രാഷ്ട്രീയത്തിലെ അപ്പൂപ്പന്‍ താടികള്‍

Posted on: June 26, 2013 6:00 am | Last updated: June 26, 2013 at 12:00 am
SHARE

“ജീവിതത്തിന്റെ എല്ലാ തുറകളിലുമുണ്ടായ മൂല്യശോഷണം രാഷ്ട്രീയ രംഗത്തുമുണ്ടായ കാലഘട്ടം ആയിരുന്നു കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യത്തെ ആറ് ദശകങ്ങള്‍. ഏതു ചവറുകളേയും ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ സജ്ജമാക്കിയ ഒരു ചവറ്റുകൊട്ടയായിരുന്നു ഈ പോയ ആറ് ദശകങ്ങളിലെ കേരള രാഷ്ട്രീയം. അടിമുടി ദുഷിച്ചുനാറിയ ഒരു വ്യവസ്ഥിതിക്കുള്ളില്‍ പ്രത്യേകിച്ചാരെയും തിരഞ്ഞുപിടിച്ചു കുറ്റപ്പെടുത്തിയിട്ടുകാര്യമില്ല. കാലുമാറ്റക്കാരും അധികാര ദുര്‍മോഹികളുമായ ഭാഗ്യാന്വേഷികളെ മാറിമറി ചുമക്കാന്‍ ജനങ്ങള്‍ യാതൊരു വൈമനസ്യവും പ്രകടിപ്പിക്കാത്ത ദശകങ്ങളാണ് കടന്നുപോയത്.”

കുട്ടികള്‍ കാറ്റത്ത് ഊതിപ്പറപ്പിച്ചു കളിക്കുന്ന ഒരു ഏകകോശ സസ്യമുണ്ട്; അപ്പൂപ്പന്‍താടി. കാറ്റിന്റെ ഗതിക്കെങ്ങോട്ടൊക്കയോ പറന്ന് എവിടെയോ അപ്രത്യക്ഷമാകുന്ന ഈ സസ്യത്തെ അതിവേഗം ബഹുദൂരം സഞ്ചരിക്കുന്ന നമ്മുടെ മുഖ്യമന്ത്രിയുടെ ഒരു സഹജീവിയായി ചിത്രീകരിക്കാന്‍ ആരെങ്കിലും തുനിഞ്ഞാല്‍ നമുക്കവരെ കുറ്റം പറയാനാകില്ല. ഇത്തരം അപ്പൂപ്പന്‍ താടികളുടെ പറന്നുകളിക്കലിനെ നോക്കി ആശ്ചര്യം കൂറുന്ന ഒരു ബാല മനസ്സ് കേരളത്തിലെ ബഹുജന മനഃശാസ്ത്രത്തെ രൂപപ്പെടുത്തുന്നു എന്നതിന്റെ തെളിവാണ്; ചില ഒറ്റപ്പെട്ട നേതാക്കളെ സര്‍വ നന്മകളുടേയും പ്രതീകമായി സങ്കല്‍പ്പിച്ച് അവര്‍ക്ക് പിന്നില്‍ അണിനിരക്കാന്‍ ഇവിടുത്തെ ഭൂരിപക്ഷം മനുഷ്യരും തയ്യാറുകുന്നു എന്നത്. സ്വന്തം കിടപ്പുമുറിയില്‍ പോലും ആര്‍ക്കും എപ്പോഴും കയറിയിറങ്ങാവുന്ന, വേണ്ടിവന്നാല്‍ അതെല്ലാം തല്‍സമയം മാലോകരെ കാണിച്ചുകൊടുക്കാന്‍ പാകത്തില്‍ മുറിയില്‍ ക്യാമറാ സംവിധാനം പോലും ഏര്‍പ്പെടുത്തിയിട്ടുള്ള മറ്റൊരു മുഖ്യമന്ത്രി വേറെ ഉണ്ടായിട്ടില്ല. ഉമ്മന്‍ ചാണ്ടി ഈ അര്‍ഥത്തില്‍ കേരള ചരിത്രത്തിലെ ഒരപൂര്‍വ പ്രതിഭാസമാണ്. 

സ്വാതന്ത്ര്യസമരത്തിന്റെ പൈതൃകം പാഠപുസ്തകത്തിലൂടെ മാത്രം വായിച്ചറിഞ്ഞ പുത്തന്‍ തലമുറയെ രാജ്യത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ പാകത്തില്‍ പരിശീലിപ്പിച്ചു തുടങ്ങിയ അഖിലകേരള ബാലജനസഖ്യത്തിന്റെ കളരിയില്‍ പരിശീലനം നേടിയ വ്യക്തിയാണ് ഉമ്മന്‍ചാണ്ടി. ബാലജനസഖ്യ പ്രതിഭയായ മറ്റു രണ്ട് മന്ത്രിമാരാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെ സി ജോസഫും.
പുതുപ്പള്ളി സെന്റ് ജോര്‍ജ് ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ലീഡര്‍ സ്ഥാനത്ത് നിന്നു തുടങ്ങി, ബാലജനസഖ്യം പ്രസിഡന്റ് സ്ഥാനത്ത് കൂടി കയറിയിറങ്ങി കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് നേതൃത്വശ്രേണിയില്‍ വിരാചിച്ച് മൂത്ത കോണ്‍ഗ്രസിന്റെ നേതൃപദവിയിലേക്ക് പരിശീലനം നല്‍കി യുവാക്കളെ കടത്തി വിടുക എന്ന അജന്‍ഡ തന്ത്രപൂര്‍വം നടപ്പിലാക്കിയ ബാലജനസഖ്യം രക്ഷാധികാരികളോട് ഈ നേതാക്കള്‍ക്കുള്ള കടപ്പാട് നിസ്സീമമാണ്. ഇങ്ങനെ ബാലജനസഖ്യത്തിന്റെ മറവില്‍ മനോരമ കുടുംബം നിവര്‍ത്തിക്കൊടുത്ത കുടയുടെ കീഴില്‍ വെയിലും മഴയും ഏല്‍ക്കാതെ നേതൃത്വത്തിലേക്കു നടന്നുകയറിയ ഈ നേതാക്കന്മാരുടെ വളര്‍ച്ചയുടെ ചരിത്രം കേരളത്തിന്റെ പോയ അര നൂറ്റാണ്ടിന്റെ ചരിത്രം കൂടിയാണ്.
സ്വന്തമായി ഒരു മൊബൈല്‍ ഫോണില്ലാത്ത, രാവേറെ ചെല്ലുവോളം തന്നെ സമീപിക്കുന്നവര്‍ക്കും സങ്കടനിവര്‍ത്തി വരുത്തുന്നതില്‍ യാതൊരു മടിയും പ്രകടിപ്പിക്കാത്ത, തലമുടി ചീകി ഒതുക്കാത്ത, പരുക്കന്‍ ഖദര്‍ മാത്രം ധരിക്കുന്ന ലാളിത്യത്തിന്റെ പ്രതീകമായ ഒരു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയല്ലാതെ മറ്റാരാണ് ഉള്ളത്? ഇങ്ങനെ ജനസേവനം ജീവിതവ്രതമാക്കിയ മറ്റൊരു മഹാത്മാവ് വെറെ ആരാണ് ഉള്ളത്? വെറുതെയാണോ മുഗള്‍ ചക്രവര്‍ത്തിമാരുടെ ദര്‍ബാറിന് പോലും ലഭിക്കാത്ത ബഹുമതി ഉമ്മന്‍ ചാണ്ടിയുടെ ബഹുജനസമ്പര്‍ക്ക പരിപാടിക്ക് ഐക്യരാഷ്ട്ര സഭ പോലും നല്‍കി അദ്ദേഹത്തെ ആദരിച്ചത്.
സുദിനങ്ങള്‍ കൊയ്യുവാന്‍ സഹന സത്യങ്ങളെ
സ്സദയം വിതയ്ക്കുന്ന സമിതികളേ
പരമാര്‍ഥം പറയാമോ-
ഖദര്‍ കൊണ്ടു പൊതിയാമോ
പരശ്ശതം കപടങ്ങള്‍ പറയൂ നിങ്ങള്‍!”
എന്ന് ചങ്ങമ്പുഴ എഴുതിയത് തീര്‍ച്ചയായും നമ്മുടെ മുഖ്യമന്ത്രിയെപ്പോലുള്ള ഈ ഗാന്ധിശിഷ്യന്മാരെ മുന്നില്‍ കണ്ടുകൊണ്ടായിരിക്കില്ല. 20-ാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധത്തില്‍ കാവ്യസപര്യ നടത്തിയ ചങ്ങമ്പുഴയുടെ നിരീക്ഷണ വലയത്തില്‍ ഇങ്ങനെ സ്വന്തം കാപട്യങ്ങളെ ഖദറില്‍ പൊതിഞ്ഞു സൂക്ഷിച്ച ഒരു പറ്റം രാഷ്ട്രീയ നേതാക്കള്‍ പെട്ടിരിക്കും. ജീവിതത്തിന്റെ എല്ലാ തുറകളിലുമുണ്ടായ മൂല്യശോഷണം രാഷ്ട്രീയ രംഗത്തുമുണ്ടായ കാലഘട്ടം ആയിരുന്നു കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യത്തെ ആറ് ദശകങ്ങള്‍. ഏതു ചവറുകളേയും ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ സജ്ജമാക്കിയ ഒരു ചവറ്റുകൊട്ടയായിരുന്നു ഈ പോയ ആറ് ദശകങ്ങളിലെ കേരള രാഷ്ട്രീയം. അടിമുടി ദുഷിച്ചുനാറിയ ഒരു വ്യവസ്ഥിതിക്കുള്ളില്‍ പ്രത്യേകിച്ചാരെയും തിരഞ്ഞുപിടിച്ചു കുറ്റപ്പെടുത്തിയിട്ടുകാര്യമില്ല. കാലുമാറ്റക്കാരും അധികാര ദുര്‍മോഹികളുമായ ഭാഗ്യാന്വേഷികളെ മാറിമറി ചുമക്കാന്‍ ജനങ്ങള്‍ യാതൊരു വൈമനസ്യവും പ്രകടിപ്പിക്കാത്ത ദശകങ്ങളാണ് കടന്നുപോയത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അല്‍പ്പം കൂടുതല്‍ അക്ഷരാഭ്യാസം നേടിപ്പോയതിന്റെ പേരില്‍ ഇവിടുത്തുകാരാകെ രാഷ്ട്രീയ പ്രബുദ്ധത കൈവരിച്ചവരാണെന്നു ഒരു മിഥ്യാധാരണ നമ്മള്‍ പേറുന്നുണ്ട്. നമുക്ക് ലഭിച്ച വിദ്യാഭ്യാസം നമ്മളെ ഏതെങ്കിലും തരത്തില്‍ പ്രബുദ്ധരാക്കി എന്ന് പറയാനാകുകയില്ല. അതു നമ്മളെ അവനവനിസത്തിന്റെ ആഴങ്ങളിലേക്ക് തള്ളിവിടുകയായിരുന്നു.
സ്വന്തം സുഖസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായുള്ള പരക്കംപാച്ചിലില്‍ നമ്മള്‍ ആട്, തേക്ക്, മാഞ്ചിയം, തട്ടിപ്പുകളിലും പ്രലോഭനകരാമായ പരസ്യങ്ങളുടെ കുടുക്കിലും പെട്ടു. ഇപ്പോഴിതാ ഏറ്റവും ഒടുവിലായി സൗരോര്‍ജവ്യാപാര തട്ടിപ്പിനും ഇരയായിരിക്കുന്നു. ‘സൗരോര്‍ജം അതുമാത്രമാണിനി നമുക്കാശ്രയം, വെയ് രാജാ വെയ് ഒന്നുവെച്ചാല്‍ രണ്ട്’, കേള്‍ക്കാത്ത താമസം – വിലക്കപ്പെട്ട പഴം തിന്നാല്‍ ഹവ്വ വല്ല്യമ്മയെ പ്രലോഭിപ്പിച്ച സാത്താന്റെ പുതിയ അവതാരങ്ങളില്‍ കേരളീയര്‍ എത്ര പെട്ടെന്നാണ് ആകൃഷ്ടരായത്! അന്ന് സാത്താന്‍ പാമ്പിന്റെ രൂപത്തിലായിരുന്നു ഏദന്‍ തോട്ടത്തില്‍ കടന്നതെങ്കില്‍ ഇന്ന് സരിതാ എസ് നായരുടെ രൂപത്തിലാണ് ഇവിടെ പ്രവേശിച്ചത്. അവരിതാ പുതുപ്പള്ളിക്കാര്‍ അവരുടെ ഗീവര്‍ഗീസ് പുണ്യവാളന്‍ കഴിഞ്ഞാല്‍ പിന്നെ രണ്ടാമത്തെ പുണ്യവാളനായി മനസ്സില്‍ കുടിയിരുത്തിയിരിക്കുന്ന നമ്മുടെ കുഞ്ഞൂഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫീസിലും കടന്നുകൂടി ആകെ കുഴപ്പമാക്കിയിരിക്കുന്നു.
പുതുപ്പള്ളിയുടെ ഈ പുണ്യവാളന്റെ അമിതലാളിത്യം തന്റെ കോളജ് ജീവിതകാലത്തേ തുടങ്ങിയതാണ്. കുപ്രസിദ്ധമായ ഒരണ സമരം കേരളത്തിന് സംഭാവന ചെയ്ത യുവജന പ്രസ്ഥാനമായിരുന്നു കെ എസ് യു. അതിന്റെ അമരക്കാരനായി ചെറിയ പ്രായത്തില്‍ തന്നെ ഇന്ത്യന്‍ പാര്‍ലിമെന്റില്‍ സാന്നിധ്യം അറിയിക്കാന്‍ ഭാഗ്യം ലഭിച്ച വ്യക്തിയായിരുന്നു. കോണ്‍ഗ്രസിന്റെ വനിതാ നേതാവായ ശ്രീമതി ദേവകികൃഷ്ണന്റെ മൂത്തപുത്രന്‍ എം കെ രവീന്ദ്രന്‍ എന്ന വയലാര്‍ രവി. ചെന്നിത്തല ഹിന്ദിയില്‍ പ്രസംഗിച്ച് ഇന്ദിരാ ഗാന്ധിയുടെ ശ്രദ്ധ പിടിച്ചുപറ്റിയ പോലെ എ ഐ സി സി സമ്മേളനത്തില്‍ ഇംഗ്ലീഷില്‍ പ്രസംഗിച്ച് നെഹ്‌റുവിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ നേതാവായിരുന്നു വയലാര്‍ജി. അനുയായികള്‍ക്കദ്ദേഹം വയലാര്‍ജിയും പ്രതിയോഗികള്‍ക്കദ്ദേഹം വയലന്റ് രവിയും ആയിരുന്നു. ആ രവിയേട്ടനായിരുന്നു കെ എസ് യുവിലൂടെ രാഷ്ട്രീയത്തിലേക്കുവന്ന ആന്റണിക്കും ഉമ്മന്‍ ചാണ്ടിക്കും എ സി ഷണ്‍മുഖദാസ് തുടങ്ങിയ യുവനിരക്കും മാര്‍ഗദര്‍ശി. കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പായിരുന്നു ഇവരുടെ രാഷ്ട്രീയ നാടകത്തിന്റെ റിഹേഴ്‌സല്‍ ക്യാമ്പ്. പുതിയ ഷര്‍ട്ടിന് അവിടവിടെ കീറല്‍ ഉണ്ടാക്കി ധരിക്കുക. ശരീരത്തില്‍ സാങ്കല്‍പ്പിക പരുക്കുകള്‍ ഉണ്ടാക്കി, ബാന്‍ഡേജുമായി വോട്ട് യാചിക്കുക ഇങ്ങനെ മൃദുലചിത്തകളായ മലയാളി മങ്കമാരുടെ സഹതാപ തരംഗത്തില്‍ നിന്നും വോട്ടുകള്‍ വിരിയിക്കുന്ന മായാജാലം പ്രകടിപ്പിച്ചു ശ്രദ്ധേയരായവരായിരുന്നു അക്കാലത്തെ ഈ യുവജന നേതൃനിര.
പരിവാരങ്ങളുടെ ഒരു സുദീര്‍ഘ നിര എപ്പോഴും കൂടെ. സ്വന്തം വീടിനുപുറമെ തലസ്ഥാനത്തും പ്രധാന ജില്ലാ കേന്ദ്രങ്ങളിലും സ്വന്തം ഇടപാടുകാര്‍ക്കു വേണ്ടിയുള്ള വിശ്രമ മന്ദിരങ്ങള്‍, ആരോടും ഏതു കാര്യത്തിനും ‘നോ’ പറയുകയില്ലെന്ന പിടിവാശി, ‘എല്ലാം ശരിയാക്കാം’ എന്ന ആശ്വാസ വചനം- ആനന്ദലബ്ധിക്കിനിയെന്തു വേണം? ഇതിനൊരു തിരിച്ചടിയാണ് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി അഭിമുഖീകരിക്കുന്ന പ്രതിസന്ധി.
സരിതാ നായരുടെ വെളിപ്പെടുത്തല്‍ വേട്ടയാടുന്നത് മുന്‍മന്ത്രി ഗണേഷ് കുമാറിനെയാണ്. കഴിഞ്ഞ ദിവസം ആ പാവം പിതാവും പുത്രനും ചേര്‍ന്ന് നടത്തിയ ചാനല്‍ പ്രകടനം ഗണേഷ് കുമാറിന് വില്ലന്‍ വേഷം മാത്രമല്ല നായക വേഷവും ഇണങ്ങുമെന്ന് ബോധ്യപ്പെടുത്തുന്ന തരത്തിലായിരുന്നു. ഈ പിതാവും പുത്രനും തമ്മില്‍ വല്യ വ്യത്യാസമൊന്നുമില്ലെന്നും പി സി ജോര്‍ജ് മാത്രമല്ല ഈയിടെ അന്തരിച്ച ലോനപ്പന്‍ നമ്പാടനും സാക്ഷ്യപ്പെടുത്തുന്നുണ്ട്. രണ്ട് പേരും കേരള കോണ്‍ഗ്രസ് സംസ്‌കാരം വേണ്ടുവോളം ഉള്‍ക്കൊണ്ടവരായിരുന്നല്ലോ. കൂടെ കിടക്കുന്നവര്‍ക്കല്ലേ രാപ്പനിയുടെ അളവറിയൂ. നമ്പാടന്‍ മാഷ് തന്റെ ആത്മകഥയായ ‘സഞ്ചരിക്കുന്ന വിശ്വാസി’യില്‍ (ഡി സി ബുക്‌സ്) അപ്പന്‍ വേലി ചാടിയാല്‍ മകന്‍ മതില്‍ ചാടും എന്ന ശീര്‍ഷകത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: വിവാഹത്തിന് മുമ്പ് ഒരു സ്ത്രീയെ പീഡിപ്പിച്ചെന്നാരോപിച്ച് പിള്ളക്കെതിരെ ഒരു കേസ് കോടതിയിലെത്തി. കേസ് ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പായി. ബാലകൃഷ്ണ പിള്ളയുടെ പിതാവ് കീഴൂട്ട് രാമന്‍ പിള്ള മജിസ്‌ട്രേറ്റിനെ രഹസ്യമായി കണ്ടു. മകനെ രക്ഷിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ഒടുവില്‍ മജിസ്‌ട്രേറ്റിന്റെ മകളെ തന്റെ മകന്‍ ബാലകൃഷ്ണ പിള്ളയെ കൊണ്ടു വിവാഹം കഴിപ്പിക്കാമെന്ന വ്യവസ്ഥ പ്രകാരമാണ് ബാലകൃഷ്ണ പിള്ളയുടെ വിവാഹം നടന്നത് (പേജ് 44) ഈ കേസിനെപറ്റിയുള്ള വിവരങ്ങള്‍ കേരള ലോ ടൈംസില്‍ (1954 K LT 544) റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിയമസഭയിലെ ലൈബ്രറിയില്‍ നിന്നും പ്രസ്തുത റിപ്പോര്‍ട്ട് ഉള്‍ക്കൊള്ളുന്ന കേരള ലോ ടൈംസ് ഉദ്ധരിച്ചുകൊണ്ടായിരുന്നു നമ്പാടന്റെ പ്രകടനം. നമ്പാടന്‍ തുടര്‍ന്നെഴുതുന്നു. ”ബാലകൃഷ്ണ പിള്ളയുടെ മകന്‍ ഗണേഷ്‌കുമാറും അച്ഛന്റെ പാതയിലായിരുന്നു. ചെറുപ്പം മുതല്‍ ഗണേഷും സുഖിച്ചാണ് ജീവിച്ചത്. ഗണേശനെ സംബന്ധിച്ച് ഒരു സുപ്രധാന വിവരം ഞാനറിഞ്ഞു. ഞാന്‍ ഇക്കാര്യം നിയമസഭയില്‍ ഉന്നയിക്കുമെന്ന് ബാലകൃഷ്ണ പിള്ള മണത്തറിയുകയും അദ്ദേഹം എന്നെ സമീപിച്ചു ദയവായി ഇക്കാര്യം നിയമസഭയില്‍ ഉന്നയിക്കരുതെന്ന് അപേക്ഷിക്കുകയും ചെയ്തു. ‘എന്റെ കുടുംബം നശിപ്പിക്കരുത്’- പിള്ള യാചിച്ചു. ഇതിന് പുറമെ സ്പീക്കര്‍ ഉള്‍പ്പെടെ പല നേതാക്കളെ കൊണ്ടും എന്നോടു പറയിപ്പിച്ചു. നേതാക്കളുടെ അഭ്യര്‍ഥന മാനിച്ച് ഞാന്‍ സഭയില്‍ ഇക്കാര്യം ഉന്നയിച്ചില്ല.
ഇതൊക്കെ ആണ് പൂര്‍വ ചരിത്രമെങ്കിലും ഒരു പിടിക്കപ്പെട്ട കള്ളന്റെ തലയില്‍ നാട്ടിലെ സര്‍വ മോഷണങ്ങളുടെയും പാപഭാരം ചുമത്തുന്നതുപോലെ ആയില്ലേ ഇപ്പോള്‍ സരിതാ എസ് നായരുടെ സ്വന്തം നായരായിരുന്ന ബിജു രാധാകൃഷ്ണന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍? സിനിമാ രംഗത്തും ചാനല്‍ രംഗത്തും ഒക്കെ ഇരിപ്പിടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ഗണേഷ് കുമാറിന് ഭര്‍തൃമതികളായ സ്ത്രീകളെ മാത്രം വല വീശിപ്പിടിക്കുന്നതില്‍ ഇങ്ങനെ പ്രത്യേകത താത്പര്യം പ്രകടിപ്പിക്കേണ്ടതുണ്ടോ എന്ന സംശയം സ്വാഭാവികമായും ഉയരുന്നു.
ദുരിതാശ്വാസനിധിയിലേക്ക് ഇരുപത്തിയഞ്ചുലക്ഷത്തിന്റെ ചെക്ക് പരസ്യമായി വാങ്ങിയതും ഫോട്ടോ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതും വസ്തുത. ആ ചെക്ക് വണ്ടിച്ചെക്കാണെന്നറിഞ്ഞപ്പോള്‍ അതിനെതിരെ സാധാരണമായ നിയമനടപടികള്‍ എടുക്കുന്നതില്‍ നിന്നും സര്‍ക്കാറിനെ വിലക്കിയതെന്തിന് എന്ന ചോദ്യം പ്രതിപക്ഷം ഉന്നയിക്കുന്നു. അതുപോലെ തന്നെ ഗണേഷ്‌കുമാറിന്റെയും യാമിനി തങ്കച്ചിയുടെയും ദാമ്പത്യ കലഹം പറഞ്ഞുതീര്‍ക്കുന്നതില്‍ മുഖ്യമന്ത്രി നടത്തിയ ശ്രമം ഭാര്യാഭര്‍ത്താക്കന്മാരുടെ വേര്‍പിരിയലില്‍ ആണ് കലാശിച്ചത്. ഇങ്ങനെ തമ്മില്‍ പിരിക്കുന്നതിനല്ലാതെ യോജിപ്പിക്കുന്ന കാര്യത്തില്‍ യാതൊരു അനുഭവപരിചയവും ഇല്ലാത്ത മുഖ്യമന്ത്രിയ തന്നെ ബിജു രാധാകൃഷ്ണന്‍ എന്തിനു സമീപിച്ചു? ഇവര്‍ക്കൊന്നും ദാമ്പത്യകലഹങ്ങള്‍ പറഞ്ഞുതീര്‍ക്കലല്ലാതെ പണിയൊന്നും ഇല്ലേ എന്ന ചോദ്യം ആരും ഉന്നയിക്കാവുന്നതേയുള്ളൂ.
ഗണേഷ്‌കുമാറിന്റെ വീട്ടുകലഹം പറഞ്ഞുതീര്‍ക്കുന്നതില്‍ മുഖ്യമന്ത്രി ഇടപെട്ടത് മനസ്സിലാക്കാം. അതൊരു സഹപ്രവര്‍ത്തകിന്റെ ഗാര്‍ഹിക പ്രശ്‌നമാണ്. ഇത്തരം അടുപ്പമൊന്നും മുഖ്യമന്ത്രിക്കും ബിജു രാധാകൃഷ്ണനും സരിതാ എസ് നായര്‍ക്കും തമ്മില്‍ ഇല്ലല്ലോ? പിന്നെ എന്തിന് മുഖ്യമന്ത്രിയുടെ വിലപ്പെട്ട ഒരു മണിക്കൂര്‍ ഇത്തരം ഒരു അടുക്കളകാര്യത്തിനായി ചെലവഴിച്ചു? അതെല്ലാം കൂടി യല്ലേ ഈ പ്രശ്‌നത്തെ ചൊല്ലി ഇത്ര പൊല്ലാപ്പൊക്കെ ഉണ്ടായത്? ഇതെല്ലാം ആലോചിക്കുമ്പോള്‍ ഈ സരിതാ നായരും അവരുടെ മുന്‍നായരും അത്ര ചില്ലറക്കാരല്ലെന്ന് വരുന്നു. ഡല്‍ഹിയിലെ ഉന്നതങ്ങളില്‍ പോലും പിടിപാടുള്ള ഈ നായരേയും ഈ അച്ചിയേയും അവരെപ്പോലെ തരികിട കമ്പനികള്‍ രൂപവത്കരിച്ച് ആളെ പറ്റിക്കുന്ന ബിസിനസ്സ് സംരംഭകരേയും മാത്രമല്ല മന്ത്രിമന്ദിരങ്ങളില്‍ പാറിപ്പറന്ന് നടക്കുന്ന മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫെന്ന അപ്പൂപ്പന്‍താടികളേയും കുറിച്ച് നമ്മള്‍ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു എന്ന സന്ദേശമാണ് ഈ വിവാദം നല്‍കുന്നത്.
സൂര്യന്‍ ആളു നിസ്സാരക്കാരനല്ല. വേണ്ടാത്ത മോഹങ്ങളൊക്കെ അദ്ദേഹത്തെക്കുറിച്ച് വെച്ച് പുലര്‍ത്തുന്നവര്‍ അതിന്റെ ഫലം അനുഭവിക്കേണ്ടതായിവരും. പണ്ട് നമ്മുടെ ഹസ്തിനപുരത്തെ ഒരു രാജകന്യക കുളിക്കാന്‍ കടവിലിറങ്ങിയപ്പോള്‍ ജലോപരിതലത്തില്‍ പ്രതിഫലിച്ച സൂര്യനെ കണ്ട് ആ സൗന്ദര്യത്തില്‍ മനം ഇളകിപ്പോയി. വെറുതെ ഒരു മന്ത്രം ചൊല്ലി നോക്കി. സൂര്യനുണ്ടോ വിടുന്നു. തത്ക്ഷണം കുന്തിയുടെ സമീപത്തെത്തി. ആ പീഡനത്തില്‍ പിറന്ന വീരനായകനായിരുന്നല്ലോ സാക്ഷാല്‍ കര്‍ണന്‍. വിവാഹത്തിന് മുമ്പുള്ള ഗര്‍ഭധാരണവും അത് ഒളിപ്പിക്കാനും പ്രസവിച്ച കുട്ടിയെ പുറംതള്ളാനും ഒക്കെ പാവം കുന്തി ദേവി, എത്ര മാത്രം ബുദ്ധിമുട്ടിയയെന്നതൊക്കെ ആ ഇതിഹാസ്യകാവ്യം നമുക്ക് വ്യക്തിമാക്കിത്തരുന്നുണ്ട്. അതിനാല്‍ സൂര്യഭഗവാനോട് വല്യ കളിയൊന്നും വേണ്ട.
വാല്‍കഷണം: വെബ്ബ് ക്യാമറയാണിപ്പോള്‍ വില്ലന്‍. പുരുഷന്മാര്‍ സൂക്ഷിക്കുക. ഇടതുപക്ഷ എം എല്‍ എ ജോസ് തെറ്റിയലിന് പോലും തെറ്റിപ്പോയിരിക്കുന്നു. ഈ ഒളിക്യാമറ ഒരു കലിയുഗാവതരമാണ് . ആര്‍ക്കറിയാം ഈ പെണ്ണുങ്ങള്‍ എവിടെയൊക്കെ ക്യാമറ ഒളിപ്പിച്ചുവെച്ചുകൊണ്ടാണ് ആണുങ്ങളോടിടപെടുന്നതെന്ന്?