മുഖ്യമന്ത്രിയെ ഫേസ്ബുക്കില്‍ പരിഹസിച്ച പോലീസുകാരന് സ്ഥലംമാറ്റം

Posted on: June 25, 2013 6:00 am | Last updated: June 25, 2013 at 3:33 pm
SHARE

oommen chandlകാഞ്ഞങ്ങാട്: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ രീതിയില്‍ ചിത്രവും കമന്റും പ്രചരിപ്പിച്ചുവെന്ന ആരോപണത്തിന് വിധേയനായ അമ്പലത്തറ സ്റ്റേഷനിലെ പോലീസുകാരനെ സ്ഥലം മാറ്റി. റൈറ്റര്‍ മധു പുതിയപുരയിലിനെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്. ചെമ്മീന്‍ സിനിമയില്‍ പരീക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മധുവിന്റെ തലക്ക് പകരം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ തലയും കറുത്തമ്മയെ അവതരിപ്പിച്ച ഷീലയുടെ തലമാറ്റി സോളാര്‍ തട്ടിപ്പ് വിവാദനായിക സരിത എസ് നായരുടെ തലയും ചേര്‍ത്താണ് ഫേസ് ബുക്കില്‍ പ്രചരിപ്പിച്ചത്.
ഇത് ഭരണപക്ഷ പോലീസ് സംഘടനാ നേതാക്കളില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇത് സംബന്ധിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍, ജില്ലാ പോലീസ് മേധാവി എസ് സുരേന്ദ്രന് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പോലീസ് ഉദ്യോഗസ്ഥന്‍ പൂര്‍ണമായും കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ കൂടുതല്‍ നടപടികളുണ്ടാകും.