കടലാക്രമണത്തില്‍ കോടികളുടെ നാശനഷ്ടം

Posted on: June 26, 2013 6:00 am | Last updated: June 25, 2013 at 11:50 pm
SHARE

കോഴിക്കോട്:

രൂക്ഷമായ കടലാക്രമണത്തില്‍ ബേപ്പൂര്‍, ചാലിയം മേഖലകളില്‍ കോടികളുടെ നാശനഷ്ടം. ആറ് ബോട്ടുകള്‍ പൂര്‍ണമായും പതിമൂന്ന് ബോട്ടുകള്‍ ഭാഗികമായും തകര്‍ന്നു. മുപ്പതോളം ബോട്ടുകള്‍ കടലിലേക്ക് ഒഴുകിപ്പോയി. രക്ഷാപ്രവര്‍ത്തനത്തിനിടെ വള്ളങ്ങള്‍ ഒഴുകി പോകുന്നത് കണ്ട ഒരാള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കടലുണ്ടി നാലുകുട്ടിപറമ്പില്‍ ഫസലാണ് (42) മരിച്ചത്. കടപ്രേന്‍, അല്‍ സലാം, മര്‍ളിയ, ഉമ്മുല്‍ഖുറാ, ജവാദ് എന്നീ വള്ളങ്ങളാണ് പൂര്‍ണമായും തകര്‍ന്നത്. ജനമുന്നേറ്റം, സഫാ മര്‍വ, സൗരഭ്യം, മര്‍ജാന്‍, അല്‍ അഹ്‌സ, ലുലു, മിന്നല്‍ക്കൊടി, സലാമത്ത്, ലൈഫ്‌ലൈന്‍, ബദറുല്‍ ഹുദ, അല്‍മുന, കഅ്ബ, ആഫിള് എന്നീ ബോട്ടുകളാണ് ഭാഗികമായി തകര്‍ന്നത്. ഏകദേശം 12 കോടിയോളം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.
ഒഴുകിപ്പോയ 13 വള്ളങ്ങള്‍ ഫിഷറീസ് വകുപ്പിന്റെ ബോട്ട് രക്ഷപ്പെടുത്തി. മറ്റുള്ളവക്കായി ഫിഷറീസിന്റെയും കോസ്റ്റ് ഗാര്‍ഡിന്റെയും രക്ഷാബോട്ടുകള്‍ തിരച്ചില്‍ തുടരുകയാണ്. താനൂര്‍ മുതല്‍ മാറാട് വരെയുള്ള വള്ളങ്ങള്‍ ചാലിയം, ബേപ്പൂര്‍ ഹാര്‍ബറിനോട് ചേര്‍ന്ന് മത്സ്യബന്ധനത്തിന് പോകുന്നതിനായി തയ്യാറാക്കി നിര്‍ത്തിയതായിരുന്നു. ഇന്നലെ പുലര്‍ച്ചെ നാലോടെ ശക്തമായ കടല്‍ക്ഷോഭത്തിലും ഒഴുക്കിലും പെട്ട് വള്ളങ്ങള്‍ ഒഴുകിപ്പോകുകയും തകരുകയുമായിരുന്നു.
ബിച്ചുമോളാണ് മരണപ്പെട്ട ഫസലിന്റെ ഭാര്യ. ഫസ്‌ന, ജംഷീദ എന്നിവര്‍ മക്കളാണ്. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, പൊന്‍മള അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, എന്‍ അലി അബ്ദുല്ല, അബ്ദുര്‍റഹ്മാന്‍ ബാഖവി, ഷുക്കൂര്‍ സഖാഫി, സലീം അണ്ടോണ, നാസര്‍ ഹാജി ഓമച്ചപ്പുഴ സംഭവസ്ഥലം സന്ദര്‍ശിച്ചു. ബന്ധപ്പെട്ടവരെ ആശ്വസിപ്പിച്ച നേതാക്കള്‍ പ്രത്യേക പ്രാര്‍ഥന നടത്തി.