Connect with us

Kerala

യു എന്‍ അവാര്‍ഡ് സ്വീകരിക്കാന്‍ ഉമ്മന്‍ ചാണ്ടി നാളെ ബഹ്‌റൈനിലേക്ക്

Published

|

Last Updated

തിരുവനന്തപുരം: ഐക്യരാഷ്ട്ര സംഘടന ആഗോളതലത്തില്‍ പൊതുജന സേവനത്തിനു നല്‍കുന്ന അവാര്‍ഡ് സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാളെ ബഹ്‌റൈനിലേക്ക് തിരിക്കും. മനാമയിലെ ബഹ്‌റൈന്‍ നാഷനല്‍ തിയേറ്ററില്‍ വൈകുന്നേരം നടക്കുന്ന ചടങ്ങില്‍ യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണില്‍ നിന്ന് മുഖ്യമന്ത്രി അവാര്‍ഡ് ഏറ്റുവാങ്ങും.
യു എന്‍ പൊതുജന സേവന ദിനത്തോടനുബന്ധിച്ചുള്ള കണ്‍വെന്‍ഷന്‍ ബഹ്‌റൈനില്‍ തുടങ്ങി. “എല്ലാവരുടെയും നല്ലൊരു ഭാവിക്കുവേണ്ടി ഇ-ഭരണവും നൂതനാശയങ്ങളും” എന്നതാണ് സമ്മേളന വിഷയം.
സമാപന ദിവസമായ 27നാണ് യു എന്‍ പൊതുജന സേവന അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. രാവിലെ പത്തിന് പ്രതേ്യക സമ്മേളനം, 2.30ന് പ്ലീനറി സെഷന്‍, 3.30ന് മിനിസ്റ്റീരിയല്‍ റൗണ്ട് ടേബിള്‍, 5.15ന് അവാര്‍ഡ് വിതരണം എന്നിവയാണ് പരിപാടികള്‍. 80 രാജ്യങ്ങളില്‍ നിന്നായി മൂവായിരത്തോളം പ്രതിനിധികളെയാണ് പ്രതീക്ഷിക്കുന്നത്. എഴുനൂറോളം ലോക നേതാക്കള്‍, ഉന്നതതല സംഘങ്ങള്‍, നയതന്ത്ര പ്രതിനിധികള്‍, വിദഗ്ധര്‍ എന്നിവരാണ് ചതുര്‍ദിന കണ്‍വെന്‍ഷനിലെ ക്ഷണിതാക്കള്‍.
പൊതുജന സേവന അവാര്‍ഡ് ഇതാദ്യമായാണ് ഗള്‍ഫ് മേഖലയില്‍ വെച്ച് വിതരണം ചെയ്യുന്നത്. യു എന്‍ ആസ്ഥാനമായ ന്യൂയോര്‍ക്കിന് പുറത്ത് ഇത് നാലാം തവണയാണ്. പൊതുജന സേവന ദിനമായ ജൂണ്‍ 23നോട് അനുബന്ധിച്ച് 2003 മുതല്‍ ഐക്യരാഷ്ട്ര സംഘടന യു എന്‍ പബ്ലിക് സര്‍വീസ് അവാര്‍ഡ് നല്‍കിവരുന്നു. ലോക രാജ്യങ്ങളെ അഞ്ച് മേഖലകളായി തിരിച്ചാണ് യു എന്‍ അവാര്‍ഡ് നല്‍കുന്നത്. ഇന്ത്യ ഉള്‍പ്പെടുന്ന ഏഷ്യ പസഫിക് മേഖലയില്‍ നിന്നാണ് 50 രാജ്യങ്ങളെ പിന്തള്ളി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒന്നാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷം ഒന്നാം സ്ഥാനത്തായിരുന്ന ദക്ഷിണ കൊറിയയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഒന്നാം സ്ഥാനത്തെത്തിയത്.