Connect with us

Editors Pick

വിശപ്പടക്കാന്‍ ചപ്പാത്തിക്കഷണവും ഉപ്പുവെള്ളവും

Published

|

Last Updated

mlp-kongadan muhammad

കൊങ്ങശ്ശേരി മുഹമ്മദ്

loach yathraറബിക്കടലിന് നടുവില്‍ വിശപ്പ് സഹിക്കാനാകാതെ മരിച്ചുവീഴുമെന്ന് തോന്നിച്ച നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് എഴുപതുകാരനായ മമ്പുറത്തെ കൊങ്ങശ്ശേരി മുഹമ്മദ്. നാലര പതിറ്റാണ്ട് മുമ്പ് കോഴിക്കോട് കാപ്പാട് കടപ്പുറത്ത് നിന്ന് നിറമുള്ള സ്വപ്‌നങ്ങളുമായി ലോഞ്ചില്‍ കയറിയ മുഹമ്മദിനിത് രണ്ടാം ജന്‍മമാണ്. 
കൊങ്ങശ്ശേരി ഹസന്റെയും ഫാത്വിമയുടെയും മകനാണ് മുഹമ്മദ്. നാട്ടില്‍ ബേക്കറിയുണ്ടായിരുന്നെങ്കിലും കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ ഇത് തികയാതെ വന്നപ്പോഴാണ് ദുബൈയിലേക്ക് പോകുന്നതിനെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. കാപ്പാടുനിന്ന് ലോഞ്ചില്‍ ദുബൈയിലേക്ക് ആളെ കൊണ്ടുപോകുന്നുണ്ടെന്ന് കേട്ട് മുഹമ്മദും കടല്‍ കടക്കാന്‍ തീരുമാനിച്ചു. എന്നാല്‍ അതിനുള്ള പണം കണ്ടെത്താനാകാതെ കുഴങ്ങിയ മുഹമ്മദിന് ഒടുവില്‍ സഹോദരിയുടെ സ്വര്‍ണാഭരണം വില്‍ക്കേണ്ടി വന്നു. 400 രൂപയാണ് യാത്രക്ക് ആവശ്യമായിരുന്നത്. സ്വര്‍ണം വിറ്റിട്ടും ഇത്രയും പണം ലഭിക്കാതെ വന്നതോടെ വീട്ടിലുള്ള ആടിനെയും ആട്ടിന്‍ കുട്ടിയെയും വില്‍പ്പന നടത്തി ഒരു വിധത്തിലാണ് പണമുണ്ടാക്കിയത്.
ഒടുവില്‍, ലോഞ്ചില്‍ കയറാനായി നാട്ടില്‍ നിന്ന് വാസ്‌ഗോഡഗാമ കപ്പലിറങ്ങിയ സ്ഥലത്തിനടുത്തേക്ക് തിരിച്ചു. കരയില്‍ നിന്ന് ഏറെ അകലെ നിര്‍ത്തിയിട്ടിരുന്ന ലോഞ്ചിലേക്ക് ചെറിയ പായത്തോണിയില്‍ കയറ്റിയാണ് തങ്ങളെ കൊണ്ടുപോയത്. അപ്പോഴേക്കും പോലീസ് സ്ഥലത്തെത്തിയിരുന്നു. ഇരുനൂറോളം പേരാണ് ലോഞ്ചില്‍ കയറാനായി കാത്തു നിന്നിരുന്നത്. എന്നാല്‍ പോലീസ് എത്തിയതോടെ 130 പേര്‍ക്ക് മാത്രമാണ് കയറാന്‍ കഴിഞ്ഞത്. ബാക്കിയുള്ളവര്‍ ഓടിരക്ഷപ്പെട്ടു. എല്ലാവരും മലയാളികള്‍. മമ്പുറം സ്വദേശികളായ നിരവധി പേരുണ്ടായിരുന്നതായി അദ്ദേഹം ഓര്‍ക്കുന്നു.
ചെമ്മാട് സ്വദേശി ഹംസ, മമ്പുറം മുക്രിവീടന്‍ ഹംസ, വെളിമുക്കിലെ ആറ്റക്കോയ തങ്ങള്‍ തുടങ്ങിയവരെ ഇപ്പോഴും കാണാറുണ്ട്. ഗുജറാത്തിലെ കച്ച് പ്രദേശത്തുള്ളവരുടെതായിരുന്നു ലോഞ്ച്. കയര്‍, മുള തുടങ്ങിയ ചരക്കുകളും ഇതിലുണ്ടായിരുന്നു. ഭക്ഷണം പോലുമില്ലാതെ ദിവസങ്ങള്‍ നീണ്ട യാത്ര. ഉച്ചക്ക് അല്‍പ്പം കഞ്ഞികിട്ടും. രാത്രി ഒരു ചപ്പാത്തി നാലാക്കി ഭാഗിച്ച് ഓരോരുത്തര്‍ക്ക് നല്‍കും. കത്തിയാളുന്ന വയറിന് അതൊന്നുമാകില്ല. അതിനിടെ ലോഞ്ചിലെ കുടിവെള്ളം തീര്‍ന്നു. പിന്നീട് കടല്‍വെള്ളം കുടിച്ചാണ് ദാഹമകറ്റിയത്. ഉപ്പ് വെള്ളം കുടിച്ച് പലര്‍ക്കും കലശലായ ഛര്‍ദിയുണ്ടായി.
പാക്കിസ്ഥാനിലെ കടലിലൂടെ പോകുമ്പോള്‍ വലിയ കടല്‍ക്ഷോഭം ഉണ്ടായിരുന്നു. വര്‍ഷങ്ങല്‍ക്ക് മുമ്പ് ദ്വാരക കപ്പല്‍ മുങ്ങിയ ഭാഗത്തിലൂടെയായിരുന്നു യാത്ര. 14 ദിവസത്തെ യാത്രക്കൊടുവില്‍ മസ്‌കത്തിലെത്തി. അവിടെ ഇറങ്ങിയ തങ്ങള്‍ ജോലി തേടി ദിവസങ്ങളോളം അലഞ്ഞു. അന്ന് ദുബൈയില്‍ ഒന്നിലധികം നിലയുള്ള ഒന്നോ രണ്ടോ കെട്ടിടം മാത്രമാണുണ്ടായിരുന്നത്. ഒരു ബേക്കറിയില്‍ ജോലി കിട്ടി. രേഖകളൊന്നുമില്ലാത്തിനാല്‍ അഞ്ച് രൂപ മാത്രമാണ് ശമ്പളം തന്നത്. മറ്റുള്ളവരേക്കാളേറെ ജോലി ചെയ്യേണ്ടിയും വന്നു. ഇതിനിടെ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റും പാസ്‌പോര്‍ട്ടും സംഘടിപ്പിച്ച് നാല് വര്‍ഷത്തിന് ശേഷം കപ്പല്‍ വഴി നാട്ടിലെത്തുകയും വീണ്ടും തിരിച്ചുപോകുകയും ചെയ്തു. പിന്നീട് വിസയെടുത്താണ് പോയത്. ദുബൈയിലെ പട്ടാളത്തിലായിരുന്നു ജോലി. 25വര്‍ഷം ഇവിടെ ജോലി ചെയ്തു. 250 രൂപയായിരുന്നു തുടക്കത്തില്‍ ശമ്പളം. അത് പിന്നെ വര്‍ധിച്ചു. അല്ലലില്ലാതെ കുടുംബം കഴിഞ്ഞു.
അതിനിടെ 25 വര്‍ഷംപൂര്‍ത്തിയാക്കിയവരെ പിരിച്ചു വിട്ട കൂട്ടത്തില്‍ 1994ല്‍ മുഹമ്മദിനും നാട്ടിലേക്ക് തിരിക്കേണ്ടിവന്നു. മടങ്ങുമ്പോള്‍ ദുബൈയിലെ രാജ്യസേവനത്തിനുള്ള ഔദ്യേഗിക സര്‍ട്ടിഫിക്കറ്റും ശമ്പളത്തിന് പുറമെ എണ്‍പതിനായിരം രൂപയും ലഭിച്ചു. നാട്ടിലെത്തി ഏതാനും മാസം കഴിഞ്ഞപ്പോള്‍ എഴുപതിനായിരം രൂപ വേറെയും തപാലില്‍ അയച്ചുകിട്ടി. നീണ്ട മുപ്പത് വര്‍ഷത്തെ പ്രവാസി ജീവിതിത്തിനിടക്ക് സ്വന്തമായി വീട് വെച്ചതും മൂന്ന് പെണ്‍മക്കളെ വിവാഹം ചെയ്തയക്കാനായതുമാണ് ഇദ്ദേഹത്തിന് നേട്ടമായുള്ളത്.

നാളെ:
കാതുകളില്‍ കൊടുങ്കാറ്റിന്റെ ആരവം