കാശ്മീരിലെ ആക്രമണം

Posted on: June 26, 2013 6:00 am | Last updated: June 26, 2013 at 12:00 am
SHARE

SIRAJ....... സൈനികരുടെ കൂട്ടമരണത്തിനിടയാക്കിയ കാശ്മീരിലെ തീവ്രവാദി ആക്രമണം ഉത്ക്കണ്ഠാ ജനകമാണ്. തിങ്കളാഴ്ച വൈകീട്ട് ബൈക്കിലെത്തിയ രണ്ട് തീവ്രവാദികള്‍ ശ്രീനഗറിന് സമീപം ബെബിനയില്‍ സൈനിക വാഹനത്തിന് നേരെ നടത്തിയ വെടിവെപ്പിലാണ് എട്ട് പേര്‍ കൊല്ലപ്പെടുകയും പതിനൊന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തത്. ജമ്മു-കാശ്മീരിന്റെ സ്വപ്‌ന പദ്ധതിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഖാസിഗുണ്ഡ്-ബനിഹാള്‍ റെയില്‍ പാതയുടെ ഉദ്ഘാടനത്തിന് പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും കാശ്മീരിലെത്തുന്നതിന്റെ തലേനാളാണ് ആക്രമണമെന്നത് അതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

ഹിസ്ബുല്‍ മുജാഹിദീനാണ് സംഭവത്തിന് പിന്നിലെന്നാണ് കരുതുന്നത്. നാല് ദിവസം മുമ്പ് ഇവര്‍ നടത്തിയ മറ്റൊരു ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ മരിച്ചിരുന്നു. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെ തുടര്‍ന്ന് ഫെബ്രുവരിയില്‍ സംസ്ഥാനത്ത് നടന്ന സംഘര്‍ഷാവസ്ഥ ഏറെക്കുറെ കെട്ടടങ്ങിയിരിക്കെ പുതിയ ആക്രമണത്തിന് പിന്നിലെ വികാരമെന്തെന്ന് വ്യക്തമായിട്ടില്ല. ഫെബ്രുവരിയിലെ പ്രതിഷേധത്തിന്റെ തുടര്‍ച്ചയായി വിലയിരുത്തുന്നവരുണ്ട്. അക്രമാസക്തമായ അന്നത്തെ പ്രതിഷേധ സമരത്തില്‍ മൂന്ന് പേര്‍ മരിക്കുകയും നുറുകണക്കിന് പേര്‍ക്ക് പരക്കേല്‍ക്കുകയും ചെയ്തിരുന്നു.
കാശ്മീര്‍ ജനതയെ വല്ലാതെ വേദനിപ്പിച്ച സംഭവമാണ് അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയും അത് നടപ്പാക്കിയ രീതിയും. പാര്‍ലിമെന്റ് ആക്രമണക്കേസില്‍ ഗുരു കുറ്റക്കാരനല്ലെന്നാണ് കാശ്മീരികള്‍ അന്നും ഇന്നും വിശ്വസിക്കുന്നത്. സംഭവത്തില്‍ അദ്ദേഹം പ്രതി ചേര്‍ക്കപ്പെട്ടതിലും ഇതുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ പ്രചരിപ്പിച്ച കഥകളിലും ദുരൂഹതകളേറെയുണ്ട് താനും. സുപ്രീം കോടതിയുടെ വിധിപ്രസ്താവത്തിലും പ്രതി കുറ്റകൃത്യം ചെയ്തതിന് വ്യക്തമായ തെളിവില്ലെന്ന് പറയുന്നുമുണ്ട്. കോണ്‍ഗ്രസിന്റെ നേതൃക്യാമ്പില്‍, ആര്‍ എസ് എസിന്റെ ഭീകരതയെക്കുറിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രി സുഷീല്‍ കുമാര്‍ ഷിന്‍ഡെ നടത്തിയ പ്രസ്താവന, ഭൂരിപക്ഷ വര്‍ഗീയത കോണ്‍ഗ്രസിനെതിരെ ആയുധമാക്കിയേക്കുമോ എന്ന ആശങ്കയില്‍ അവരെ തൃപ്തിപ്പെടുത്താനാണ് കുടുംബത്തെ പോലും അറിയിക്കാതെ പെട്ടെന്നൊരു സുപ്രഭാതത്തില്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതെന്ന സംശയവും ബലമാണ്. മൃതദേഹം കുടുംബത്തിന് വിട്ടുകൊടുക്കാതെ രഹസ്യമായി സംസ്‌കരിക്കുകയും ചെയ്തു. പ്രശ്‌നത്തിലുള്ള കാശ്മീരികളുടെ അസംതൃപ്തി മുതലെടുക്കാന്‍ തീവ്രവാദി സംഘടനകള്‍ ശ്രമിക്കുക സ്വാഭാവികം.
കാശ്മീരികളുടെ മുറിവുകളുണക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വിവിധ പാക്കേജുകള്‍ പ്രഖ്യാപിക്കുകയും പദ്ധതികളാവിഷ്‌കരിച്ചു നടപ്പാക്കുകയും ചെയ്യുമ്പോള്‍ തന്നെ മറുഭാഗത്ത് പുതിയ മുറിവുകള്‍ക്കിടയാക്കുന്ന വീഴ്ചകളും പാളിച്ചകളും ഭരണകൂടങ്ങളുടെയും സൈനികരുടെയും ഭാഗത്ത് നിന്നുണ്ടാകുന്നുവെന്നതാണ് കാശ്മീര്‍ പ്രശ്‌നം കെട്ടടങ്ങാതെ എന്നും പുകഞ്ഞുകൊണ്ടിരിക്കുന്നതിന് കാരണം. സൈനികരുടെ ഭാഗത്ത് നിന്ന് പലപ്പോഴും ഗുരുതരമായ വീഴ്ചകളാണ് അവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത്. തീവ്രവാദികളെ തിരയാനെന്ന പേരില്‍ വീടുകളില്‍ അതിക്രമിച്ചു കയറുന്ന സൈനികര്‍ സ്ത്രീകള്‍ക്ക് നേരെ നടത്തിയ ലൈംഗികാക്രമണങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ രാജ്യത്തിന്റെ സല്‍പ്പേരിന് കളങ്കം വരുത്തിയതാണ്. പല വിദേശ ചാനലുകളും പത്രങ്ങളും വന്‍പ്രാധാന്യത്തോടെ ഈ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ആംനസ്റ്റി ഇന്റര്‍നാഷനല്‍ പോലുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ ഇതിനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.
രൂക്ഷമായ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഈ അതിക്രമങ്ങള്‍ ഏറെക്കുറെ അവസാനിച്ചപ്പോഴാണ് മൂന്ന് വര്‍ഷം മുമ്പ് നിരപരാധിയായ ഒരു ബാലന്‍ സൈനിക വെടിവെപ്പില്‍ കൊല്ലപ്പെടുന്നത്. ഏറ്റുമുട്ടലില്‍ മരിച്ചതാണെന്നായിരുന്നു സൈനിക കേന്ദ്രത്തില്‍ നിന്നുള്ള ആദ്യ പ്രതികരണം. തീവ്രവാദിയാണന്ന ധാരണയില്‍ അബദ്ധവശാല്‍ സംഭവിച്ചതാണെന്നായിരുന്നു അടുത്ത വിശദീകരണം. പ്രസ്തുത സംഭവവും താഴ്‌വരയില്‍ ആഴ്ചകള്‍ നിണ്ട സംഘര്‍ഷങ്ങള്‍ക്കിടയാക്കി. നൂറിലേറെ പേരാണ് അന്ന് മരിച്ചത്. പാകിസ്ഥന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകള്‍ മുതലെടുക്കുന്നുവെന്നതാണ് ഇതിലെ അപകടകരമായ ഒരു വശം. തീവ്രവാദികളുടെ ആക്രമണങ്ങള്‍ സൈനികരില്‍ കേന്ദ്രീകരിക്കാന്‍ കാരണവും അവരുടെ ഇത്തരം ‘അബദ്ധങ്ങളാ’ണ്.
കാശ്മീരിലും മറ്റു അതിര്‍ത്തി സംസ്ഥാനങ്ങളിലും സൈനികര്‍ക്ക് നല്‍കിയ പ്രത്യേകാധികാരമാണ് അവരുടെ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമെന്ന് വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മനുഷ്യാവകാശ സംഘടനകളും വിലയിരുത്തുകയും അത് റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയും ചെയതെങ്കിലും കേന്ദ്രത്തിന് എന്തോ വൈമനസ്യം. സംസ്ഥാനത്തേക്ക് കോടികള്‍ നീക്കിവെക്കുന്നതിനേക്കാള്‍ കാശ്മീരികളുടെ വിശ്വാസമാര്‍ജിക്കാന്‍ ഫലപ്രദം, അമിതാധികാരം എടുത്തുകളഞ്ഞു സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയാണെന്ന് ബന്ധപ്പെട്ടവര്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. ഭരണകൂടത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസം വര്‍ധിക്കുന്നതോടെ തീവ്രവാദികളുടെ അജന്‍ഡകള്‍ അവിടെ പരാജയപ്പടുകയും ചെയ്യും.