Connect with us

Eranakulam

കടലില്‍ ഉപേക്ഷിച്ച ഇറാനിയന്‍ മത്സ്യത്തൊഴിലാളികളെ കൊച്ചിയിലെത്തിച്ചു

Published

|

Last Updated

കൊച്ചി: സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയി കടലില്‍ ഉപേക്ഷിച്ച ഇറാനിയന്‍ മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികളെ കൊച്ചിയിലെത്തിച്ചു. ഇന്നലെ രാവിലെയാണ് തീരസംരക്ഷണ സേന ഇവരെ കൊച്ചിയിലെത്തിച്ചത്.
പതിമൂന്ന് ഇറാനികളും മൂന്ന് പാക്കിസ്ഥാനികളുമടക്കം പതിനാറ് തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇറാനിലെ ചഹ്ബാര്‍ തുറമുഖത്ത് നിന്ന്്് മത്സ്യബന്ധനത്തിന് പുറപ്പെട്ട അല്‍ ഹുസൈനി എന്ന ബോട്ട്്് മെയ് പതിനാറിനാണ് സോമാലിയന്‍ കൊള്ളക്കാര്‍ റാഞ്ചിയത്. ഏതാനും ദിവസങ്ങളായി സോമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയിലായിരുന്ന ഇവരെ ബോട്ടിലെ ഇന്ധനവും ഭക്ഷണവും തീര്‍ന്നശേഷം ഈ മാസം 10ന് അവര്‍ ഉപേക്ഷിച്ചു പോകുകയായിരുന്നു. അഗത്തിയില്‍ നിന്ന്് 165 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു ബോട്ട്. കൊള്ളക്കാര്‍ പോയതോടെ മത്സ്യത്തൊഴിലാളികള്‍ ബോട്ട് ഉടമസ്ഥനുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് ഉടമസ്ഥന്‍ ഇന്ത്യന്‍ തീരസംരക്ഷണ സേനയുടെ സഹായം അഭ്യര്‍ഥിക്കുകയായിരുന്നു.
പ്രതികൂല കാലാവസ്ഥയില്‍ ബോട്ട് കണ്ടെത്താന്‍ വിഷമമായതിനാല്‍ തീരസംരക്ഷണ സേന ഇന്ത്യന്‍ നേവിയുടെ ഡോണര്‍ വിമനത്തിന്റെ സഹായത്തോടെയാണ് അല്‍ ഹുസൈനി ബോട്ട് കണ്ടെത്തിയത്. 21ന് തന്നെ നേവിയുടെ വിമാനം മത്സ്യത്തൊഴിലാളികളുടെ ബോട്ട് കണ്ടെത്തി. തുടര്‍ന്ന് 22ന് തീരസംരക്ഷണ സേനയുടെ വരുണ എന്ന കപ്പല്‍ എത്തിയാണ് മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത്. ഒപ്പം നേവിയുടെ വിമാനവും ഇവരെ അനുഗമിച്ചു. ജൂണ്‍ 13 ന് മിനിക്കോയിയില്‍ മുങ്ങിയ എം വി ഏഷ്യന്‍ എക്‌സ്പ്രസിലെ ജീവനക്കാരെയും ഇന്ത്യന്‍ തീരസംരക്ഷണസേന രക്ഷപെടുത്തിയിരുന്നു. പാക്കിസ്ഥാന്‍ സ്വദേശി ഫക്കീര്‍ മുഹമ്മദാണ് അല്‍ ഹുസൈനിയെ നയിച്ചിരുന്നത്. പുറപ്പെടുമ്പോള്‍ കരുതിയിരുന്ന ഭക്ഷണസാധനങ്ങള്‍ മുഴുവന്‍ ഉപയോഗിച്ച് തീര്‍ത്തെങ്കിലും ഇവരില്‍ നിന്ന്്് ഉപദ്രവമൊന്നുമുണ്ടായില്ലെന്ന്്് മത്സ്യത്തൊഴിലാളികളിലൊരാളായ മുഹമ്മദ് ഖാദര്‍ ബക്ഷി പറഞ്ഞു. ഭാരത സര്‍ക്കാറിനോടും തീരസംരക്ഷണ സേനയോടും തങ്ങള്‍ കടപ്പെട്ടിരിക്കുന്നതായും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളുടെ പക്കല്‍ മൊബൈല്‍ഫോണും ഇറാന്‍ കസ്റ്റംസ് അധികൃതര്‍ നല്‍കിയ പാസും മാത്രമാണ് ഉണ്ടായിരുന്നത്. ഇറാനിലെയും പാക്കിസ്ഥാനിലെയും എംബസിയുമായി ഉടന്‍ ബന്ധപ്പെടുമെന്ന് തീരസംരക്ഷണ സേനാ അധികൃതര്‍ പറഞ്ഞു.
പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിച്ചെങ്കിലും ഇത് വകവെക്കാതെ തീരസംരക്ഷണ സേന ബോട്ടിലെത്തി അവശരായ ജീവനക്കാര്‍ക്ക് ചികിത്സയും ഭക്ഷണവും നല്‍കി തിരികെ കരയിലെത്തിക്കുകയായിരുന്നു. ഇന്ത്യന്‍ തീരസംരക്ഷണ സേനയുടെ വിജയകരമായ രണ്ടാമത്തെ രക്ഷാപ്രവര്‍ത്തന ദൗത്യമായിരുന്നു ഇതെന്ന്്് തീരസംരക്ഷണസേന കമാര്‍ഡര്‍ ടി കെ ചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികളെ കേരള പോലീസിന് കൈമാറി.

Latest