Connect with us

Malappuram

കാളികാവില്‍ നാല് വയസ്സുകാരിക്ക് അപൂര്‍വ രോഗം

Published

|

Last Updated

കാളികാവ്: പകര്‍ച്ചപ്പനി വ്യാപകമാകുന്നതിനിടെ അഞ്ചച്ചവിടി സ്‌കൂളിനടുത്ത് ബാലികക്ക് അപൂര്‍വ രോഗവും. ഗില്ലന്‍ബാരി സിന്‍ഡ്രോം ബാധിച്ച പെണ്‍കുട്ടിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് വയസും ഏഴ് മാസവും പ്രായമായ കുട്ടിക്ക് പേശീ തളര്‍ച്ച കാരണം ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് നാല് ദിവസം മുമ്പാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പനി ബാധിക്കുന്നവരില്‍ അപൂര്‍വമായി കാണപ്പെടുന്ന കൈകാല്‍ തളര്‍ച്ചയാണ് രോഗം. ഡെങ്കിപ്പനി ബാധിത പ്രദേശങ്ങളിലാണ് സാധാരണ ഇത്തരം അസുഖങ്ങള്‍ കാണാറുള്ളതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. അഞ്ചച്ചവിടിയിലെ അസുഖം ബാധിച്ചകുട്ടിക്ക് കഴിഞ്ഞ ബുധനാഴ്ച പനി പിടിച്ചിരുന്നു. മരുന്നുകള്‍ കഴിച്ചതോടെ അസുഖം ഭേദമായിരുന്നുവെങ്കിലും പെട്ടന്ന് തന്നെ കൈകാലുകള്‍ക്ക് തളര്‍ച്ച അനുഭവപ്പെടുകയായിരുന്നു.
മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബാലികയെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ ശ്വാസകോശങ്ങളുടെ പേശികള്‍ക്കും ബലക്ഷയം സംഭവിച്ചിട്ടുണ്ട്. ജില്ലയിലെ പെരിന്തല്‍മണ്ണ, മുന്നിയൂര്‍ ഭാഗങ്ങളില്‍ ഈയിടെയായി ഗില്ലന്‍ബാരി സിന്‍ഡ്രോം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാളികാവ് സി എച്ച് സിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി മുഹമ്മദലി, ജെ എച്ച്‌ഐമാരായ പ്രമോദ്, ഇന്ദുലാല്‍, ജെ പി എച്ച് എന്‍ മറിയാമ്മ എന്നിവര്‍ സന്ദര്‍ശിച്ചു.
പകര്‍ച്ചപ്പനിയുടെ തീവ്രതയാണ് ഗില്ലന്‍ബാരി സിന്‍ഡ്രോം എന്ന രോഗത്തിന്റെ സാന്നിധ്യം കാണിക്കുന്നതെന്ന് ജില്ലാ റീപ്രൊഡക്ട് ആന്റ് ചൈല്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ റോസ് മേരി പറഞ്ഞു.

 

Latest