Connect with us

Kozhikode

എസ് എസ് എല്‍ സി: ഉന്നത ഗ്രേഡും നൂറുമേനിയും ഉറപ്പാക്കാന്‍ വാണിമേലില്‍ കര്‍മപദ്ധതി

Published

|

Last Updated

വാണിമേല്‍: എസ് എസ് എല്‍ സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം ലക്ഷ്യമിട്ട് വാണിമേല്‍ ഗ്രാമ പഞ്ചായത്ത് കര്‍മപദ്ധതി ആവിഷ്‌കരിച്ചു. 
വിലങ്ങാട് സെന്റ് ജോര്‍ജ് എച്ച് എസ് എസ്, വെള്ളിയോട് ഗവ. എച്ച് എസ് എസ്, വാണിമേല്‍ ക്രസന്റ് എച്ച് എസ് എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. “നേടാം നമുക്ക് നൂറുമേനി” എന്നാണ് പദ്ധതിയുടെ പേര്.
പഞ്ചായത്ത് സ്‌കൂള്‍ തലങ്ങളില്‍ നടത്തുന്ന പരിപാടികള്‍ക്ക് പുറമെ പി ടി എയുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ ക്ലാസ്തല പരിശീലനങ്ങള്‍ക്കാണ് പദ്ധതി പ്രാമുഖ്യം കൊടുക്കുന്നത്.
ക്ലാസ് അധ്യാപക പരീശീലനം, രക്ഷാകര്‍തൃ ശാക്തീകരണം, പഠന ക്യാമ്പുകള്‍, മോട്ടിവേഷന്‍ ക്ലാസ്, ഗൃഹസന്ദര്‍ശനം, അഭിമുഖങ്ങള്‍, കൗണ്‍സിലിംഗ് തുടങ്ങിയ പരിപാടികള്‍ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും.
പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പ്രത്യേക പരിശീലന പരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ അദ്ധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്തും. നൂറുമേനി നേടുന്ന സ്‌കൂളുകള്‍ക്കും ക്ലാസുകള്‍ക്കും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടുന്നവര്‍ക്കും പ്രത്യേക അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പരിപാടി ജനകീയമാക്കാന്‍ ജനപ്രതിനിധികളുടെയും റിസോഴ്‌സ് ഗ്രൂപ്പ് അംഗങ്ങളുടെയും നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം, അയല്‍പ്പക്കപഠന കേന്ദ്രങ്ങള്‍ , ഹെല്‍പ് ഡസ്‌ക് എന്നിവ നടത്തും. പ്രൊജക്ടിന്റെ പ്രഖ്യാപനം ജൂലായ് എട്ടിന് വാണിമേല്‍ ക്രസന്റ് ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല നിര്‍വഹിക്കും. ജൂലായ് 16 ന് വിലങ്ങാട് വെച്ച് ലോഞ്ചിംഗും നടക്കും.
ഇതു സംബന്ധിച്ച യോഗത്തില്‍ പ്രസിഡന്റ് എന്‍ കെ മൂസ്സ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. റശീദ് കോടിയൂറ പദ്ധതി അവതരിപ്പിച്ചു. എം അബ്ദുല്ല, ടി കെ അജിത് കുമാര്‍, ജോസഫ് സെബാസ്റ്റ്യന്‍, ടി പി രാധ, ടി കെ കുമാരന്‍, കെ വി കുഞ്ഞമ്മദ്, വസന്ത കുമാരി പ്രസംഗിച്ചു. എം കെ അശോകന്‍ സ്വാഗതവും, ടി പി അമ്മദ് നന്ദിയും പറഞ്ഞു.

Latest