സമസ്ത: ദഅ്‌വാ ക്യാമ്പ് നാളെ

Posted on: June 25, 2013 6:00 am | Last updated: June 25, 2013 at 3:42 pm
SHARE

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴില്‍ ദഅ്‌വാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള ഏകദിന ക്യാമ്പ് നാളെ നടക്കും. പുതുയുഗത്തില്‍ ദഅ്‌വത്തിന്റെ രീതി ശാസ്ത്രം ചര്‍ച്ച ചെയ്യുന്ന ക്യാമ്പില്‍ ആധുനിക ടെക്‌നോളജി ഉപയോഗപ്പെടുത്തി സമൂഹത്തെ സമുദ്ധരിക്കുന്നതിനാവശ്യമായ കര്‍മ പദ്ധതിക്ക് രൂപം നല്‍കും.

സൈബര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്ന യുവതയെ ധര്‍മത്തിന്റെ വഴിയിലേക്ക് കൊണ്ടുവരാന്‍ ആവശ്യമായ പ്രബോധന പ്രചാരണ പരിപാടികളുടെ പ്രയോഗവത്കരണത്തെ കുറിച്ച് ക്യാമ്പ് ചര്‍ച്ച ചെയ്യും.
മുസ്‌ലിം കൈരളിയുടെ നാനോന്മുഖ പുരോഗതിക്ക് മാര്‍ഗ ദര്‍ശനം നല്‍കിയ സമസ്ത, കീഴ്ഘടകങ്ങള്‍, അതിനു കഴിഞ്ഞ കാലത്ത് നേതൃത്വം നല്‍കിയ നായകര്‍ തുടങ്ങിയവ ക്യാമ്പിലെ പഠന വിഷയങ്ങളായിരിക്കും.
കാരന്തൂര്‍ മര്‍കസ് കുതുബ്ഖാനയില്‍ നടക്കുന്ന ക്യാമ്പില്‍ എസ് വൈ എസ് ദഅ്‌വാ സമിതിയുടെ റമസാന്‍ പാക്കേജിന് കര്‍മ പദ്ധതി ചര്‍ച്ച ചെയ്ത് അന്തിമരൂപം നല്‍കും. കാലത്ത് പത്ത് മണിക്കാരംഭിക്കുന്ന ക്യാമ്പില്‍ വിവിധ സെഷനുകള്‍ക്ക് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഇ സുലൈമാന്‍ മുസ്‌ലിയാര്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, എ പി മുഹമ്മദ് മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി നേതൃത്വം നല്‍കും.
മുശാവറ നാളെ
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ നാളെ കാലത്ത് പത്ത് മണിക്ക് കാരന്തൂര്‍ മര്‍കസില്‍ ചേരും.
മുഴുവന്‍ അംഗങ്ങളും കൃത്യ സമയത്ത് സംബന്ധിക്കണമെന്ന് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അറിയിച്ചു.