Connect with us

Kozhikode

ബീച്ചിലെ സന്ദര്‍ശകരുടെ സുരക്ഷ: അധികൃതര്‍ക്ക് അലംഭാവം

Published

|

Last Updated

കോഴിക്കോട്: കനത്ത മഴയെത്തുടര്‍ന്നുള്ള കടല്‍ക്ഷോഭം അപകടഭീതി പരത്തുമ്പോഴും ബീച്ചിലെ സന്ദര്‍ശകര്‍ക്ക് സുരക്ഷ നല്‍കുന്നതില്‍ അധികൃതര്‍ ആലസ്യം കാണിക്കുന്നു. കടല്‍ക്ഷോഭം കാരണം കോഴിക്കോട് ബീച്ചിന്റെ വിവിധ ഭാഗങ്ങളില്‍ തീരം വ്യാപകമായി ഇടിഞ്ഞ് അപകടഭീതി സൃഷ്ടിക്കുമ്പോള്‍ സന്ദര്‍ശകര്‍ കടലിലേക്കിറങ്ങുന്നതും പൊളിഞ്ഞുവീഴാറായ കടല്‍പ്പാലങ്ങളില്‍ കയറിനില്‍ക്കുന്നതുമെല്ലാം പതിവ് കാഴ്ചയാണ്. ഇവിടെയെത്തുന്നവരുടെ സുരക്ഷിതത്വം ഉറപ്പ്‌വരുത്താന്‍ ബാധ്യതപ്പെട്ട ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഈ നിയമലംഘനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കാലവര്‍ഷം ശക്തമാണ്. ഇത് കടല്‍ക്ഷോഭം രൂക്ഷമാകാന്‍ കാരണമായി, ഇതുകാരണം മൂന്നടിയോളം താഴ്ചയിലേക്ക് തീരം ഇടിഞ്ഞിട്ടുണ്ട്.
അപകടസാധ്യത തീര്‍ത്തും അവഗണിച്ചാണ് ആഞ്ഞടിക്കുന്ന തിരയില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്നവര്‍ കടലിലേക്ക് ഇറങ്ങി കളിക്കുന്നത്. കടല്‍ക്ഷോഭം രൂക്ഷമായതോടെ അധികൃതരും മത്സ്യത്തൊഴിലാളികളുമെല്ലാം കടലില്‍ ഇറങ്ങി കളിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും അതെല്ലാം കടല്‍ ആസ്വദിക്കാന്‍ വരുന്നവര്‍ അവഗണിക്കുകയാണ്. ആഞ്ഞടിക്കുന്ന തിരയില്‍പെട്ട് കുട്ടികളടക്കമുള്ളവര്‍ അപകടത്തില്‍പെടുന്നത് പതിവ് കാഴ്ചയായിട്ടും അധികൃതര്‍ മുന്‍കരുതലെടുക്കാത്തത് എതിര്‍പ്പിനിടയാക്കിയിട്ടുണ്ട്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ ലൈഫ് ഗാര്‍ഡുകള്‍ ബീച്ചില്‍ ഡ്യൂട്ടിയിലുണ്ടെങ്കിലും ഇത്തരക്കാരെ കര്‍ശനമായി നിയന്ത്രിക്കാന്‍ തയ്യാറാകുന്നില്ല.
ഇടിഞ്ഞുതകര്‍ന്ന് ഏതുസമയവവും അപകടമുനമ്പില്‍ നില്‍ക്കുന്ന കടല്‍പ്പാലത്തിന് മുകളില്‍ എത്ര നിരോധിച്ചിട്ടും ആളുകള്‍ കയറിനില്‍ക്കുന്നത് വലിയ അപകടം വിളിച്ചുവരുത്തും. ബീച്ചിന്റെ തെക്കും വടക്കുമായുള്ള രണ്ട് കടല്‍പ്പാലത്തിനു മുകളിലും നില്‍ക്കുന്ന ആളുകളെ തടയാനോ അപകടസാധ്യതയുള്ള സമയങ്ങളില്‍ നിരോധം ഏര്‍പ്പെടുത്താനോ ആരും ശ്രദ്ധചെലുത്തുന്നില്ല. മഴക്കാലമാകുമ്പോഴേക്കും ഓരോ ഭാഗമായി ഇടിഞ്ഞുവീഴുന്ന തരത്തിലാണ് കടല്‍പ്പാലത്തിന്റെ അവസ്ഥ. ഇതെല്ലാമറിയാവുന്ന അധികൃതരുടെ നിസ്സംഗത ബീച്ചിന്റെ സുരക്ഷിതത്വത്തില്‍ കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

---- facebook comment plugin here -----

Latest