മഞ്ഞപ്പറ്റ കുടിവെള്ള പദ്ധതി: തട്ടിപ്പ് അന്വേഷിക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

Posted on: June 25, 2013 8:23 am | Last updated: June 25, 2013 at 8:24 am
SHARE

കാളികാവ്: ചോക്കാട് ഗ്രാമ പഞ്ചായത്തിലെ മാളിയേക്കല്‍ മഞ്ഞപ്പെറ്റ ദളിത് കോളനിയുടെ കുടിവെള്ള പദ്ധതിയില്‍ നടന്ന ക്രമക്കേട് അന്വേഷിക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവ്. കൂരിപ്പൊയിലിലെ മംഗലശ്ശേരി അബ്ദുല്‍ അസീസിന്റെ പരാതിയിലാണ് മലപ്പുറം വിജിലന്‍സ് ഡി വൈ എസ് പിയോട് തൃശൂര്‍ പ്രത്യേക വിജിലന്‍സ് കോടതി ഉത്തരവിട്ടത്.
ജില്ലാപഞ്ചായത്തിന്റെ 4,60,000 രൂപ ചിലവഴിച്ച് 2011-12 ലാണ് കുടിവെള്ള പദ്ധതി നിര്‍മാണം പൂര്‍ത്തിയാക്കിയത്. പദ്ധതിക്ക് വേണ്ടി പറഞ്ഞിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി ലംഘിച്ച് ഫണ്ട് തട്ടിയെടുത്തു എന്നായിരുന്നു പരാതി. ചോക്കാട് ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍, സബ്ഡിവിഷണല്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ജില്ലാപഞ്ചായത്ത് അംഗം പി ഖാലിദ് മാസ്റ്റര്‍, ചോക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുല്‍ ഹമീദ്, പദ്ധതി കണ്‍വീനര്‍ കുമാരമംഗലത്ത് വേലായുധന്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടുള്ളത്. 1,32,952 രൂപ വിനിയോഗിച്ച് 15 റിംഗുകള്‍ ഇറക്കി മുകള്‍ ഭാഗം രണ്ട് മീറ്റര്‍ ഉയരത്തില്‍ ആള്‍മറകെട്ടിത്തിരിക്കണമെന്ന നിര്‍ദ്ദേശം നടപ്പിലാക്കുന്നതിന് പഴയകിണര്‍ രേഖയില്‍ കാണിച്ച് ഫണ്ട് തട്ടിയെടുത്തു എന്നാണ് പ്രധാന പരാതി.
ഗുണ മേന്മയുള്ള പൈപ്പുകള്‍ പദ്ധതിക്ക് വേണ്ടി വിനിയോഗിക്കണമെന്ന നിര്‍ദ്ദേശവും നടപ്പിലാക്കിയിട്ടില്ല എന്നും ഈ വകയില്‍ ഒരു ലക്ഷം രൂപ തട്ടിയെടുത്തു എന്നും ആരോപണമുണ്ട്.
പദ്ധതിക്ക് വേണ്ടി 21 പുതിയ ടാപ്പുകള്‍ സ്ഥാപിക്കണമെന്ന നിര്‍ദ്ദേശവും പൂര്‍ണമായി നടപ്പിലാക്കിയിട്ടില്ല. ആകെയുള്ള 4,60,000 രൂപയില്‍ നിന്ന് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ജില്ലാപഞ്ചായത്ത് അംഗവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കണ്‍വീനറും രണ്ടര ലക്ഷം തട്ടിയെടുത്തു എന്നാണ് പരാതി.
സെപ്തംബര്‍ 30നകം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് കോടതി ഡി വൈ എസ് പി യോട് ഉത്തരവിട്ടിട്ടുണ്ട്. അഴിമതി നിരോധന നിയമപ്രകാരം പ്രതികള്‍ക്കെതിരെ കേസെടുക്കണമെന്ന് പരാതിക്കാരന്‍ കോടതിയോട് ബോധിപ്പിച്ചിട്ടുണ്ട്.
പദ്ധതിയുടെ ഉദ്ഘാടനം കോളനിക്കാര്‍ പോലും അറിയാതെ തകൃയായിട്ടാണ് നടത്തിയത്. പഴയ കിണറിന്റെ തൂണില്‍ ഫലകം ആണികൊണ്ട് അടിച്ച് നിര്‍ത്തിയിരിക്കുകയാണ്. കുടിവെള്ള പദ്ധതിയില്‍ നിന്ന് കോളനിക്കാര്‍ക്ക് എല്ലാവര്‍ക്കും വെള്ളം കിട്ടുന്നില്ലെന്ന പാരാതിയുമുണ്ട്. ഉദ്ഘാടനം നടക്കുന്ന ഘട്ടത്തില്‍ നേരിയതോതില്‍ സംഘര്‍ഷവും ഉണ്ടായിരുന്നു. പദ്ധതിയില്‍ ക്രമക്കേട് നടന്നു എന്നാരോപിച്ച് സി പി എം, ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ സമരം ചെയ്യുകയും ചെയ്തിരുന്നു.