉപതിരഞ്ഞെടുപ്പുണ്ടായാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ അനുകൂല സാഹചര്യങ്ങളൊന്നും ഇടതുമുന്നണിയെ തുണക്കില്ല. ജോസ് തെറ്റയിലിനെ പോലെ പൊതു സ്വീകാര്യതയുള്ള ഒരു സ്ഥാനാര്‍ഥിയെ കണ്ടെത്തുക എന്നതു തന്നെ ജനതാദള്‍ സെക്യൂലറിന് വലിയ വെല്ലുവിളിയാകും. സാമുദായിക സമവാക്യം നോക്കാതെ ഒരു പാര്‍ട്ടിയും അങ്കമാലിയില്‍ സ്ഥാനാര്‍ഥി നിര്‍ണയം നടത്താറില്ല. ക്രൈസ്തവ ഭൂരിപക്ഷമുള്ള അങ്കമാലിയില്‍ സഭാനേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ജോസ് തെറ്റയിലിനെ പോലെയൊരാളെ ഇടതു മുന്നണി ഘടകകക്ഷികളില്‍ നിന്നു തന്നെ കണ്ടെത്തുക ശ്രമകരമാണ്. തെറ്റയിലിനെതിരായ ലൈംഗിക അപവാദമാകും ഉപതിരഞ്ഞെടുപ്പുണ്ടായാല്‍ പ്രധാന പ്രചാരണ വിഷയമെന്നതും പ്രതികൂല ഘടകമാണ്. ഇത്തരം പ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ ഇടതുപക്ഷം പാടുപെടും. തെറ്റയിലിന്റെ രാജി ഭരണപക്ഷം ആവശ്യപ്പെടുന്നില്ലെന്നത് ശ്രദ്ധേയമാണ്. പ്രാദേശികമായി തെറ്റയിലിന്റെ രാജിക്കായി യൂത്ത് കോണ്‍ഗ്രസ് സമരം നടത്തുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് നേതൃത്വം നിശ്ശബ്ദമാണ്. ലൈംഗികാരോപണത്തിന്റെ പേരില്‍ തെറ്റയില്‍ രാജിവെച്ചാല്‍ ഭാവിയില്‍ ആ കീഴ്്‌വഴക്കം യു ഡി എഫ് എം എല്‍ എമാരും പിന്തുടരേണ്ടിവരുമെന്നതാണ് അവരുടെ പ്രധാന ആശങ്ക.
കോണ്‍ഗ്രസിന്റെ രണ്ട് മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്നുവന്ന ലൈംഗിക പീഡന ആക്ഷേപങ്ങള്‍ അടുത്തിടെ ഒതുക്കിയിരുന്നു. എം എല്‍ എമാര്‍ക്കെതിരായ പരാതികള്‍ ഇതിന് പുറമേയാണ്. തെറ്റയില്‍ രാജിവെച്ചാല്‍ ഒതുക്കിയ കേസുകള്‍ പലതും പൊങ്ങിവരാനുള്ള സാധ്യത യു ഡി എഫ് ഭയക്കുന്നുണ്ട്. നീലലോഹിതദാസന്‍ നാടാരും പി ജെ ജോസഫും അടക്കമുള്ളവര്‍ ലൈംഗിക പീഡന കേസില്‍ പെട്ട് മന്ത്രിസഭയില്‍ നിന്ന് പുറത്തായിട്ടുണ്ടെങ്കിലും ആരും എം എല്‍ എ സ്ഥാനം രാജിവെച്ച ചരിത്രമില്ല. തെറ്റയില്‍ രാജിവെച്ചാല്‍ അതൊരു പുതിയ കീഴ്‌വഴക്കത്തിന്റെ തുടക്കമാകും.
ഇതിനിടെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്ന കാര്യത്തില്‍ ജോസ് തെറ്റയിലിന് ലഭിച്ചത് പരസ്പരവിരുദ്ധമായ നിയമോപദേശങ്ങളാണെന്നാണ് വിവരം. കെ രാംകുമാര്‍, അഡ്വ. ജി ജനാര്‍ദനക്കുറുപ്പ്, അഡ്വ. ഉദയഭാനു, അഡ്വ. വിജയഭാനു, അഡ്വ. എസ് ശ്രീകുമാര്‍ എന്നിവരുമായി ജോസ് തെറ്റയില്‍ സംസാരിച്ചിട്ടുണ്ട്. ഉടന്‍ ജാമ്യാപേക്ഷ നല്‍കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമാണ് ഇവരില്‍ നിന്ന് നിയമോപദേശം ലഭിച്ചിരിക്കുന്നതത്രെ. ഇവരില്‍ ആരാകും തെറ്റയിലിന് വേണ്ടി ഹാജരാകുകയെന്ന് വ്യക്തമായിട്ടില്ല.