Connect with us

Kozhikode

കൊല്ലം കോളം കടപ്പുറം കടല്‍ക്ഷോഭ ഭീതിയില്‍

Published

|

Last Updated

കൊയിലാണ്ടി: കൊല്ലം കോളം കടപ്പുറത്ത് രൂക്ഷമായ കടല്‍ക്ഷോഭം തുടരുന്നതിനാല്‍ പ്രദേശവാസികള്‍ ഭീതിയില്‍. പ്രദേശത്തെ 70 മീറ്ററോളം ഭാഗങ്ങളില്‍ കടല്‍ഭിത്തിയില്ലാത്തതിനാല്‍ തിരമാല കരയിലേക്ക് അടിച്ചുകയറുകയാണ്. ഇതുകാരണം നിരവധി കുടുംബങ്ങള്‍ ഭീതിയുടെ നടുക്കടലിലാണ്. തീരത്ത് കയറ്റിവെച്ച ഫൈബര്‍ വള്ളങ്ങളും കടല്‍ക്ഷോഭ ഭീഷണി നേരിടുകയാണ്. നിരവധി തെങ്ങുകളും കടപുഴകാവുന്ന സ്ഥിതിയിലാണ്.
സമീപ ഭാഗങ്ങളില്‍ കടല്‍ഭിത്തി കെട്ടിയെങ്കിലും ഈ പ്രദേശം തുറന്നുകിടക്കുകയാണ്. കടല്‍ഭിത്തി നിര്‍മിക്കാന്‍ നേരത്തെ പദ്ധതിയുണ്ടായിരുന്നെങ്കിലും ചില മത്സ്യത്തൊഴിലാളികളുടെ എതിര്‍പ്പ് കാരണം പ്രവൃത്തി നടന്നില്ല. ഇപ്പോള്‍ കൊയിലാണ്ടി ചുങ്കം കടപ്പുറത്ത് ഹാര്‍ബര്‍ നിര്‍മാണ ഭാഗമായുള്ള പുലിമുട്ട് പൂര്‍ത്തിയായതോടെ തിരമാലകളുടെ ശക്തി ഈ ഭാഗത്ത് കേന്ദ്രീകരിക്കപ്പെട്ടിരിക്കുകയാണെന്ന് പരിസരവാസികള്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷക്കാലത്തും രൂക്ഷമായ കടല്‍ക്ഷോഭം ഉണ്ടായതിനെ തുടര്‍ന്ന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയായിരുന്നു. കടല്‍ഭിത്തി നിര്‍മിക്കാന്‍ നടപടി സ്വീകരിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം എങ്ങുമെത്തിയില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
കടല്‍ഭിത്തി നിര്‍മിച്ച് തീരദേശ വാസികളുടെ ആശങ്ക അകറ്റണമെന്ന് എസ് വൈ എസ് കൊല്ലം യൂനിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. സി കെ അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ കരീം നിസാമി, ശംസീര്‍ അമാനി, ടി വി ഷമീര്‍, ടി കെ ഹാഷിം, പി കരീം, കെ ടി നൗഫല്‍, പി കുഞ്ഞായിന്‍ കുട്ടി, കെ കെ റഹീം പ്രസംഗിച്ചു.

Latest